11 Sept 2026 12:59 PM IST
Summary
താമസിയാതെ ദീര്‍ഘകാല റീചാര്‍ജുകള്‍ ചെയ്യുന്നതാകും ഉപയോക്താക്കള്‍ക്ക് ലാഭകരം
രാജ്യത്തെ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് തിരിച്ചടി. റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവ അടുത്ത രണ്ട് പാദത്തിനുള്ളില്‍ നിരക്കുകള്‍ 16% മുതല്‍ 20% വരെ കൂട്ടാന്‍ ഒരുങ്ങുന്നു. നെറ്റ്വര്‍ക്കും ഡാറ്റാ സെന്ററുകളും ഉള്‍പ്പെടെ വന്‍ നിക്ഷേപങ്ങള്‍ക്ക് തയ്യാറെടുക്കുന്നതിനാലാണ് ഈ നീക്കം. ജിയോയുടെ ഓഹരി വിപണി ലിസ്റ്റിംഗിന് തൊട്ടുമുന്‍പ് തന്നെ വര്‍ദ്ധനവ് ഉണ്ടായേക്കുമെന്നാണ് സൂചന.
ഡാറ്റ ഉപയോഗത്തില്‍ വന്‍ വര്‍ദ്ധന
ഔദ്യോഗികമായി നിരക്ക് കൂട്ടിയില്ലെങ്കിലും കമ്പനികള്‍ പതുക്കെ വരുമാനം കൂട്ടുന്നുണ്ട്. കഴിഞ്ഞ പാദത്തില്‍ എയര്‍ടെല്ലിന്റെ ഓരോ ഉപയോക്താവില്‍നിന്നുമുള്ള ശരാശരി വരുമാനം 264 രൂപയായും ജിയോയുടേത് 215.6 രൂപയായും വി-യുടേത് 177 രൂപയായും ഉയര്‍ന്നു. ജിയോ ഉപയോക്താക്കള്‍ മാസം 43.7 ജിബി ഡാറ്റയാണ് ഉപയോഗിക്കുന്നത്, എയര്‍ടെല്‍ 34.4 ജിബിയും ഐഡിയ വൊഡാഫോണ്‍ 21.7 ജിബിയുമാണ്. എന്‍ട്രി ലെവല്‍ പ്ലാനുകള്‍ വെട്ടിക്കുറച്ച് 349 രൂപയുടെ പ്ലാനുകളിലേക്ക് ഉപയോക്താക്കളെ എത്തിക്കുന്ന തന്ത്രമാണ് ഇപ്പോള്‍ നടക്കുന്നത്.
ജിയോയുടെ മെഗാ ഐപിഒ ഈ നവരാത്രിക്ക്?
ജിയോയുടെ ഐപിഒ വഴി 37,700 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം. കമ്പനിയുടെ മൂല്യം 11.9 ലക്ഷം കോടി മുതല്‍ 15.6 ലക്ഷം കോടി വരെയാകാമെന്നാണ് കണക്ക്. സെബിയുടെ പുതിയ നിയമപ്രകാരം 5 ലക്ഷം കോടിക്ക് മുകളിലുള്ള കമ്പനികള്‍ക്ക് 1% ഓഹരി മാത്രം വില്‍പ്പന നടത്തിയാല്‍ മതി, അതിനാല്‍ 2.5% ല്‍ താഴെ ഓഹരി വില്‍പ്പനയിലൂടെ തന്നെ റെക്കോര്‍ഡ് തുക നേടാനാകും. ഈ നവരാത്രി കാലത്ത് ലിസ്റ്റിംഗ് ഉണ്ടായേക്കുമെന്നാണ് വിപണി പ്രതീക്ഷ.
ഇപ്പോള്‍ റീചാര്‍ജ് ചെയ്താല്‍ ലാഭം
2029 വരെ എയര്‍ടെല്‍ 11.2 ബില്യണ്‍ ഡോളറും വി 4.7 ബില്യണ്‍ ഡോളറും നിക്ഷേപിക്കാന്‍ പദ്ധതിയിടുമ്പോള്‍, റിലയന്‍സ് ഗ്രൂപ്പ് 10 ലക്ഷം കോടിയുടെ നിക്ഷേപമാണ് പ്രഖ്യാപിച്ചത്. ഈ ചെലവ് തിരിച്ചുപിടിക്കാന്‍ നിരക്ക് കൂട്ടുകയല്ലാതെ വഴിയില്ലെന്ന് കമ്പനികള്‍ പറയുന്നു. ജിയോ നിരക്ക് കൂട്ടിയാല്‍ മറ്റുകമ്പനികളും പിന്നാലെ വരും. അതിനാല്‍ നിരക്ക് വര്‍ധനവിന് മുന്‍പ് തന്നെ ദീര്‍ഘകാല പ്ലാനുകളിലേക്ക് മാറുന്നതാകും ഉപയോക്താക്കള്‍ക്ക് ലാഭകരം.
പഠിക്കാം & സമ്പാദിക്കാം
Home
