image

14 July 2023 7:51 AM GMT

Realty

H1 2023: ഭവന മേഖലയിലേക്കുള്ള സ്ഥാപന നിക്ഷേപങ്ങളില്‍ 385% വളര്‍ച്ച

MyFin Desk

h1 2023 385% growth institutional investments housing sector
X

Summary

  • ജൂണില്‍ റെസിഡെന്‍ഷ്യല്‍ മേഖലയിലെ നിക്ഷേപങ്ങളില്‍ ഇടിവ്
  • ഓഫിസ് മേഖലയും 2023ന്‍റെ ആദ്യ പകുതിയില്‍ മികച്ച വളര്‍ച്ച നേടി
  • ആര്‍ഇഐടികളില്‍ ഗ്രേഡ് എ ഓഫീസ് സ്റ്റോക്കിന്റെ 11 ശതമാനം മാത്രം


ഇന്ത്യയിലെ റെസിഡൻഷ്യൽ മേഖലയിലേക്ക് ഇന്‍സ്റ്റിറ്റ്യൂഷ്‍ണല്‍ നിക്ഷേപങ്ങളിലൂടെ എത്തിയ ഫണ്ടുകളില്‍ 2023ന്‍റെ ആദ്യ പകുതിയില്‍ വന്‍ വളര്‍ച്ച. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 89.4 മില്യൺ ഡോളറുമായി താരതമ്യപ്പെടുത്തുമ്പോൾ, 385 ശതമാനം വർധനയോടെ 433.4 മില്യൺ ഡോളറിലേക്ക് രാജ്യത്തിന്‍റെ ഭവന മേഖലയിലെ സ്ഥാപന നിക്ഷേപങ്ങള്‍ എത്തിയെന്ന് റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസിയായ കോളിയേഴ്സ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. പലിശനിരക്ക് സ്ഥിരത പുലര്‍ത്തിയതും, ആരോഗ്യകരവും താങ്ങാനാവുന്നതുമായ വില നിലവാരവും ആവശ്യകത ഉയര്‍ത്തിയതാണ് ഇതില്‍ പ്രധാന പങ്കുവഹിച്ചതെന്ന് കോളിയേഴ്സിന്‍റെ റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

മൊത്തം റിയൽറ്റി മേഖലയിലെ നിക്ഷേപം മുന്‍ വര്‍ഷം സമാന കാലയളവില്‍ രേഖപ്പെടുത്തിയ 2.57 ബില്യൺ ഡോളറിൽ നിന്ന് 43 ശതമാനം ഉയർന്ന് 2023 ജനുവരി-ഏപ്രില്‍ കാലയളവില്‍ 3.67 ബില്യൺ ഡോളറായി. ഫാമിലി ഓഫീസുകൾ, വിദേശ കോർപ്പറേറ്റ് ഗ്രൂപ്പുകൾ, വിദേശ ബാങ്കുകൾ, പ്രൊപ്രൈറ്ററി ബുക്കുകൾ, പെൻഷൻ ഫണ്ടുകൾ, പ്രൈവറ്റ് ഇക്വിറ്റി, റിയൽ എസ്റ്റേറ്റ് ഫണ്ട്-കം ഡെവലപ്പർമാർ, വിദേശ ധനസഹായമുള്ള നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ (എൻബിഎഫ്‌സി), സോവറിൻ വെൽത്ത് ഫണ്ടുകൾ എന്നിവയുടെയെല്ലാം നിക്ഷേപങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഇന്‍സ്റ്റിറ്റ്യൂഷ്ണല്‍ നിക്ഷേപങ്ങളുടെ കണക്ക് തയാറാക്കിയിട്ടുള്ളത്.

