20 May 2026 1:32 PM IST
Summary
ലോകമമ്പാടുമുള്ള പിസ വിതരണ രംഗത്ത് ഡോമിനോസ് ഒരു ഐതിഹാസിക ബ്രാൻഡായി മാറിയത് എങ്ങനെ?
ഏറെ വൈകിയൊരു രാത്രി. ഉറക്കം വരുന്നില്ല.. എന്തെങ്കിലും കഴിക്കണം എന്നു തോന്നുന്നു. അല്ലെങ്കിൽ സുഹൃത്തുക്കളുമായി ഒത്തുചേർന്ന ഒരു ദിവസം, പെട്ടെന്നു പിസ കഴിക്കണമെന്നു തോന്നുന്നു. ഡോമിനോസ് പിസ നിമിഷങ്ങൾക്കുള്ളിൽ തീൻ മേശയിലേക്ക് എത്തും. എന്നാൽ ഈ സൗകര്യം ഒറ്റരാത്രികൊണ്ട് സംഭവിച്ച ഒന്നല്ല. പിസ്സ എന്ന ഭക്ഷണ പദാർത്ഥത്തിനു ലോകം മുഴുവൻ വലിയ തോതിൽ വ്യാവസായികമായൊരു ബിസിനസ്സ് സാധ്യതയുണ്ടെന്നു മനസ്സിലാക്കിയ ഡൊമിനോസ് എന്ന ബ്രാൻഡ് വർഷങ്ങളായുള്ള അവരുടെ പ്രയത്നം കൊണ്ട് നേടിയെടുത്തതാണ്.
രുചികരമായ ഭക്ഷണം ഉണ്ടാക്കുന്നതിൽ മാത്രമല്ല ഒരു റെസ്റ്റോറന്റ് വ്യവസായത്തിന്റെ വിജയം, മറിച്ച് അവ കൃത്യമായി മിനിറ്റുകൾക്കുള്ളിൽ കസ്റ്റമേഴ്സിലേക്ക് എത്തിക്കുക കൂടിയാണെന്ന് അവർ ലേകത്തിനു മുന്നിൽ തെളിയിച്ചു കൊടുത്തു. അമേരിക്കയിലെ ഒരു ചെറിയ പിസ്സ ഷോപ്പ് പിന്നീട് ഒരു ആഗോള ബിസിനസ്സ് ശക്തികേന്ദ്രമായി വളർന്നത് വളരെ പെട്ടെന്നാണ്.
ഡൊമിനേസിന്റെ കഥ ആരംഭിക്കുന്നത് 1960-ൽ യുഎസ്എയിലെ മിഷിഗണിലാണ്. രണ്ട് സഹോദരന്മാർ ചേർന്നു “ഡൊമിനോക്‌സ്” എന്ന പേരിൽ ഒരു ചെറിയ പിസ്സ റെസ്റ്റോറന്റ് തുടങ്ങുന്നു. അവർ ആ റസ്റ്റോറന്റ് തുടങ്ങുമ്പോൾ സത്യത്തിൽ പ്രതീക്ഷിച്ചത് ആ പരിസര പ്രദേശങ്ങളിലുള്ള ആളുകൾക്ക് പിസ്സ വിറ്റുകൊണ്ട്, ഉപജീവനമാർഗ്ഗം കണ്ടെത്തുക എന്നതായിരുന്നു. പക്ഷെ കാലം അവർക്കു വേണ്ടി കാത്തുവെച്ചത് ബിസിനസ് ചരിത്രത്തിലെ തന്നെ ഒരു പ്രധാന ഏടായിരുന്നു.
റീബ്രാൻഡിങ്ങിനൊപ്പം ഐക്കോണിക് ലോഗോ
റസ്റ്റോറന്റ് തുടങ്ങി അധികം താമസിയാതെ, പങ്കാളികളിൽ ഒരാളായ സഹോദരൻ ആ ബിസിനസ്സിൽ നിന്നും പിൻമാറി. മറ്റേയാൾ ആവട്ടെ റസ്റ്റോറന്റിന്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. റസ്റ്റോറന്റ് നടത്തിപ്പിൽ ധാരാളം വെല്ലുവിളികൾ അദ്ദേഹത്തിനു നേരിടേണ്ടതായി വന്നു. പണവും മറ്റ് വിഭവങ്ങളും ഏറെ പരിമിതമായിരുന്നു. എന്നാൽ ആ പ്രതികൂല സാഹചര്യത്തിലും അദ്ദേഹത്തിനു തന്റെ ബിസിനസ്സിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. അദ്ദേഹം ബിസിനസ് മുന്നോട്ടുകൊണ്ടുപോയി.
