image

12 July 2023 3:12 PM IST

Industries

പിവിആര്‍ ഐനോക്‌സ് ഓഹരിക്ക് നേട്ടം

MyFin Desk

പിവിആര്‍ ഐനോക്‌സ് ഓഹരിക്ക് നേട്ടം
X

Summary

  • ജുലൈ 12ന് വ്യാപാരത്തിനിടെ 0.23 ശതമാനം ഉയര്‍ന്ന് 1,429.70 രൂപയിലെത്തി
  • കമ്പനിക്ക് ഇപ്പോള്‍ 144 നഗരങ്ങളിലായി 16,697 സ്‌ക്രീനുകളാണുള്ളത്
  • പിവിആര്‍ ഐനോക്‌സിന്റെ വരുമാനത്തില്‍ 2.5 മടങ്ങ് വളര്‍ച്ചയുണ്ടായി


സിനിമാശാലകളിലെ ഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും ചരക്ക് സേവന നികുതി (ജിഎസ്ടി) 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി ജിഎസ്ടി കൗണ്‍സില്‍ വെട്ടിക്കുറച്ചതിന്റെ അടിസ്ഥാനത്തില്‍ പിവിആര്‍ ഐനോക്‌സ് (PVR INOX) ഓഹരി നേട്ടമുണ്ടാക്കി. പിവിആര്‍ ഐനോക്‌സിന്റെ മൊത്തം വരുമാനത്തിന്റെ 30 ശതമാനവും ഫുഡ് ആന്‍ഡ് ബിവറേജസ് വില്‍പ്പനയിലൂടെയാണെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് പറഞ്ഞു.

ഫുഡ് ആന്‍ഡ് ബിവറേജസിന്റെ ജിഎസ്ടി വെട്ടിക്കുറച്ചത് പിവിആര്‍ ഐനോക്‌സിലെ വില്‍പ്പനയെ സഹായിക്കുമെന്നാണു കരുതുന്നത്.

എന്‍എസ്ഇയില്‍ ജുലൈ 12ന് രാവിലെ 10.53ന് പിവിആര്‍ ഐനോക്‌സ് ഓഹരികള്‍ വ്യാപാരത്തിനിടെ 0.23 ശതമാനം ഉയര്‍ന്ന് 1,429.70 രൂപയിലെത്തിയിരുന്നു.

പിവിആര്‍ ഐനോക്‌സ് ജുലൈ ഏഴിന് ഡല്‍ഹിയിലെ പസഫിക് സിറ്റി മാളില്‍ 10 സ്‌ക്രീനുകളും അഹമ്മദാബാദിലെ സത്യമേവ് എംപോറിയോയില്‍ അഞ്ച് സ്‌ക്രീനുകളും തുറന്നു. കമ്പനിക്ക് ഇപ്പോള്‍ 144 നഗരങ്ങളിലായി 16,697 സ്‌ക്രീനുകളാണുള്ളത്.

പിവിആര്‍ ഐനോക്‌സിന്റെ വരുമാനത്തില്‍ 2.5 മടങ്ങ് വളര്‍ച്ചയുണ്ടായി. 2023 സാമ്പത്തികവര്‍ഷത്തില്‍ വരുമാനം 3,829 കോടി രൂപയിലെത്തി. ഇതേ കാലയളവില്‍ നഷ്ടത്തില്‍ 34 ശതമാനത്തിന്റെ കുറവും ഉണ്ടായി.

സിനിമാ ടിക്കറ്റിനു നല്‍കുന്നതിലധികം തുക സിനിമയുടെ ഇന്റര്‍വെല്ലിനിടെ വാങ്ങുന്ന സോഫ്റ്റ്ഡ്രിങ്കിനും ചായക്കും സ്‌നാക്‌സിനും നല്‍കേണ്ടി വരുന്നു എന്നൊരു പരാതി ഏറെക്കാലമായി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ആശ്വാസത്തിന് വക നല്‍കുന്നതാണു ജിഎസ്ടി കൗണ്‍സിലിന്റെ ജുലൈ 11-ലെ തീരുമാനം. സിനിമാ ഹാളുകളില്‍ വില്‍ക്കുന്ന ഭക്ഷണ പാനീയങ്ങളുടെ നികുതി നിരക്ക് കുറയ്ക്കാനുള്ള തീരുമാനത്തെ മള്‍ട്ടിപ്ലക്സ് ഓപ്പറേറ്റര്‍മാരും സ്വാഗതം ചെയ്യുകയാണ്. ഇത് കോവിഡിന് ശേഷം തിയേറ്റര്‍ ബിസിനസ്സിനെ പൂര്‍ണമായ തോതില്‍ പുനരുജ്ജീവിപ്പിക്കുന്നതിന് സഹായകരമാകുമെന്നാണ് അവര്‍ പറയുന്നത്.

