5 March 2026 9:30 PM IST
Jio is shifting to an AI-focused platform-എഐ കേന്ദ്രീകൃത ഭാവിയിലേക്ക് ജിയോ; ടെലികോം രംഗത്ത് പുതിയ പ്രഖ്യാപനം
MyFin Desk
Summary
ടെലികോം സേവനങ്ങളുടെ ആദ്യഘട്ടം സംസാരത്തിന്റെ ദൈര്‍ഘ്യം വരുമാന മാര്‍ഗ്ഗമായിരുന്ന കാലമായിരുന്നു. രണ്ടാം ഘട്ടം ഡാറ്റ ബൈറ്റുകളുടേതായിരുന്നു. മൂന്നാം ഘട്ടമാണ് എഐ ടോക്കണുകള്‍.
കണക്റ്റിവിറ്റിക്ക് അതീതമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കേന്ദ്രീകൃതമായ ഭാവിയിലേക്കുള്ള ജിയോ പ്ലാറ്റ്‌ഫോംസിന്റെ പുതിയ ചുവടുമാറ്റം പ്രഖ്യാപിച്ച് സിഇഒ മാത്യു ഉമ്മൻ. മൂന്നു ഘട്ടങ്ങളിലൂടെയുള്ള ടെലികോം വ്യവസായ പരിണാമത്തിന്റെ അടുത്ത ഘട്ടത്തിലേക്കാണ് ജിയോ ഇന്ത്യയെ നയിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ബാഴ്‌സലോണയിൽ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി പ്രദർശനമായ മൊബൈൽ വേൾഡ് കോൺഗ്രസിലാണ് സുപ്രധാന പ്രഖ്യാപനം നടന്നത്.
ടെലികോം വ്യവസായത്തിലെ മൂന്നാം പരിണാമ ഘട്ടം
കേവലം ഡാറ്റ കൈമാറുന്ന ശൃംഖലകളിൽ നിന്ന് ആധുനിക എഐ സേവനങ്ങളുടെ പവർഹൗസുകളായി ടെലികോം കമ്പനികൾ മാറുന്ന കാലത്തേക്കാണ് ലോകം കടക്കുന്നതെന്ന് മാത്യു ഉമ്മൻ പറഞ്ഞു. ടെലികോം വ്യവസായം ഇപ്പോൾ മൂന്നാമത്തെ വലിയ പരിണാമ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. വോയ്സ് കോളുകളിൽ നിന്ന് ഡാറ്റയിലേക്കും, ഇപ്പോൾ എഐ പ്രോസസ്സിംഗിന്റെ അടിസ്ഥാന യൂണിറ്റായ ‘ടോക്കണുകളിലേക്കും’ വിപണി മാറുകയാണ്. എഐ മാതൃകകൾ വിവരങ്ങൾ വിശകലനം ചെയ്യാനും ഭാഷ കൈകാര്യം ചെയ്യാനും ഉപയോഗിക്കുന്ന അടിസ്ഥാന ഘടകങ്ങളെയാണ് ടോക്കണുകൾ എന്ന് വിളിക്കുന്നത്.
വോയ്സിൽ നിന്ന് ഡാറ്റയിലേക്കും, ഇനി എഐ ടോക്കണുകളിലേക്കും
ടെലികോം സേവനങ്ങളുടെ ആദ്യഘട്ടം സംസാരത്തിൻ്റെ ദൈർഘ്യം വരുമാന മാർഗ്ഗമായിരുന്ന കാലമായിരുന്നു. പിന്നീട് രണ്ടാം ഘട്ടത്തിൽ ഡാറ്റ ബൈറ്റുകളാണ് പ്രധാനമായത്. ഇപ്പോൾ മൂന്നാം ഘട്ടമായി എഐ ടോക്കണുകളാണ് വരുമാനത്തിൻ്റെ പുതിയ അളവുകോലാകുന്നത്. കണക്റ്റിവിറ്റി എന്ന പ്രാഥമിക ലക്ഷ്യത്തിനപ്പുറം, നെറ്റ്‌വർക്കിനുള്ളിൽ തന്നെ അതിവേഗ എഐ പ്രോസസ്സിംഗ് സാധ്യമാക്കുകയാണ് ജിയോയുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
വിലയിൽ വീണ്ടും വിപ്ലവം ലക്ഷ്യമിട്ട് ജിയോ
ഇന്ത്യൻ വിപണിയിൽ വോയ്സ് കോളുകൾ സൗജന്യമാക്കിയും ഒരു ജിബി ഡാറ്റയ്ക്ക് ഒൻപത് സെന്റ് എന്ന ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക് അവതരിപ്പിച്ചുമാണ് ജിയോ മുമ്പ് ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ചത്. അതേ രീതിയിലുള്ള ഒരു പ്രൈസിങ് ഡിസ്റപ്ഷൻ എഐ മേഖലയിലും കൊണ്ടുവരാനാണ് ജിയോയുടെ പദ്ധതി. ഇതിൻറെ ഭാഗമായി ജിയോ സ്വന്തമായി ഒരു ‘ഇൻ്റലിജൻസ് ഗ്രിഡ്’ വികസിപ്പിക്കുന്നതായും മാത്യു ഉമ്മൻ അറിയിച്ചു.
ഇന്ത്യ ലോകത്തിൻ്റെ എഐ ‘ബാക്ക് ഓഫീസ്’
ആഗോളതലത്തിൽ ഈ വർഷം ഏകദേശം 3 ട്രില്യൺ ഡോളറിന്റെ നിക്ഷേപമാണ് എഐ മേഖലയിലേക്ക് എത്തുമെന്നാണ് കണക്കുകൂട്ടൽ. ഈ വലിയ നിക്ഷേപത്തിന്റെ പ്രയോജനം ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്നതാണ് ജിയോ പ്ലാറ്റ്‌ഫോംസിന്റെ ലക്ഷ്യം. ഇതിലൂടെ ഇന്ത്യയെ ലോകത്തിന്റെ എഐ ‘ബാക്ക് ഓഫീസ്’ ആക്കി മാറ്റാനും ടെലികോം രംഗത്ത് ഇന്ത്യയുടെ ആഗോള നേതൃത്വവും ശക്തിപ്പെടുത്താനുമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പഠിക്കാം & സമ്പാദിക്കാം
Home