1965-ൽ, ബിസിനസ് ഡൊമിനോസ് എന്ന് പുനർനാമകരണം ചെയ്തു. അങ്ങനെ ഐക്കോണിക് ലോഗോയ്‌ക്കൊപ്പം, ഡൊമിനോസ് എന്ന ബ്രാൻഡ് അമേരിക്കയിലെ ഒരു ചെറിയ പട്ടണത്തിനു അപ്പുറത്തേക്ക് വളരെ വേഗത്തിൽ വികസിച്ചു.
ഫോക്കസ് ഒറ്റ പോയിൻ്റിൽ
ഡൊമിനോസിനെ ആദ്യകാലങ്ങളിൽ വ്യത്യസ്തമാക്കിയത് അവരുടെ ഭക്ഷണത്തിന്റെ രുചിയും ഗുണനിലവാരവും മാത്രമായിരുന്നില്ല. മറിച്ച് അവർ നിർമ്മിച്ചെടുത്ത ഡെലിവറി സിസ്റ്റം കൂടിയായിരുന്നു. വിശാലമായൊരു മെനു തയ്യാറാക്കാൻ അവർ മെനക്കെട്ടില്ല എന്നതാണ് വാസ്തവം. പിസ്സ എന്ന ലളിതമായ ഒരു വിഭവം വേഗത്തിൽ രുചികരമായി തയ്യാറാക്കാനും അത് അതിവേഗത്തിൽ ആളുകളിലേക്ക് എത്തിക്കാനും ആണ് അവർ പരിശ്രമിച്ചത്. ഗുണനിലവാരത്തിൽ യാതൊരു കോംപ്രമൈസും ചെയ്യാതെ പ്രവർത്തനം തുടർന്നു .
ഈ നീക്കം കമ്പനിയെ ദ്രുതഗതിയിലുള്ള വളർച്ചയിലേക്ക് നയിച്ചു. യുഎസിൽ ഉടനീളം പുതിയ സ്റ്റോറുകൾ തുറന്നു.പിന്നാലെ ഒരു ധീരമായ വാഗ്ദാനവും കമ്പനി ജനങ്ങൾക്കു മുന്നിലേക്ക് കൊണ്ടുവന്നു - 30 മിനിറ്റോ അതിൽ കുറവോ സമയത്തിനുള്ളിൽ ഡെലിവറി. ഇത് കമ്പനിയുടെ മുഖ മുദ്രയായി മാറി. ഈ വാഗ്ദാനം പ്രാവർത്തികമാക്കാൻ കമ്പനിക്കു സാധിച്ചു. അങ്ങനെ ഡൊമിനോസ് അമേരിക്കയിൽ വേഗതയുടെയും പര്യായമായി മാറി.
1980 കളോടെ, ഡൊമിനോസ് അവിശ്വസനീയമായ വേഗതയിൽ വളർന്നു. അമേരിക്കയിൽ നൂറുകണക്കിന്, പിന്നീട് ആയിരക്കണക്കിന് സ്റ്റോറുകൾ തുടരെ തുടരെ തുറന്നു. വളരെ പെട്ടെന്ന് തന്നെ, ഡൊമിനോസ് ലോകമെമ്പാടുമുള്ള പുതിയ വിപണികളിലേക്ക് എത്തി.
വെല്ലുവിളികൾ ഒട്ടേറെ
ഏതൊരു ബിസിനസ്സിന്റെ ജൈത്രയാത്രയിലേതു പോലെ തന്നെ ഡൊമിനോസിനും പല വെല്ലുവിളികൾ നേരിടേണ്ടി വന്നു. 2000 ത്തിന്റെ തുടക്കത്തിൽ, മറ്റ് പല പിസ്സാ ബ്രാൻഡുകളും ലോകത്തിന്റെ വിവിധ ഇടങ്ങളിലായി പിറവിയെടുക്കാൻ തുടങ്ങി. തുടർന്നു ഡൊമിനോസ് പിസ്സകളിൽ നിന്നും ഉപഭോക്താക്കൾക്ക് ലഭിക്കുന്ന സംതൃപ്തി കുറയാൻ തുടങ്ങി. ബ്രാൻഡ് വേഗതയ്ക്ക് പേരുകേട്ടതായിരുന്നു, പക്ഷേ അഭിരുചിക്കനുസരിച്ച് രുചികളിൽ വൈവിധ്യം കൊണ്ടുവരാൻ ആ കാലഘട്ടത്തിൽ കമ്പനി വിമുഖത കാണിച്ചു എന്നു വേണം പറയാൻ.
