3 April 2026 1:05 PM IST
Summary
ഏകദേശം 48.6 ലക്ഷം പുതിയ മൊബൈല്‍ വരിക്കാരാണ് ഫെബ്രുവരിയില്‍ മാത്രം എയര്‍ടെല്‍ ശൃംഖലയുടെ ഭാഗമായത്. ഇതോടെ കമ്പനിയുടെ മൊത്തം വരിക്കാരുടെ എണ്ണം 47.26 കോടിയായി ഉയര്‍ന്നു
ഫെബ്രുവരി മാസത്തിലെ കണക്കുകള്‍ പ്രകാരം വരിക്കാരുടെ എണ്ണത്തില്‍ വന്‍ മുന്നേറ്റവുമായി ഭാരതി എയര്‍ടെല്‍. രാജ്യത്തെ ടെലികോം കമ്പനികളില്‍ ഏറ്റവും കൂടുതല്‍ പുതിയ വരിക്കാരെ ചേര്‍ത്തത് എയര്‍ടെല്ലാണ്. ഏകദേശം 48.6 ലക്ഷം പുതിയ മൊബൈല്‍ വരിക്കാരാണ് ഫെബ്രുവരിയില്‍ മാത്രം എയര്‍ടെല്‍ ശൃംഖലയുടെ ഭാഗമായത്. ഇതോടെ കമ്പനിയുടെ മൊത്തം വരിക്കാരുടെ എണ്ണം 47.26 കോടിയായി ഉയര്‍ന്നു.
പുതിയ വരിക്കാരുടെ എണ്ണത്തില്‍ എയര്‍ടെല്‍ മുന്നിലാണെങ്കിലും, മൊത്തം വരിക്കാരുടെ കാര്യത്തില്‍ റിലയന്‍സ് ജിയോ തന്നെയാണു ഇന്ത്യയിലെ രാജാവ്. ഫെബ്രുവരിയില്‍ 16.2 ലക്ഷം പുതിയ വരിക്കാരെ കൂടി ചേര്‍ക്കാന്‍ ജിയോയ്ക്ക് സാധിച്ചു. നിലവില്‍ 49.31 കോടി വരിക്കാരുമായി ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റര്‍ എന്ന സ്ഥാനം ജിയോ വിട്ടുകൊടുക്കാതെ കാക്കുന്നു. ബ്രോഡ്ബാന്‍ഡ് രംഗത്തും ജിയോ തന്നെയാണ് മുന്നില്‍.
നെറ്റ്വര്‍ക്കില്‍ സജീവമായിരിക്കുന്ന വരിക്കാരുടെ അനുപാതത്തില്‍ എയര്‍ടെല്‍ വീണ്ടും മികവ് തെളിയിച്ചു. എയര്‍ടെല്‍ വരിക്കാരില്‍ 99.42 ശതമാനവും ആക്ടീവ് വരിക്കാരാണ്. ജിയോയില്‍ ഇത് 98.35 ശതമാനമാണ്. വോഡഫോണ്‍ ഐഡിയ ഇക്കാലയളവില്‍ 21,927 പുതിയ വരിക്കാരെ മാത്രം ചേര്‍ത്തപ്പോള്‍ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിന് ഏകദേശം 1.01 ലക്ഷം വരിക്കാരെ നഷ്ടമായി എന്നത് ശ്രദ്ധേയമാണ്.
രാജ്യത്തെ മൊത്തം ടെലികോം വരിക്കാരുടെ എണ്ണം 132 കോടി കവിഞ്ഞു. ഈ വളര്‍ച്ചയുടെ പ്രധാന ചാലകശക്തി നഗരപ്രദേശങ്ങളാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 5ജി സേവനങ്ങള്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുന്നതും ഹൈ-സ്പീഡ് ഇന്റര്‍നെറ്റിനായുള്ള ആവശ്യകത വര്‍ദ്ധിക്കുന്നതും ടെലികോം രംഗത്തെ ഈ ഉണര്‍വിന് കാരണമായിട്ടുണ്ട്. കൂടുതല്‍ വരിക്കാരെ ആകര്‍ഷിക്കാന്‍ വരും മാസങ്ങളില്‍ എയര്‍ടെലും ജിയോയും തമ്മിലുള്ള മത്സരം കൂടുതല്‍ ശക്തമാകും.
പഠിക്കാം & സമ്പാദിക്കാം
Home
