image

25 Oct 2023 6:15 AM GMT

Telecom

ടെലികോം മേഖലയില്‍ തൊഴില്‍ വളര്‍ച്ച

MyFin Desk

job growth in telecom sector
X

Summary

  • ഉത്സവ സീസണില്‍ നിയമനങ്ങളില്‍ 15 ശതമാനം വര്‍ധിച്ചേക്കും


5 ജി സേവനങ്ങള്‍ പൂര്‍ണ്ണമായി യാഥാര്‍ത്ഥ്യമാകുന്നതിനോടനുബന്ധിച്ച് റിലയന്‍സ് ജിയോയും ഭരതി എയര്‍ടെല്ലും കൂടുതല്‍ നിയമനങ്ങള്‍ നടത്തുന്നു. 2023-24 ന്റെ രണ്ടാം പകുതിയില്‍ മൊത്തം ടെലികോം വ്യവസായത്തില്‍ 20 ശതമാനം നിയമന വളര്‍ച്ചയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഉത്സവ സീസണിലെ നിയമനവും തൊഴില്‍ വളര്‍ച്ചയ്ക്ക് കാരണമാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

'എയര്‍ടെല്ലും ജിയോയും രാജ്യത്ത് 5 ജി സേവനങ്ങള്‍ നല്‍കുന്നതിന് സ്വയം സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ നിയമനങ്ങള്‍ നടത്താന്‍ സാധ്യതയുണ്ട്. രാജ്യത്ത് ഫൈബര്‍ കണക്ഷനുകള്‍ വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് കൂടുതല്‍ പ്രൊഫഷണലുകളെ ആവശ്യമാണ്,' ജീനിയസ് കണ്‍സള്‍ട്ടന്റ്‌സിന്റെ സ്ഥാപകനും ചെയര്‍മാനുമായ ആര്‍.പി.യാദവ് പറഞ്ഞു.

5ജി സേവനങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലും വന്‍തോതില്‍ നിയമനങ്ങള്‍ നടന്നിട്ടുണ്ട്. ടെലികോം സേവനങ്ങള്‍ ഡിജിറ്റലൈസേഷന്‍ ചെയ്യേണ്ടതിന്റെ ആവശ്യം വര്‍ധിച്ചതും തൊഴിലവസരങ്ങള്‍ കൂട്ടാന്‍ കാരണമായി. ടെലികോം കമ്പനികള്‍ 5 ജി യില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിന്റെ ഫലമായി, എറിക്സണ്‍, സാംസങ് തുടങ്ങിയ കമ്പനികളും നിയമനം വര്‍ധിപ്പിച്ചതായി റിക്രൂട്ടിംഗ് വിദഗ്ധര്‍ പറഞ്ഞു.

ഈ വര്‍ഷാരംഭം മുതല്‍ മൊബൈല്‍ ഫോണ്‍ വിപണി മന്ദഗതിയിലാണ്. എന്നാല്‍ 5 ജി സേവനങ്ങള്‍ സ്ഥിരത കൈവരിച്ചതോടെ 5 ജി സ്മാര്‍ട്ട്‌ഫോണുകളുടെ ആവശ്യകതയുമാണ് വിപണിയെ മുന്നോട്ട് നയിച്ചത്. അതിനാല്‍ ഉത്സവ സീസണില്‍ നിയമനങ്ങളില്‍ 15 ശതമാനം വര്‍ധനയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ടെലികോം നിര്‍മ്മാണത്തിനായി പ്രഖ്യാപിച്ച പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിയും ഈ വിഭാഗത്തിലെ ഉയര്‍ന്ന നിയമനത്തിന് സംഭാവന നല്‍കും. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഈ പദ്ധതി ടെലികോം നിര്‍മ്മാണ മേഖലയില്‍ ഇതിനകം 17,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.

'ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ഇന്ത്യയിലെ ടെലികമ്മ്യൂണിക്കേഷന്‍ മേഖലയുടെ വളർച്ച്യ്ക്ക് പിഎല്‍ഐ സ്‌കീം രൂപം നല്‍കിയിട്ടുണ്ട്. പിഎല്‍ഐ സ്‌കീം വഴി അടുത്ത 12 മാസത്തിനുള്ളില്‍ ഈ മേഖലയില്‍ 50 ശതമാനം തൊഴില്‍ വളര്‍ച്ച ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,' സിഐഇഎല്‍ എച്ച്ആര്‍ സര്‍വീസസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ആദിത്യ നാരായണ്‍ മിശ്ര പറഞ്ഞു.