image

27 May 2023 3:34 PM GMT

Realty

വൈറ്റ്ഫീല്‍ഡില്‍ ഓഫീസ് ആവശ്യം ഉയരുന്നു; വാടക 8-10 ശതമാനം ഉയരും

MyFin Desk

വൈറ്റ്ഫീല്‍ഡില്‍ ഓഫീസ് ആവശ്യം  ഉയരുന്നു; വാടക 8-10 ശതമാനം ഉയരും
X

Summary

  • ബെംഗളൂരുവിലെ രണ്ടാമത്തെ വലിയ ഓഫീസ് മാര്‍ക്കറ്റാണ് വൈറ്റ്ഫീല്‍ഡ്
  • മെട്രോ ആരംഭിച്ചതോടെ വൈറ്റ് ഫീല്‍ഡില്‍ വാടകയും വില്‍പ്പനയും കൂടി
  • കോവര്‍ക്കിംഗ് ഓപ്പറേറ്റര്‍മാര്‍ക്കും ഓഫീസ് സ്ഥലത്തിന്റെ ആവശ്യകത വര്‍ദ്ധിക്കും


മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുള്ള ബെംഗളൂരുവിലെ പ്രധാന സ്ഥലമായ വൈറ്റ്ഫീല്‍ഡില്‍ ഓഫീസുകളുടെ ആവശ്യകത കുത്തനെ ഉയരാന്‍ സാധ്യതയെന്ന് റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് കോളിയേഴ്‌സ് പറയുന്നു.

ആവശ്യകത ഉയരുമ്പോള്‍ അവയുടെ വാടക അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ എട്ട് മുതല്‍ പത്ത് ശതമാനം വരെ ഉയരുമെന്നും അവര്‍ വ്യക്തമാക്കുന്നു.

'ബെംഗളൂരു മെട്രോ റെയില്‍: കീ ഓഫീസ് മാര്‍ക്കറ്റ് ഇംപാക്ട്'' എന്ന കോളിയേഴ്‌സിന്റെ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്.

ബൈയപ്പനഹള്ളി-വൈറ്റ്ഫീല്‍ഡ് മെട്രോ പദ്ധതി ഈ വര്‍ഷം പകുതിയോടെ പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാകുമെന്നതിനാല്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ പ്രദേശത്തെ ഓഫീസ് സ്ഥലങ്ങളുടെ വാടക കുത്തനെ ഉയരുമെന്നാണ് അവരുടെ കണ്ടെത്തല്‍.

വാടകയിലെ വളര്‍ച്ച കോര്‍പ്പറേറ്റുകളില്‍ നിന്നുള്ള മൊത്തത്തിലുള്ള ഡിമാന്‍ഡിനെയും മറ്റുള്ളവയില്‍ നിന്നുള്ള മാക്രോ-ഇക്കണോമിക് ഘടകങ്ങളെയും ആശ്രയിച്ചിരിക്കും.

ബെംഗളൂരുവിലെ രണ്ടാമത്തെ വലിയ ഓഫീസ് മാര്‍ക്കറ്റായ വൈറ്റ്ഫീല്‍ഡില്‍ ഏകദേശം 40.4 ദശലക്ഷം ചതുരശ്ര അടി ഓഫീസ് സ്‌പേസുകളാണ് ഉള്ളത്. കഴിഞ്ഞ കലണ്ടര്‍ വര്‍ഷത്തിന്റെ അവസാനത്തില്‍ ഒഴിവുകളുടെ അളവ് 17.2 ശതമാനമാണ്.

2023 മാര്‍ച്ചില്‍ ഭാഗികമായി പ്രവര്‍ത്തനക്ഷമമായ വൈറ്റ്ഫീല്‍ഡിലേക്കുള്ള മെട്രോ ലൈന്‍ വൈറ്റ്ഫീല്‍ഡിന്റെ ടെക്‌നോളജി ഹബ്ബിനെ നഗരത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കും. 2011-16 കാലയളവിനെ അപേക്ഷിച്ച് മെട്രോ പദ്ധതിയുടെ നിര്‍മ്മാണം ആരംഭിച്ചതോടെ വൈറ്റ് ഫീല്‍ഡിലെ ഓഫീസ് സ്‌പേസുകളുടെ വാര്‍ഷിക വിതരണം പത്ത് ശതമാനം ഉയര്‍ന്നിട്ടുള്ളതായി റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു.

മുന്‍കാലങ്ങളെ അപേക്ഷിച്ച് മെട്രോ നിര്‍മ്മാണ ഘട്ടത്തില്‍ തന്നെ ഇവിടുത്തെ ഓഫീസ് സ്‌പേസുകളുടെ വാടകയോ പാട്ടത്തുകയോ 18 ശതമാനത്തോളം വര്‍ധിച്ചിരുന്നു.

സിബിഡിയില്‍ (സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റ്) മെട്രോ പ്രോജക്റ്റ് നിര്‍മ്മാണം മുതല്‍ കഴിഞ്ഞ 12 വര്‍ഷമായി, മൊത്തം പാട്ടത്തിന്റെ 64 ശതമാനവും മെട്രോ പ്രവര്‍ത്തന ഘട്ടത്തിലാണ് ഉയര്‍ന്നത്.

കൂടാതെ, മെട്രോയുടെ മെച്ചപ്പെട്ട കണക്റ്റിവിറ്റി പ്രതീക്ഷിച്ചതിന്റെ ഫലമായി സിബിഡിയിലെ ഓഫീസ് വിതരണം നിര്‍മ്മാണ ഘട്ടത്തില്‍ത്തന്നെ നാലിരട്ടിയിലധികം ഉയര്‍ന്നു.

വൈറ്റ്ഫീല്‍ഡ് ഏരിയയില്‍ കോവര്‍ക്കിംഗ് ഓപ്പറേറ്റര്‍മാര്‍ക്ക് ഓഫീസ് സ്ഥലത്തിന്റെ ആവശ്യകത വര്‍ദ്ധിക്കുമെന്ന് കോളിയേഴ്‌സ് പ്രതീക്ഷിക്കുന്നു.

ശരിയായ കണക്റ്റിവിറ്റി ഇല്ലാത്തതിനാല്‍ കോവര്‍ക്കിംഗ് ഓപ്പറേറ്റര്‍മാര്‍ക്ക് നിലവില്‍ ഈ മേഖലയില്‍ പരിമിതമായ സാന്നിധ്യമേ ഉള്ളൂ.

ഫ്‌ളെക്‌സിബിള്‍ വര്‍ക്ക്സ്പേസ് കഴിഞ്ഞ വര്‍ഷം ബെംഗളൂരു നഗരത്തിലെ മൊത്തം ഓഫീസ് ലീസിംഗിന്റെ 13 ശതമാനം സംഭാവന ചെയ്തിരുന്നു. വൈറ്റ്ഫീല്‍ഡിന്റെ മൊത്തം ഓഫീസ് പാട്ടത്തിന്റെ രണ്ട് ശതമാനം മാത്രമാണ് ഇത്.

2023-ല്‍ വൈറ്റ്ഫീല്‍ഡില്‍ മെട്രോ പൂര്‍ണമായി പ്രവര്‍ത്തനക്ഷമമായാല്‍, ഫ്‌ളെലക്‌സ് ഓപ്പറേറ്റര്‍മാര്‍ വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാന്‍ സാധ്യതയുണ്ടെന്ന് കണ്‍സള്‍ട്ടന്റ് പറഞ്ഞു.