image

11 Jan 2023 9:30 AM GMT

Industries

ആഢംബര വീടുകള്‍ക്ക് പ്രിയമേറെ; റിയല്‍ എസ്റ്റേറ്റ് മേഖല പഴയ പ്രതാപത്തിലേക്ക്

MyFin Bureau

real estate sector luxuary house demand
X

Summary

  • നിലവിലുള്ള കണക്കുപ്രകാരം നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെ ബുക്കിംഗ് താരതമ്യേന കുറവാണ്. 100 ശതമാനം പണി പൂര്‍ത്തിയായിട്ടുള്ള വീടുകള്‍ വാങ്ങാനാണ് ആളുകള്‍ താല്‍പ്പര്യപ്പെടുന്നത്. അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയില്‍ നിക്ഷേപിക്കാന്‍ ബില്‍ഡര്‍മാര്‍ക്കും ഉത്സാഹമായതായി ക്രെഡായ് സംസ്ഥാന പ്രസിഡന്റ് രവി ജേക്കബ് മൈഫിന്‍ പോയ്ന്റിനോട് പറഞ്ഞു


കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയില്‍നിന്നു സംസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റ് മേഖല തിരിച്ചുകയറുന്നു. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പഴയ പ്രതാപത്തിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിലാണ് ഈ രംഗം. കേരളത്തിലെ പുതിയ മാറ്റങ്ങളാണ് റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വളര്‍ച്ചയ്ക്ക് സഹായകമായത്. ജനങ്ങള്‍ക്ക് റിയല്‍ എസ്റ്റേറ്റിനോടുള്ള താല്‍പ്പര്യവും വിശ്വാസും കൂടിയതോടെ വലിയ തരത്തിലുള്ള പുരോഗതി കേരളത്തിനും റിയല്‍ എസ്റ്റേറ്റ് മേഖലയക്കും ഉണ്ടായി. അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയില്‍ നിക്ഷേപിക്കാന്‍ ബില്‍ഡര്‍മാര്‍ക്കും ഉത്സാഹമായതായി ക്രെഡായ് സംസ്ഥാന പ്രസിഡന്റ് രവി ജേക്കബ് മൈഫിന്‍ പോയ്ന്റിനോട് പറഞ്ഞു.

''ആകര്‍ഷകമായ നിരവധി സ്‌കീമുകള്‍ ബില്‍ഡര്‍ ഗ്രൂപ്പുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിനാല്‍ അവര്‍ക്കും സന്തോഷമാണ്. പേപ്പര്‍ വര്‍ക്കുകളും ഡിജിറ്റല്‍ യുഗത്തിലേക്കു മാറിയതിനാല്‍ ബ്യൂറോക്രാറ്റിക് തടസ്സങ്ങളും ഒഴിവായി. ഭവനരംഗത്ത് ഡിമാന്‍ഡ് ഉയരുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ പ്രതീക്ഷയിലാണ് ഈ മേഖല. 2022 അവസാനത്തോടെ നല്ലരീതിയിലുള്ള കച്ചവടമാണ് നടന്നിരിക്കുന്നത്. ദുരിതകാലം കഴിഞ്ഞതോടെ റിയല്‍ എസ്റ്റേറ്റിന്റെ ഡിമാന്റും വര്‍ധിച്ചു. കഴിഞ്ഞ രണ്ടുമൂന്നു മാസങ്ങളിലായാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന ഉണ്ടായിരിക്കുന്നത്,'' രവി ജേക്കബ് പറഞ്ഞു.

നിലവിലുള്ള കണക്കുപ്രകാരം നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെ ബുക്കിംഗ് താരതമ്യേന കുറവാണ്. 100 ശതമാനം പണി പൂര്‍ത്തിയായിട്ടുള്ള വീടുകള്‍ വാങ്ങാനാണ് ആളുകള്‍ താല്‍പ്പര്യപ്പെടുന്നത്. കുറച്ചുകാലം മുമ്പുവരെ അങ്ങനെയായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കണ്‍സ്ട്രക്ഷന്‍ ഒക്കെ തുടങ്ങി ഏകദേശം ഒരു ധാരണയായാല്‍ മാത്രമാണ് ബുക്കിംഗ് നടക്കുന്നത് എന്നത് ഈ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇപ്പോഴത്തെ കണക്കനുസരിച്ച് എന്‍ആര്‍ഐ വില്‍പ്പനയും കുറവാണ്.

