image

14 April 2026 5:50 PM IST

Realty

കോടീശ്വരനില്‍ നിന്ന് കുറ്റവാളിയിലേക്ക്; തട്ടിപ്പ് സമ്മതിച്ച് എവര്‍ഗ്രാന്‍ഡെ സ്ഥാപകന്‍

MyFin Desk

കോടീശ്വരനില്‍ നിന്ന് കുറ്റവാളിയിലേക്ക്;   തട്ടിപ്പ് സമ്മതിച്ച് എവര്‍ഗ്രാന്‍ഡെ സ്ഥാപകന്‍
X

Summary

ചൈനയിലെ 280 നഗരങ്ങളിലായി 1,300 ഓളം പദ്ധതികളാണ് എവര്‍ഗ്രാന്‍ഡെയ്ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ 300 ബില്യണ്‍ ഡോളറിലധികം കടബാധ്യതയിലേക്ക് കൂപ്പുകുത്തിയതോടെ കമ്പനി തകര്‍ന്നു


ചൈനയുടെ സാമ്പത്തിക അടിത്തറയെ പിടിച്ചുലച്ച റിയല്‍ എസ്റ്റേറ്റ് പ്രതിസന്ധിയിലെ ഏറ്റവും നിര്‍ണ്ണായകമായ ഒരു വെളിപ്പെടുത്തൽ. ചൈനീസ് പ്രോപ്പര്‍ട്ടി ഡെവലപ്പര്‍ എവര്‍ഗ്രാന്‍ഡെ സ്ഥാപകന്‍ ഹുയി കാ യാന്‍ (സു ജിയായിന്‍), കോര്‍പ്പറേറ്റ് കൈക്കൂലി, സ്വത്ത് തട്ടിയെടുക്കല്‍ തുടങ്ങി ഗുരുതരമായ കുറ്റങ്ങള്‍ കോടതിയില്‍ സമ്മതിച്ചു. ഏപ്രില്‍ 13, 14 തീയതികളില്‍ ഷെന്‍ഷെന്‍ നഗരത്തില്‍ നടന്ന വിചാരണയ്ക്കിടെ അദ്ദേഹം പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

ചൈനയിലെ 280 നഗരങ്ങളിലായി 1,300 ഓളം പദ്ധതികളാണ് എവര്‍ഗ്രാന്‍ഡെയ്ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ 300 ബില്യണ്‍ ഡോളറിലധികം കടബാധ്യതയിലേക്ക് കൂപ്പുകുത്തിയതോടെ കമ്പനി തകര്‍ന്നു. വീടുകള്‍ നിര്‍മ്മിക്കാനെന്ന പേരില്‍ സാധാരണക്കാരില്‍ നിന്ന് വാങ്ങിയ കോടിക്കണക്കിന് ഡോളര്‍ മറ്റ് പദ്ധതികളിലേക്ക് വകമാറ്റിയതാണ് വലിയ തിരിച്ചടിയായത്. ഇതോടെ ചൈനയിലുടനീളം നൂറുകണക്കിന് കെട്ടിട സമുച്ചയങ്ങള്‍ പാതിവഴിയില്‍ നിര്‍മ്മാണം നിലച്ച നിലയിലായി.

2017-ല്‍ 42.5 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ ഫോബ്‌സ് പട്ടികയില്‍ ഇടംപിടിച്ച ഹുയി കാ യാന്റെ പതനം അവിശ്വസനീയമായിരുന്നു. 2024 മാര്‍ച്ചില്‍ കമ്പനിയുടെ വരുമാനം 78 ബില്യണ്‍ ഡോളര്‍ അധികമായി കാണിച്ചതിന് അദ്ദേഹത്തിന് 6.5 മില്യണ്‍ ഡോളര്‍ പിഴയും ചൈനീസ് മൂലധന വിപണിയില്‍ നിന്ന് ആജീവനാന്ത വിലക്കും ലഭിച്ചിരുന്നു. ഫുട്‌ബോള്‍ ടീം മുതല്‍ ഇലക്ട്രിക് കാറുകള്‍ വരെ നീണ്ട അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം ഇപ്പോള്‍ വെറും നിഴല്‍ മാത്രമായി മാറി.

15 വര്‍ഷത്തിലേറെ നീണ്ട പ്രതാപത്തിന് ശേഷം, 2025 ഓഗസ്റ്റില്‍ ഹോങ്കോംഗ് എക്‌സ്‌ചേഞ്ചില്‍ നിന്ന് എവര്‍ഗ്രാന്‍ഡെയുടെ ഓഹരികള്‍ നീക്കം ചെയ്തിരുന്നു. കമ്പനിയുടെ വിപണി മൂല്യം 99 ശതമാനത്തിലധികം ഇടിഞ്ഞതിന് ശേഷമായിരുന്നു ഈ നടപടി. ഇത് അന്താരാഷ്ട്ര നിക്ഷേപകരെയും ആഭ്യന്തര ബാങ്കുകളെയും ഒരുപോലെ പ്രതിസന്ധിയിലാക്കി. ചൈനീസ് സര്‍ക്കാര്‍ 2020-ല്‍ കൊണ്ടുവന്ന പുതിയ വായ്പാ നിയന്ത്രണങ്ങളാണ് ഈ തകര്‍ച്ചയ്ക്ക് വേഗത കൂട്ടിയത്.

ഏറ്റവും വലിയ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഒന്ന്

ഹുയി കാ യാന്‍ കുറ്റങ്ങള്‍ സമ്മതിച്ച സാഹചര്യത്തില്‍ കേസ് കോടതി വിധി പറയാനായി മാറ്റിവച്ചിരിക്കുകയാണ്. ചൈനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഒന്നായതിനാല്‍ കടുത്ത ശിക്ഷാവിധി തന്നെ ഉണ്ടാകാനാണ് സാധ്യതയെന്ന് നിയമവിദഗ്ധര്‍ വിലയിരുത്തുന്നു. ഗ്രാമീണ ചൈനയില്‍ നിന്ന് ലോകം അറിയപ്പെടുന്ന കോടീശ്വരനായി വളര്‍ന്ന ഒരു ബിസിനസ് ഐക്കണിന്റെ നാടകീയമായ അന്ത്യത്തിനാണ് ഇപ്പോള്‍ ലോകം സാക്ഷ്യം വഹിക്കുന്നത്.