12 March 2026 7:10 PM IST
Summary
റീചാർജ് കടകളിൽ മൊബൈൽ നമ്പർ നൽകാൻ സ്ത്രീകൾക്ക് പലപ്പോഴും മടിയാണ്. ഫോണ്‍ നമ്പര്‍ ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ഭയം തന്നെ ഇതിന് കാരണം. ഇവർക്കായി ഒരു കിടിലൻ പരിഹാരം അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ. ഇതിന്‍റെ പൂർണ്ണ വിവരങ്ങൾ അറിയാം.
പൊതുമേഖലാ ടെലികോം സ്ഥാപനമായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷയും സൗകര്യവും നല്‍കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ പോലുള്ള വലിയ സ്വകാര്യ ടെലികോം കമ്പനികളുമായി മത്സരിക്കുന്ന ബിഎസ്എന്‍എല്‍ ഇപ്പോള്‍ വനിതാ ഉപഭോക്താക്കള്‍ക്കായി 'കവച് നമ്പര്‍' എന്ന പുതിയ സേവനം അവതരിപ്പിച്ചു.
എന്താണ് ബിഎസ്എന്‍എല്‍ കവച്?
റീചാര്‍ജ് കടകളില്‍ അപരിചിതരോട് ഫോണ്‍ നമ്പര്‍ നല്‍കാന്‍ സ്ത്രീകള്‍ക്ക് പലപ്പോഴും മടിയാണ്. നമ്പര്‍ ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്കയും പലര്‍ക്കും ഉണ്ടാകും. ഈ പ്രശ്‌നത്തിന് പരിഹാരമായി ബിഎസ്എന്‍എല്‍ 'കവച് നമ്പര്‍' സേവനം ആരംഭിച്ചു. ഇന്റര്‍നാഷണല്‍ വുമണ്‍സ് ഡേ ദിനത്തിലാണ് ഈ സേവനം ഔദ്യോഗികമായി അവതരിപ്പിച്ചത്.
കവച് നമ്പര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു?
ഈ സേവനം സ്ത്രീകളുടെ യഥാര്‍ത്ഥ മൊബൈല്‍ നമ്പറിന് ഒരു സുരക്ഷാ കവചം പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഉപഭോക്താവിന്റെ യഥാര്‍ത്ഥ നമ്പറുമായി ബന്ധിപ്പിച്ച 10 അക്ക താല്‍ക്കാലിക നമ്പര്‍ ബിഎസ്എന്‍എല്‍ എസ്എംഎസ് ആയി നല്‍കും. റീചാര്‍ജ് ചെയ്യുമ്പോള്‍ സ്ത്രീകള്‍ക്ക് യഥാര്‍ത്ഥ നമ്പറിന് പകരം ഈ താല്‍ക്കാലിക നമ്പര്‍ ഉപയോഗിക്കാം. ഇതിലൂടെ റീചാര്‍ജ് പൂര്‍ത്തിയാകുകയും വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമായി നിലനില്‍ക്കുകയും ചെയ്യും.
സ്ത്രീ സുരക്ഷയ്ക്ക് വലിയ സഹായം
കവച് നമ്പര്‍ റീചാര്‍ജ് കടയുടമയ്ക്കും ഉപഭോക്താവിനും ഇടയില്‍ ഒരു സുരക്ഷാ മറയായി പ്രവര്‍ത്തിക്കുന്നു. ഇതിലൂടെ സ്ത്രീകളുടെ യഥാര്‍ത്ഥ മൊബൈല്‍ നമ്പര്‍ കടകളിലെ ഡാറ്റാബേസുകളില്‍ സൂക്ഷിക്കപ്പെടുന്നത് ഒഴിവാക്കാം. പതിവായി റീചാര്‍ജ് കടകളില്‍ പോകുന്ന സ്ത്രീകള്‍ക്ക് ഈ സേവനം വലിയ ആശ്വാസമായിരിക്കുമെന്ന് ബിഎസ്എന്‍എല്‍ വ്യക്തമാക്കുന്നു.
കവച് നമ്പര്‍ എങ്ങനെ ലഭിക്കും?
ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ സ്മാര്‍ട്ട്‌ഫോണിലെ ബിഎസ്എന്‍എല്‍ സെല്‍ഫ് കെയര്‍ ആപ്പ് വഴി ഈ കവച് നമ്പര്‍ എളുപ്പത്തില്‍ ലഭിക്കും. സേവനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ബിഎസ്എന്‍എല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ലഭ്യമാണ്.
5ജി സേവനങ്ങളിലേക്ക് ബിഎസ്എന്‍എല്‍
ഇതിനൊപ്പം തന്നെ ബിഎസ്എന്‍എല്‍ തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ക്വാണ്ടം 5ജി സേവനങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചിട്ടുണ്ട്. പൈലറ്റ് പദ്ധതി ഹൈദരാബാദ് നഗരത്തിലാണ് തുടങ്ങിയത്. സിം കാര്‍ഡോ വയറുകളോ ഇല്ലാതെ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതാണ് ഈ സാങ്കേതികവിദ്യയുടെ പ്രത്യേകത. അടുത്ത ഘട്ടത്തില്‍ ഡെല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളിലും പരീക്ഷണാടിസ്ഥാനത്തില്‍ സേവനം ആരംഭിക്കുമെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