വഴിത്തിരിവായത് ധീരമായ ഒരു നിലപാട്
പക്ഷേ 2009-ൽ, ഡൊമിനോസ് തങ്ങളുടെ പോരായ്മകൾ പരസ്യമായി അംഗീകരിച്ചുകൊണ്ട് ഒരു അസാധാരണ നീക്കം നടത്തി. കസ്റ്റമേഴ്സിന്റെ വിമർശനം മറച്ചു വെക്കുന്നതിനു പകരം, അവ തുറന്ന മനസ്സോടെ സ്വീകരിച്ച് ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ തീരുമാനിച്ചു. കമ്പനിയുടെ ചേരുവകൾ പുനക്രമീകരിച്ചു. പുതിയ മാവ്, പുതിയ സോസ്, മെച്ചപ്പെട്ട ചേരുവകൾ എന്നിവ കണ്ടെത്തി. ഡൊമിനോസിന്റെ ഈ ധീരമായ തീരുമാനം കമ്പനിയുടെ മുമ്പോട്ടുള്ള യാത്രയിൽ ഒരു വഴിത്തിരിവായി.
ലോകം കൂടുതൽ ഡിജിറ്റൽ ആയതോടെ, ഡൊമിനോസും ഓൺലൈൻ ബിസിനസിന് പ്രാധാന്യം നൽകി. സ്മാർട്ട്ഫോണുകൾ വന്നതോടെ ബ്രാൻഡിന്റെ പ്രവർത്തനം ആപ്പിലേക്ക് മാറി. റിയൽ-ടൈം ഓർഡർ ട്രാക്കിംഗ് പോലുള്ള സവിശേഷതകൾ അവതരിപ്പിച്ചു, ഇത് ഡെലിവറി പ്രക്രിയ കൂടുതൽ സുതാര്യവും ആകർഷകവുമാക്കി.
കമ്പനി തിരശ്ശീലയ്ക്ക് പിന്നിലും നന്നായി പ്രവർത്തിച്ചു. സാങ്കേതികവിദ്യ എല്ലാം മെച്ചപ്പെടുത്തി. അടുക്കളയിൽ പിസ്സ ഉണ്ടാക്കുന്നതിനാവശ്യമായ അസംസ്കൃത വസ്തുക്കൾ വാങ്ങുന്നതു മുതൽ അത് കസ്റ്റമറുടെ കൈയിലേക്ക് എത്തുന്നതുവരെയുള്ള പ്രവർത്തനങ്ങൾ കൃത്യമായ സിസ്റ്റം ഉപയോഗിച്ച് ഏറ്റവും സുതാര്യമായി നടപ്പിലാക്കി. ഡൊമിനോസിനെ ഒരു റെസ്റ്റോറന്റായി മാത്രമല്ല, മറിച്ച് നൂതന സാങ്കേതി വിദ്യകൾ കൃത്യമായി ഉപയോഗിച്ച് നടത്തുന്ന ഒരു ബിസിനസ്സായും ജനങ്ങൾ കാണാൻ തുടങ്ങി.
ഇന്ന്, ഡൊമിനോസ് ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും പ്രവർത്തിക്കുന്നുണ്ടെങ്കിലും ഓരോ പ്രദേശത്തിനും അനുയോജ്യമായ പ്രാദേശിക രുചികൾക്ക് മുൻഗണന നൽകിയാണ് പിസ ആളുകളിൽ എത്തിക്കുന്നത്.
കമ്പനിയുടെ പ്രവർത്തനം ഇന്ന് ലോകം മുഴുവൻ വ്യാപിച്ചു കിടക്കുമ്പോഴും 1960-ൽ അവർ തുടങ്ങുമ്പോൾ പുലർത്തിയിരുന്ന കാര്യക്ഷമത ഇപ്പോഴും അതേപടി തുടരുന്നു. വേഗത്തിലും വിശ്വസനീയമായും ഭക്ഷണം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ദൗത്യത്തിൽ വിട്ടുവീഴചയില്ല. ഫൂഡ് ഇൻഡസ്ട്രിയിൽ സ്വന്തമായി ട്രെൻഡുകൾ സൃഷ്ടിച്ച ഡൊമിനോസ് ഒരു ബഹുരാഷ്ട്ര പിസ്സ കമ്പനിയായി വളർന്നത് ഇങ്ങനെയാണ്.
പഠിക്കാം & സമ്പാദിക്കാം
Home