എന്നിരുന്നാലും, ജൂൺ 30-ന് അവസാനിച്ച പാദത്തിൽ റെസിഡൻഷ്യൽ മേഖലയിലേക്കുള്ള സ്ഥാപന നിക്ഷേപങ്ങളുടെ വരവ് 1 ശതമാനം കുറഞ്ഞ് 72.3 മില്യൺ ഡോളറായി. കഴിഞ്ഞ വർഷം ഇതേ പാദത്തില്‍ 72.9 മില്യൺ ഡോളറിന്‍റെ നിക്ഷേപമായിരുന്നു നടന്നിരുന്നത്. നിക്ഷേപ വരവില്‍ വളർച്ച കണ്ട മറ്റൊരു ആസ്തി വിഭാഗം ഓഫീസുകളാണ്. 2023 ന്റെ ആദ്യ പകുതിയിൽ 145 ശതമാനം വളര്‍ച്ചയാണ് ഈ വിഭാഗത്തില്‍ ഉണ്ടായത്. ഒരു വർഷം മുമ്പ് സമാന കാലയളവില്‍ രേഖപ്പെടുത്തിയ 1.108 ബില്യൺ ഡോളറിൽ നിന്ന് 2.719 ബില്യൺ ഡോളറിലേക്ക് ഉയര്‍ന്നു.

ജൂൺ 30 ന് അവസാനിച്ച പാദത്തിൽ ഓഫീസ് ആസ്തികളിലെ നിക്ഷേപം 290 ശതമാനം ഉയർന്ന് 1.811 ബില്യൺ ഡോളറിലെത്തി, മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 464.9 മില്യൺ ഡോളറായിരുന്നു ഇത്. 10 പാദങ്ങള്‍ക്കിടയില്‍ ഓഫിസ് മേഖലയിലേക്കെത്തിയ ഏറ്റവും ഉയര്‍ന്ന നിക്ഷേപമായിരുന്നു ജൂണ്‍ പാദത്തിലേത്.

"ഓഫീസ് മേഖല ആഗോളതലത്തിൽ ഒരു സൂക്ഷ്മ വിശകലനത്തിന് സാക്ഷ്യം വഹിക്കുകയാണ്, അതിനാൽ നിക്ഷേപം നടത്താനുള്ള തീരുമാനവും കൂടുതൽ സമയമെടുക്കും. കൂടാതെ, ആഗോള തലത്തില്‍ ബൃഹത്തായ വെല്ലുവിളികള്‍ രൂപപ്പെടുന്നുണ്ട്. ഉയര്‍ന്ന പലിശ നിരക്കുകളും പണപ്പെരുപ്പ സമ്മർദ്ദങ്ങളും നിക്ഷേപകരെ താൽക്കാലികമായി കാത്തിരിക്കുന്നു. ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന പുതിയ ഫണ്ടുകളിൽ നിക്ഷേപം നടത്താനുള്ള ആഗ്രഹം ശക്തമായി തുടരുന്നു," കോളിയേഴ്‌സ് ഇന്ത്യയിലെ ക്യാപിറ്റൽ മാർക്കറ്റ്‌സ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് സർവീസസ് മാനേജിംഗ് ഡയറക്ടർ പിയൂഷ് ഗുപ്ത പറഞ്ഞു.

ആദായം നൽകുന്ന ആസ്തികൾക്കു പുറമേ, പാർപ്പിട മേഖലയിലെ നിക്ഷേപങ്ങളിലും താല്‍പ്പര്യം വര്‍ധിച്ചുവരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ റെസിഡൻഷ്യൽ, ഓഫീസ് സ്‌പെയ്‌സുകളുടെ ആവശ്യകത വർദ്ധിപ്പിക്കുന്നതിൽ ആര്‍ഉഐടി-കൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് കോളിയേഴ്‌സ് നിരീക്ഷിക്കുന്നു. എങ്കിലും രാജ്യത്തെ മികച്ച 6 നഗരങ്ങളിലെ ഗ്രേഡ് എ ഓഫീസ് സ്റ്റോക്കിന്റെ 11 ശതമാനം മാത്രമാണ് നിലവിൽ ആര്‍ഇഐടി-കളായി ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇത് 57 ശതമാനം വരെയാക്കി ഉയര്‍ത്തുന്നതിനുള്ള സാധ്യത ഇന്ത്യന്‍ വിപണിയില്‍ ഉണ്ടെന്നാണ് കോളിയേഴ്സ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നത്.