image

20 Dec 2022 6:45 AM GMT

Realty

റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിലെ നഷ്ടം കുറയ്ക്കാന്‍ ശ്രദ്ധിക്കാം ഈ അഞ്ചു കാര്യങ്ങള്‍

MyFin Bureau

real estate five things
X

Summary

  • 2022-27 കാലത്ത് 15 ശതമാനത്തിലേറെ വാര്‍ഷിക വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്


ലോകത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് വിപണികളിലൊന്നാണ് ഇന്ത്യ. ജിഡിപിയുടെ ഏഴ് ശതമാനത്തോളം സംഭാവന ചെയ്യുന്ന ഈ മേഖല ഇപ്പോഴും വളര്‍ന്നു കൊണ്ടിരിക്കുന്നു. ഹൗസിംഗ്, റീറ്റെയ്ല്‍, ഹോസ്പിറ്റാലിറ്റി, കൊമേഴ്സ്യല്‍ മേഖലകളിലായി വ്യാപിച്ചു കിടക്കുന്ന ഈ ബിസിനസ് 2022-27 കാലത്ത് 15 ശതമാനത്തിലേറെ വാര്‍ഷിക വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതേസമയം കോവിഡ് കാലത്ത് ഏറ്റവുമധികം തിരിച്ചടി നേരിട്ട മേഖല കൂടിയാണിത്. ഒരു ലക്ഷം കോടി രൂപയുടെ നഷ്ടം ഈ മേഖലയില്‍ ഇക്കാലത്തുണ്ടായിട്ടുണ്ടെന്നാണ് കണക്ക്. എന്നാല്‍ അതിവേഗം രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖല തിരിച്ചുവരുന്നുണ്ട്. വിപണി വലിപ്പത്തില്‍ 2030 ഓടെ ഒരു ലക്ഷം കോടി ഡോളറെന്ന നിലയിലേക്ക് വളരുമെന്നാണ് പ്രവചനങ്ങള്‍.

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം കൂടി വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മികച്ച റിട്ടേണ്‍ ലഭിക്കുമെന്ന വിശ്വാസം പണ്ടുമുതലേ ഈ മേഖലയെ കുറിച്ച് ഉണ്ട്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപവും റിസ്‌ക് ഇല്ലാത്തതല്ല. വിപണിയിലെ തിരിച്ചടികളും സാമ്പത്തിക മേഖലയിലെ പ്രശ്നങ്ങളും ബില്‍ഡര്‍മാരുടെ പ്രശ്നങ്ങളുമെല്ലാം ഈ മേഖലയെ ബാധിക്കാം. എന്നാല്‍ കുറച്ചു ശ്രദ്ധിച്ചാല്‍ വലിയ നഷ്ടം ഇല്ലാതെ നോക്കാനാകും.

റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

1. വിപണി വിശകലനം: നിക്ഷേപം നടത്തുന്നതിനു മുമ്പ് റിയല്‍ എസ്റ്റേറ്റ് വിപണിയെ കുറിച്ച് അറിഞ്ഞിരിക്കണം. ഈ മേഖലയിലെ ഡിമാന്‍ഡ്, സപ്ലൈ, ഭാവിയില്‍ എന്തായിരിക്കും ട്രെന്‍ഡ് തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കി വെക്കണം. വരാനിരിക്കുന്ന പ്രോജക്റ്റുകള്‍ അടക്കമുള്ള കാര്യങ്ങളും അറിഞ്ഞിരിക്കണം.