തിയേറ്ററുകളിലെ ഭക്ഷണ പാനീയങ്ങള്‍ക്ക് ഈടാക്കുന്ന നികുതി 18 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറയ്ക്കാനാണ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനമെടുത്തത്. സിനിമാ പ്രദര്‍ശന വ്യവസായത്തിന്റെ വരുമാനത്തിലെ ഒരു പ്രധാന സ്രോതസ്സാണ് ഭക്ഷണ പാനീയങ്ങളുടെ വില്‍പ്പന. മള്‍ട്ടിപ്ലക്‌സുകളെ സംബന്ധിച്ചിടത്തോളം അവരുടെ വരുമാനത്തിന്റെ 30 ശതമാനം വരെ ഈ വിഭാഗത്തില്‍ നിന്നാണു വരുന്നത്.

'സിനിമാശാലകളില്‍ ഭക്ഷണപാനീയങ്ങള്‍ വില്‍ക്കുന്നത് റസ്റ്റോറന്റ് സര്‍വീസ് എന്നതിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുമെന്നും അതിനാല്‍ ഓരോ വിഭവത്തിനും 5 ശതമാനം ജിഎസ്ടി ആണ് ചുമത്തുകയെന്നുമാണ് (ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ഇല്ലാതെ) ജിഎസ്ടി കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുള്ളത്. നികുതി വ്യവസ്ഥയില്‍ വ്യക്തത വരുത്തിയ നീക്കത്തെ മുഴുവന്‍ സിനിമാ വ്യവസായവും സ്വാഗതം ചെയ്യുന്നു,' പിവിആര്‍ ഐനോക്‌സ് ലിമിറ്റഡ് സിഎഫ്ഒ നിതിന്‍ സൂദ് പറഞ്ഞു.

2020 ല്‍ കൊറോണ മഹാമാരി പടര്‍ന്നു പിടിച്ചതു മുതല്‍ തുടര്‍ച്ചയായ അടച്ചിടലാണ് തിയറ്റര്‍ വ്യവസായം നേരിടേണ്ടി വന്നത്. ഇടയ്ക്ക് രോഗവ്യാപനം കുറഞ്ഞ ഘട്ടത്തില്‍ നിയന്ത്രണങ്ങളോടെ തിയറ്ററുകള്‍ തുറന്നെങ്കിലും വീണ്ടും അടക്കേണ്ട സാഹചര്യമുണ്ടായി. 2022 മാര്‍ച്ച് മുതലാണ് രാജ്യത്തെ തിയറ്ററുകള്‍ക്ക് 100 ശതമാനം ശേഷി പ്രേക്ഷകര്‍ക്കായി വിന്യസിച്ചുകൊണ്ട് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചത്. ഇക്കാലത്തിനിടെ പല തിയറ്ററുകളും സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട് അടച്ചുപൂട്ടപ്പെട്ടു. പ്രേക്ഷകര്‍ പ്രതീക്ഷ അര്‍പ്പിച്ച പല ചിത്രങ്ങളും ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്യുകയും ചെയ്തു. കൊറോണ കാലം പ്രേക്ഷകരുടെ അഭിരുചികളിലും സിനിമാസ്വാദന രീതികളിലും വരുത്തിയ മാറ്റവും തിയറ്റര്‍ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വലിയ അഭിപ്രായം കരസ്ഥമാക്കുകയോ വലിയ ക്യാന്‍വാസില്‍ വമ്പന്‍ മുതല്‍ മുടക്കും പ്രചാരണവും നടത്തി എത്തുന്ന ചിത്രങ്ങളോ മാത്രമേ പ്രേക്ഷകരെ തിയറ്ററുകളിലെത്തിക്കുന്നുള്ളൂ.