image

4 Jan 2026 2:32 PM IST

Power

നവംബറില്‍ ഇന്ത്യയുടെ കല്‍ക്കരി ഇറക്കുമതി വര്‍ധിച്ചു; ആഭ്യന്തര ഉല്‍പ്പാദനത്തിന് എന്തുപറ്റി?

MyFin Desk

നവംബറില്‍ ഇന്ത്യയുടെ കല്‍ക്കരി ഇറക്കുമതി വര്‍ധിച്ചു;   ആഭ്യന്തര ഉല്‍പ്പാദനത്തിന് എന്തുപറ്റി?
X

Summary

ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിക്കുന്നതിനാല്‍ കല്‍ക്കരി ഇറക്കുമതി വരും മാസങ്ങളില്‍ കുറയുമെന്നും വ്യവസായ ഡാറ്റ


നവംബറില്‍ 28.1 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയ ഇന്ത്യയുടെ കല്‍ക്കരി ഇറക്കുമതി വരും മാസങ്ങളില്‍ കുറയുമെന്ന് വ്യവസായ ഡാറ്റ സൂചിപ്പിക്കുന്നു. ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിക്കുന്നതിനാല്‍ ഇത് വരും മാസങ്ങളില്‍ കുറയുമെന്ന് പ്രതീക്ഷിക്കുന്നു.

2024 നവംബറില്‍ ഇറക്കുമതി ചെയ്ത 19.57 മില്യണ്‍ ടണ്ണില്‍ നിന്ന് നവംബറിലെ ഇറക്കുമതി 25.07 മില്യണ്‍ ടണ്ണായി ഉയര്‍ന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

'ഉരുക്ക് കമ്പനികള്‍ ശൈത്യകാലത്ത് വീണ്ടും സംഭരണം നടത്തിയതിനാല്‍ നവംബറില്‍ അളവില്‍ വര്‍ദ്ധനവുണ്ടായി. എങ്കിലും, വരും മാസങ്ങളില്‍ ആഭ്യന്തര ലഭ്യത വര്‍ദ്ധിച്ചതിനാല്‍ ഇറക്കുമതിയില്‍ കുറവുണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,' എംജംഗ്ഷന്‍ എംഡിയും സിഇഒയുമായ വിനയ വര്‍മ്മ പറഞ്ഞു.

നവംബറിലെ മൊത്തം ഇറക്കുമതിയില്‍, കോക്കിംഗ് ഇതര കല്‍ക്കരി ഇറക്കുമതി 14.28 മില്യണ്‍ ടണ്‍ ആയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നവംബറില്‍ ഇറക്കുമതി ചെയ്ത 12.32 മില്യണ്‍ ടണ്ണിനെ അപേക്ഷിച്ച് ഇത് കൂടുതലാണ്.

കഴിഞ്ഞമാസം കോക്കിങ് കല്‍ക്കരി ഇറക്കുമതി 6.51 മെട്രിക് ടണ്ണായി.കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 4.25 മെട്രിക് ടണ്ണായിരുന്നു.

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-നവംബര്‍ കാലയളവില്‍ കല്‍ക്കരി ഇറക്കുമതി 186.16 മില്യണ്‍ ടണ്ണായി വര്‍ദ്ധിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവില്‍ ഇത് 182.02 മില്യണ്‍ ടണ്‍ ആയിരുന്നു.

ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിക്കുന്നുണ്ട്. എങ്കിലും നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍-നവംബര്‍ കാലയളവില്‍ കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ (സിഐഎല്‍) കല്‍ക്കരി ഉല്‍പ്പാദനം 3.7 ശതമാനം ഇടിഞ്ഞ് 453.5 മില്യണ്‍ ടണ്ണായി.

ആഭ്യന്തര കല്‍ക്കരി ഉല്‍പാദനത്തിന്റെ 80 ശതമാനത്തിലധികവും നല്‍കുന്ന കോള്‍ ഇന്ത്യ ലിമിറ്റഡ്, കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 471 മില്യണ്‍ ടണ്‍ ഫോസില്‍ ഇന്ധനം ഉത്പാദിപ്പിച്ചു.

2025-26 സാമ്പത്തിക വര്‍ഷത്തില്‍ 875 മില്യണ്‍ ടണ്‍ ഉത്പാദനവും 900 മില്യണ്‍ ടണ്‍ ഓഫ്‌ടേക്കുമാണ് കമ്പനി ലക്ഷ്യമിടുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം 875 മില്യണ്‍ ടണ്‍ ഉല്‍പാദന ലക്ഷ്യം കൈവരിക്കുമെന്ന് കോള്‍ ഇന്ത്യ ലിമിറ്റഡ് നേരത്തെ പറഞ്ഞിരുന്നു.