image

4 July 2023 6:24 AM GMT

Telecom

2ജി ഫോണുകളെ പുറത്താക്കാന്‍ പദ്ധതിയുമായി ജിയോ

MyFin Desk

reliance jio to bring 2g people to 4g
X

Summary

  • രാജ്യത്ത് 2ജിഫോണുകള്‍ ഉപയോഗിക്കുന്ന 250 ദശലക്ഷം ആള്‍ക്കാര്‍
  • ഗ്രാമീണ മേഖലയില്‍ കൂടുതല്‍ വിപണി വിഹിതം നേടാനുള്ള ജിയോയുടെ ശ്രമം
  • ടെലികോം ഉപഭോക്തൃ അടിത്തറയില്‍ ജിയോ ഇതിനകം തന്നെ 439 ദശലക്ഷം കടന്നു


ഇന്ത്യയില്‍ നിന്നും 2ജി ഫോണുകള്‍ ഒഴിവാക്കുന്നതിന് പദ്ധതിയുമായി റിലയന്‍സ് ജിയോ. ലോകം 5ജി വിപ്ലവത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ 2ജി യുഗത്തില്‍ കുടുങ്ങിക്കിടക്കുന്ന 250 ദശലക്ഷം മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളാണ് ഇന്ത്യയിലുള്ളത്. ഈ ഉപയോക്താക്കളെ കുറഞ്ഞ നിരക്കില്‍ നാലാം തലമുറയിലേക്ക് എത്തിക്കുക എന്ന ദൗത്യമാണ് ജിയോ ഏറ്റെടുക്കുക.

ഇതിനായി ഏറ്റവും കുറഞ്ഞ നിരക്കില്‍ 4ജി ഫോണുകള്‍ ജിയോ മാര്‍ക്കറ്റില്‍ ലഭ്യമാക്കും. വെറും 999 രൂപയിലാകും 4ജി ഫീച്ചര്‍ഫോണ്‍ അവതരിപ്പിക്കുക. ഇത് ഇന്ത്യയിലെ ഉള്‍പ്രദേശങ്ങളില്‍ വിപണി വിഹിതം നേടാനുള്ള ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ ടെലികോം വിഭാഗത്തിന്റെ ഏറ്റവും പുതിയ ശ്രമമാണ്.

കഴിഞ്ഞ ദശകത്തില്‍ താരിഫുകള്‍ തീരെ കുറച്ചുകൊണ്ടാണ് ജിയോ ഇന്ത്യന്‍ ടെലികോം മേഖലയിലേക്ക് കടന്നുവന്നത്. ഇത് മറ്റ് ടെലികോം കമ്പനികളുടെ വരിക്കാരെ ജിയോയിലേക്ക് കഎത്തിക്കാന്‍ പര്യാപ്തമായിരുന്നു. പിന്നീട് കുറഞ്ഞ നിരക്കില്‍ ഫോണുകളും ഇറക്കി തങ്ങളുടെ മേഖല അടിയുറച്ചതാക്കി.

5ജി യുഗത്തിലേക്ക് ഇന്ത്യയും കടന്നതോടെ ഇപ്പോഴും രണ്ടാം തലമുറയില്‍ തുടരുന്നവരെ അടുത്തതലത്തിലേക്ക് എത്തിക്കാനുള്ള ശ്രമമാണിതെന്ന് റിലയന്‍സ് ജിയോ ചെയര്‍മാന്‍ ആകാശ് അംബാനി പ്രസ്താവനയില്‍ പറഞ്ഞു. ടെലികോം ഉപഭോക്തൃ അടിത്തറയില്‍ ഇതിനകം തന്നെ 439 ദശലക്ഷം കടന്ന ജിയോയുടെ നേതൃത്വം ഉറപ്പിക്കാന്‍ ഈ നീക്കം സഹായിക്കും. കമ്പനി ഇന്ന് എതിരാളികളായ വോഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ എന്നിവയെക്കാള്‍ വളരെ മുന്നിലാണ്.

നിലവില്‍, കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് പ്രകാരം ഇന്ത്യയിലെ ഫീച്ചര്‍ ഫോണ്‍ വില്‍പ്പനയുടെ ഒരു ശതമാനത്തില്‍ താഴെമാത്രമാണ് 4ജി ഫീച്ചര്‍ഫോണുകള്‍. കൊറോണ പകര്‍ച്ചവ്യാധിക്കാലമാണ് എല്ലാവര്‍ക്കും സ്മാര്‍ട്ട്‌ഫോണ്‍ വേണ്ടതിന്റെ ആവശ്യകത എടുത്തുകാട്ടിയ സമയം. അന്ന് സ്‌കൂള്‍ ക്ലാസുകള്‍ പോലും ഓണ്‍ലൈനിലായി. സാധനങ്ങള്‍ വാങ്ങാന്‍ സാധാരണക്കാര്‍ പോലും ഓണ്‍ലൈന്‍ ഉപയോഗിച്ചു. പണവിനിമയം ഡിജിറ്റലായി.

ഈ അവസരത്തിലും 2ജിയില്‍ കുടുങ്ങിക്കിടക്കുന്നവരെ നാലാംതലമുറയിലേക്ക് എത്തിക്കാനാണ് ജിയോ ശ്രമിക്കുന്നത്. പകര്‍ച്ചവ്യാധിക്കാലം കടന്നതോടെ ഫീച്ചര്‍ ഫോണിലേക്കുള്ള സ്മാര്‍ട്ട്ഫോണിലേക്കുള്ള മാറ്റം മന്ദഗതിയിലായി. ഇവിടെയാണ് റിലയന്‍സ് ജിയോ വിപണി കാണുന്നത്.

ജിയോ പുറത്തിക്കുന്ന ഫീച്ചര്‍ ഫോണുകള്‍ അടിസ്ഥാന ഫോണുകളേക്കാള്‍ ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള മോഡലുകളാണ്, എന്നാല്‍ ഒരു സ്മാര്‍ട്ട്‌ഫോണിന്റെ കഴിവുകള്‍ അവയ്ക്ക് ഉണ്ടാവില്ല.

പതിനായിരം രൂപയ്ക്ക് താഴെയുള്ള വിഭാഗത്തില്‍ ഇന്നും 5ജി അവ്യക്തമായാണ് തുടരുന്നത്. കാരണം എല്ലാഫോണുകളും 5ജി അല്ല. അവ മാറി വാങ്ങുന്ന കാലത്തുമാത്രമെ അങ്ങനെ ഒരു സാധ്യത തുറക്കപ്പെടുന്നുള്ളു. അപ്പോള്‍ ഇന്ത്യയില്‍ ഇന്നും 4ജി സുപ്രധാനമാണ്.

ജിയോഭാരത് എന്നു വിളിക്കപ്പെടുന്ന ആദ്യത്തെ ഒരു ദശലക്ഷം ഫോണുകളുടെ ബീറ്റ ട്രയല്‍ ജൂലൈ ഏഴിന് ആരംഭിക്കുന്നു. ഇതിനുപുറമേ മാതൃസ്ഥാപനമായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഗൂഗിളുമായി ചേര്‍ന്ന് ഒരു ബജറ്റ് 5ജി സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു, ഇതു സംബന്ധിച്ച് കമ്പനി പുതിയ വിവരങ്ങള്‍ ഒന്നുംതന്നെ നല്‍കിയിട്ടില്ല.