2. ഭൂമിശാസ്ത്രപരമായ വൈവിധ്യം: ഒന്നിലേറെ പ്രോപ്പര്‍ട്ടികളില്‍ നിക്ഷേപിക്കുന്നുണ്ടെങ്കില്‍ അത് വ്യത്യസ്ത പ്രദേശങ്ങളിലാകുന്നതാണ് നല്ലത്. ഒരേ വിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ഇന്ത്യ പോലൊരു രാജ്യത്ത് പലയിടങ്ങളിലും പല ട്രെന്‍ഡുകളും വിപണി സാഹചര്യങ്ങളുമായിരിക്കുമ്പോള്‍ പലയിടങ്ങളിലായി നിക്ഷേപിക്കാം. വ്യത്യസ്ത സ്ഥലങ്ങളിലെ പ്രോജക്റ്റുകളില്‍ നിക്ഷേപിക്കുന്നതിന് മുമ്പ് അതാത് വിപണികളെ കുറിച്ച് അറിഞ്ഞു വെക്കുന്നത് നല്ലതാണ്.

3. ആസ്തിയിലെ വൈവിധ്യവത്കരണം: നഷ്ടസാധ്യത കുറയ്ക്കുന്നതിന് ഭൂമിശാസ്ത്രപരമായ വൈവിധ്യത്തിനു പുറമേ വിവിധ തരം ആസ്തികളില്‍ നിക്ഷേപിക്കുന്നതും നല്ലതാണ്. റസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍, റീറ്റെയ്ല്‍, വെയര്‍ ഹൗസിംഗ് തുടങ്ങി വിവിധ ആസ്തിമേഖലകള്‍ പരിഗണിക്കുന്നത് നേട്ടം ഏറെക്കുറെ ഉറപ്പാക്കും. വ്യത്യസ്ത മേഖലകളില്‍ നിക്ഷേപിക്കുന്നതിലൂടെ ഒരു മേഖല തിരിച്ചടി നേരിട്ടാലും പിടിച്ചു നില്‍ക്കാന്‍ പ്രാപ്തരാക്കും.

4. ബില്‍ഡര്‍മാരെ കുറിച്ച് അറിയണം: റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കുന്നതിന് മുമ്പ് നിക്ഷേപം നടത്തുന്ന പ്രോജക്റ്റിന്റെ ഡെവലപ്പര്‍മാരെ കുറിച്ച് അറിഞ്ഞു വെക്കുന്നത് നല്ലതാകും. റെറ നിയമം അടക്കമുള്ളവ ഈ മേഖലയെ ഒരുപരിധി വരെ ശുദ്ധീകരിച്ചിട്ടുണ്ടെങ്കിലും വിപണിയില്‍ തിരിച്ചടി നേരിടുന്നത് എപ്പോഴാണെന്ന് പറയാനാവില്ല. വിശ്വസ്തരായ ബില്‍ഡര്‍മാരുടെ പ്രോജക്റ്റുകള്‍ തെരഞ്ഞെടുക്കുന്നത് നഷ്ടം ഒരു പരിധി വരെ ഒഴിവാകാന്‍ സഹായിക്കും. വിശ്വസ്തരായ ഡെവലപര്‍മാരായാല്‍ തന്നെ പ്രോജക്റ്റിലെ സൗകര്യങ്ങള്‍, ഫ്ളോര്‍ പ്ലാന്‍, ഡിസൈന്‍ തുടങ്ങിയ കാര്യങ്ങളെല്ലാം മികച്ചതാണോ എന്ന് ഉറപ്പു വരുത്തുകയും വേണം.

5. എത്രകാലത്തേക്ക് എന്ന് നിശ്ചയിക്കണം: റിയല്‍ എസ്റ്റേറ്റ് നിക്ഷേപം ദീര്‍ഘകാലത്തേക്കുള്ളതാണ്. ഓഹരി വിപണിയെ പോലെ അപ്പപ്പോള്‍ വിറ്റ് ലാഭമെടുക്കാന്‍ ഇതില്‍ പ്രയാസമായിരിക്കും. അതുകൊണ്ട് ക്ഷമയോടെ കാത്തിരിക്കുകയും നല്ല അവസരം വരുമ്പോള്‍ വില്‍ക്കുകയും ചെയ്യുന്ന തന്ത്രമാണ് നല്ലത്.