image

2 Nov 2026 2:17 PM IST

Telecom

മൂന്നര ലക്ഷം ടവറുകള്‍ ലക്ഷ്യം; വമ്പന്‍ കുതിച്ചുചാട്ടത്തിനൊരുങ്ങി ബിഎസ്എന്‍എല്‍

MyFin Desk

മൂന്നര ലക്ഷം ടവറുകള്‍ ലക്ഷ്യം; വമ്പന്‍  കുതിച്ചുചാട്ടത്തിനൊരുങ്ങി ബിഎസ്എന്‍എല്‍
X

Summary

സമഗ്രമായ 4ജി കവറേജിന് ബിഎസ്എന്‍എല്ലിന് കുറഞ്ഞത് 3.5 ലക്ഷം ടവറുകള്‍ വേണമെന്നാണ് വിലയിരുത്തല്‍. ഇതില്‍ ഒരു ലക്ഷം ടവറുകള്‍ ഇതിനകം സ്ഥാപിച്ചു


ദേശീയ ടെലികോം മേഖലയില്‍ വലിയ മാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എല്‍. 5ജി സേവനങ്ങള്‍ ത്വരിതപ്പെടുത്താനും രാജ്യവ്യാപകമായി 4ജി കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും ധനകാര്യ മന്ത്രാലയത്തോട് 75,000 കോടി രൂപയുടെ പ്രത്യേക ധനസഹായം ആവശ്യപ്പെടാന്‍ കമ്പനി തയ്യാറെടുക്കുകയാണ്. പതിവ് ബജറ്റ് വിഹിതത്തില്‍ നിന്ന് വേറിട്ട് അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഈ തുക.

ഇതിന്റെ പ്രധാന ലക്ഷ്യം ടവര്‍ ശൃംഖലയുടെ വിപുലീകരണമാണ്. സമഗ്രമായ 4ജി കവറേജിന് ബിഎസ്എന്‍എല്ലിന് കുറഞ്ഞത് 3.5 ലക്ഷം ടവറുകള്‍ വേണമെന്നാണ് വിലയിരുത്തല്‍. ഇതില്‍ ഒരു ലക്ഷം ടവറുകള്‍ ഇതിനകം സ്ഥാപിച്ചു, 25,000 എണ്ണത്തിന് ഓര്‍ഡര്‍ നല്‍കി, 50,000-60,000 ടവറുകള്‍ കൂടി ചേര്‍ക്കാനാണ് പദ്ധതി. ഈ വിപുലീകരണ ലക്ഷ്യം കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും പ്രഖ്യാപിച്ചിരുന്നു.

സാമ്പത്തികമായി ബിഎസ്എന്‍എല്‍ കരുത്ത് കൈവരിക്കുകയാണ്. 2019, 2022, 2023 വര്‍ഷങ്ങളില്‍ അംഗീകരിച്ച 3.29 ലക്ഷം കോടി രൂപയുടെ പുനരുജ്ജീവന പാക്കേജുകള്‍ക്ക് പുറമെ, 2025-ല്‍ 4ജി നെറ്റ്വര്‍ക്ക് വിപുലീകരണത്തിനായി 6,982 കോടി രൂപയുടെ അധിക മൂലധന പിന്തുണയും ലഭിച്ചു. ഇതിന്റെ ഫലമായി 2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ പ്രവര്‍ത്തന വരുമാനം 10 ശതമാനം വര്‍ധിച്ച് 4,418 കോടി രൂപയായി. എന്റര്‍പ്രൈസ് വരുമാനം 19.2 ശതമാനം ഉയര്‍ന്ന് 1,745 കോടിയും ഉപഭോക്തൃ മൊബിലിറ്റി വരുമാനം 8 ശതമാനം ഉയര്‍ന്ന് 1,724 കോടിയുമായി.

അതേസമയം ബിഎസ്എന്‍എല്ലും വോഡഫോണ്‍ ഐഡിയയും നെറ്റ്വര്‍ക്ക്, ടവര്‍, ഫൈബര്‍ പങ്കിടല്‍ വിപുലീകരിക്കാന്‍ ധാരണയിലെത്തി. 2026 ഏപ്രില്‍ വരെ ബിഎസ്എന്‍എല്‍ ഏകദേശം 1,441 ടവറുകള്‍ Vi-ക്ക് പാട്ടത്തിന് നല്‍കിയിരുന്നു. ഇന്‍ട്രാ-സര്‍ക്കിള്‍, ഇന്റര്‍-സര്‍ക്കിള്‍ റോമിംഗ്, 4G-5G അടിസ്ഥാന സൗകര്യ പങ്കിടല്‍ എന്നിവയും പദ്ധതിയിലുണ്ട്. ഇത് ചെലവ് കുറയ്ക്കാനും കവറേജ് വിപുലീകരിക്കാനും ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട 4G-5G അനുഭവം നല്‍കാനും സഹായിക്കും.