30 Oct 2026 12:28 PM IST
Summary
നവംബര്‍ 1 മുതല്‍ കേരളത്തിനുള്ള വൈദ്യുതി ഹിമാചല്‍ നിര്‍ത്തുമെന്നാണ് സൂചന. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ വൈകുന്നേരങ്ങളില്‍ സംസ്ഥാനം വീണ്ടും ഇരുട്ടിലാകും
സംസ്ഥാനത്ത് വീണ്ടും ലോഡ്ഷെഡിംഗിന് സാധ്യത. നവംബര്‍ 1 മുതല്‍ വൈകുന്നേരം 6 മണിക്ക് ശേഷം വൈദ്യുതി നിയന്ത്രണം വന്നേക്കും. യുഡിഎഫ് സര്‍ക്കാര്‍ വന്നതിന് ശേഷം ഇത് മൂന്നാം തവണയാണ് കേരളം ഇരുട്ടിലാകുന്നത്. ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള ഫയലില്‍ സര്‍ക്കാര്‍ ഒപ്പിടാന്‍ വൈകിയതാണ് പുതിയ പ്രതിസന്ധിക്ക് കാരണം.
കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. നവംബര്‍ 1 മുതല്‍ പീക്ക് സമയത്ത് 900 മെഗാവാട്ടിന്റെ കുറവുണ്ടാകും. ഇപ്പോള്‍ തന്നെ ഉപയോഗം 4,900 മെഗാവാട്ടാണ്. വരള്‍ച്ച കാരണം ഇത് 5,500 മെഗാവാട്ട് വരെ ഉയരും. എന്നാല്‍ നമുക്ക് കിട്ടാനുള്ളത് വെറും 4,200 മെഗാവാട്ട് മാത്രം. അധിക വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബി ആവശ്യപ്പെട്ടെങ്കിലും കമ്മീഷന്‍ പകുതി മാത്രമേ അനുവദിച്ചുള്ളൂ.
ഹിമാചലില്‍ നിന്ന് വൈദ്യുതി കിട്ടിയതുകൊണ്ടാണ് കഴിഞ്ഞ ലോഡ്ഷെഡിംഗ് മാറിയത്. യൂണിറ്റിന് 14.50 രൂപയ്ക്ക് 1200 മെഗാവാട്ട് വരെ തരാന്‍ അവര്‍ തയ്യാറായിരുന്നു. ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ 12.50 രൂപയ്ക്ക് കിട്ടുമായിരുന്നുവെന്ന് കെഎസ്ഇബി പറയുന്നു. എന്നാല്‍ നവംബര്‍ മുതല്‍ മേയ് വരെയുള്ള കരാര്‍ ഫയല്‍ 22 ദിവസമായി സര്‍ക്കാരിന്റെ മേശപ്പുറത്ത് കിടക്കുകയാണ്.
ഈ താമസമാണ് ഇപ്പോള്‍ പണിയാകുന്നത്. നമ്മള്‍ വൈകിയതോടെ രാജസ്ഥാന്‍ ഹിമാചലിനെ സമീപിച്ചു. അവര്‍ 15.50 രൂപ നല്‍കാന്‍ തയ്യാറാണ്. അതോടെ നവംബര്‍ 1 മുതല്‍ കേരളത്തിനുള്ള വൈദ്യുതി ഹിമാചല്‍ നിര്‍ത്തുമെന്നാണ് സൂചന. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ വൈകുന്നേരങ്ങളില്‍ സംസ്ഥാനം വീണ്ടും ഇരുട്ടിലാകും.
പഠിക്കാം & സമ്പാദിക്കാം
Home