പ്രൊജക്ടുകള്‍ കുറവാണെങ്കിലും വില്‍പ്പനയില്‍ വന്ന വര്‍ധനവ് വളരെയധികം ഗുണം ചെയ്തിട്ടുണ്ട്. നിര്‍മ്മാണ സാമഗ്രികള്‍ക്കു വിലകൂടിയതോടെ 30 ശതമാനത്തോളം വിലവര്‍ധനവും ഈ രംഗത്തുണ്ടായിട്ടുണ്ട്. അതിന്റെ ബുദ്ധിമുട്ടുകളുണ്ടെങ്കിലും വില്‍പ്പന ഉയരുമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.

ആഢംബര വീടുകള്‍ക്ക് പ്രിയം

നിലവില്‍ സംസ്ഥാനത്ത് ആഢംബര വീടുകള്‍ക്ക് പ്രിയമേറിയിട്ടുണ്ട്. ആഢംബര വീടുകളുടെ നിര്‍മ്മാണം കുറവാണെങ്കിലും ആവശ്യക്കാരേറെയുണ്ട്. ചെറിയ ബജറ്റ് വീടുകള്‍ക്കും ഇടത്തരം വീടുകള്‍ക്കും നല്ലരീതിയില്‍ വില്‍പ്പന നടക്കുന്നുണ്ടെങ്കിലും ഇത്തരം വീടുകള്‍ കേരളത്തിലെ ജനങ്ങള്‍ വലിയതോതില്‍ ഇഷ്ടപ്പെടുന്നില്ല എന്ന് രവി ജേക്കബ് പറഞ്ഞു.

ചെറിയ ബജറ്റില്‍ ഒരുക്കുന്ന രണ്ട് ബെഡ്‌റൂം വീടുകള്‍ക്ക് ആവശ്യക്കാര്‍ വളരെ കുറവാണ്. ഇത്തരം വീടുകള്‍ക്ക് കേരളത്തിന് പുറത്താണ് ഡിമാന്റ്. നിര്‍മ്മാണ ചെലവ് വര്‍ധിച്ചതിനാല്‍ ചെറിയ ബജറ്റ് വീടുകള്‍ക്ക് വില വരുന്നത് 45-75 ലക്ഷം രൂപയാണ്. ഇടത്തരം വീടുകള്‍ക്ക് വരുന്ന തുക 60 ലക്ഷം മുതല്‍ ഒരു കോടിവരെയാണ്. അതുപോലെ ആഢംബര വീടുകള്‍ക്കാകട്ടെ ഒന്നര കോടി തൊട്ട് നാല് കോടി വരെ വില വരുന്നുണ്ട്.

കൊവിഡ് കാലം കഴിഞ്ഞതോടെ കൊമേഷ്യല്‍ ബില്‍ഡിങ്ങുകള്‍ക്കും ഡിമാന്റ് വര്‍ധിച്ചിട്ടുണ്ട്. കൊവിഡ് സമയം വീട്ടില്‍ നിന്നു തന്നെ വര്‍ക്ക് ചെയ്യുന്ന സ്ഥിതിയില്‍ നിന്നും ഇപ്പോള്‍ വീണ്ടും ഓഫീസ് ബില്‍ഡിങ്ങിലേക്ക് മാറിയതോടെ ഈ മേഖല മെച്ചപ്പെട്ടിട്ടുണ്ട്. കൂടാതെ ചെറിയ സ്ഥാപനങ്ങളും മാളുകളും കൂടിവരുന്നുണ്ട്. ഇതിനോടൊപ്പം റിലയന്‍സ്, കെഎഫ്‌സി തുടങ്ങി പല ബ്രാന്റുകളും ഒരുപാട് സിറ്റികളിലേക്ക് വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനായി ചുരുങ്ങിയ സ്‌ക്വയര്‍ഫീറ്റിലുള്ള ബില്‍ഡിങ്ങുകളും നോക്കുന്നുണ്ട്. ഇതും റിയല്‍ എസ്റ്റേറ്റ് മേഖലയക്ക് സഹായകമാണ്.

വില്‍പ്പനയില്‍ തിരുവനന്തപുരം മുന്നില്‍

വളര്‍ച്ചയുടെ കാര്യത്തില്‍ കൊച്ചിയാണ് മുന്നില്‍നില്‍ക്കുന്നതെങ്കില്‍ ഇപ്പോള്‍ വില്‍പ്പനയുടെ കാര്യത്തില്‍ തിരുവനന്തപുരമാണ് മുന്നില്‍. കോഴിക്കോടും തൃശൂരും നല്ലരീതിയില്‍ മുന്നോട്ടുപോകുന്നുണ്ട്. എന്നാല്‍ കോട്ടയം റിയല്‍ എസ്റ്റേറ്റ് മേഖലയുടെ കാര്യത്തില്‍ പിന്നിലാണ്.