image

18 Nov 2023 1:58 PM IST

Industries

ക്രോക്‌സിന്റെ നിര്‍മ്മാണം ഇനി തമിഴ്‌നാട്ടിലും

MyFin Desk

production of crocs is now in tamil nadu as well
X

Summary

  • നവംബര്‍ 28ന് ഉല്‍പ്പാദനം ആരംഭിക്കും
  • ഫാക്ടറിയില്‍ 4,000 തൊഴിലവസരങ്ങള്‍


ജനപ്രിയ ഫോം പാദരക്ഷകളായ ക്രോക്‌സിന്റെ നിര്‍മ്മാണം ഇനി ഇന്ത്യയിലും. ചൈനയ്ക്കും വിയറ്റ്നാമിനും പുറത്തേക്ക് തങ്ങളുടെ ഉല്‍പ്പാദനം വിപുലീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്. ചെന്നൈയ്ക്ക് സമീപമുള്ള പുതിയ ഫാക്ടറിയിലാണ് ഇവ നിര്‍മ്മിക്കുക.

ഫീനിക്‌സ് കോത്താരി ഫുട്‍വെയറിന്റെയും, ഷൂടൗണ്‍ ഫുട്‍വെയറിന്റെയും സംയുക്ത സംരംഭമായ ജെആര്‍ വണ്‍ ഫുട്‍വെയർ 2023 നവംബര്‍ 28 നു, ചെന്നൈയ്ക്ക് സമീപമുള്ള പുതിയ ഫാക്ടറിയില്‍ 'ക്രോക്സ്' നിര്‍മ്മാണം ആരംഭിക്കും.

2022ല്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ഫാക്ടറിക്ക് തറക്കല്ലിട്ടത്. ഫാക്ടറിയുടെ നിർമ്മാണം ഒരു വര്‍ഷത്തെ റെക്കോര്‍ഡ് സമയത്തിനുള്ളില്‍ പൂർത്തീകരിച്ചു . ഇത് ഫീനിക്‌സ് കോത്താരിയുടെ സമര്‍പ്പണത്തിന്റെയും കാര്യക്ഷമതയുടെയും തെളിവാണെന്ന് ഫുട്‍വെയർ ചെയര്‍മാന്‍ ജെ റഫീഖ് അഹമ്മദ് പ്രസ്താവനയില്‍ പറഞ്ഞു..

ചെന്നൈയില്‍ നിന്ന് ഏകദേശം 250 കിലോമീറ്റര്‍ അകലെ പെരമ്പല്ലൂരിലെ സിപ്കോട്ട് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ ഫീനിക്‌സ്-കോത്താരി ഫുട്‍വെയർ വികസിപ്പിച്ച പാദരക്ഷ പാര്‍ക്കിനുള്ളില്‍ 50 ഏക്കറിലാണ് പുതിയ കമ്പനി പണിതിരിക്കുന്നത്.

ഫാക്ടറി 4,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നൈക്ക്, അഡിഡാസ്, സ്‌കെച്ചേഴ്സ്, പ്യൂമ തുടങ്ങിയ അന്താരാഷ്ട്ര പ്രശസ്ത ബ്രാന്‍ഡുകളുമായി കൈകോര്‍ത്തിരിക്കുന്ന ഫീനിക്സ് കോത്താരി ഫുട്‍വെയർ പാര്‍ക്ക് മൊത്തത്തില്‍ 50,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കണക്കാക്കപ്പെടുന്നു.

പെരമ്പലൂര്‍ ഫുട്‍വെയർ ക്ലസ്റ്റര്‍ സ്ത്രീകള്‍ക്ക് കാര്യമായ തൊഴിലവസരങ്ങള്‍ നല്‍കും. ഇത് സംസ്ഥാനത്തിന്റെ സാമൂഹിക വികസന ലക്ഷ്യങ്ങള്‍ക്ക് വലിയ മുന്നേറ്റം നല്‍കുകയും ചെയ്യുമെന്ന് അഹമ്മദ് കൂട്ടിച്ചേര്‍ത്തു.

ഇറക്കുമതി ആശ്രയിക്കുന്നത് കുറയ്ക്കുകയും തദ്ദേശീയമായ പാദരക്ഷ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് മേഖലയില്‍ സ്വയംപര്യാപ്തത പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യ ഒരു പാദരക്ഷ ഉല്‍പ്പാദന കേന്ദ്രമായി മാറുമെന്നും പ്രതീക്ഷിക്കുന്നു.

കോത്താരി ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡും തായ്‌വാൻ എവര്‍വാന്‍ ഗ്രൂപ്പും ചേര്‍ന്നാണ് ഫീനിക്‌സ് കോത്താരി ഫുട്‍വെയർ ലിമിറ്റഡ് പ്രമോട്ട് ചെയ്തിരിക്കുന്നത് . 1700 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനിയുടെ ലക്ഷ്യം.

എക്സ്‌ക്ലൂസീവ് ഫുട്‍വെയർ, ലെതര്‍ ഗുഡ്സ് പോളിസി അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് തമിഴ്നാട്. 2022 ഓഗസ്റ്റില്‍, തമിഴ്നാട് അതിന്റെ ഫുട്‍വെയർ ആന്‍ഡ് ലെതര്‍ പ്രൊഡക്സ് പോളിസി പുറത്തിറക്കി. അതിലൂടെ 20,000 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാനും രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു.