image

20 Dec 2022 6:35 AM GMT

Telecom

ടെലികോം വരിക്കാരുടെ എണ്ണം ഒക്ടോബറില്‍ 117 കോടിയായി കുറഞ്ഞു

MyFin Desk

ടെലികോം വരിക്കാരുടെ എണ്ണം ഒക്ടോബറില്‍ 117 കോടിയായി കുറഞ്ഞു
X


രാജ്യത്തെ ടെലികോം വരിക്കാരുടെ എണ്ണം കുറഞ്ഞതായി റിപ്പോര്‍ട്ട്. വോഡാഫോണ്‍ ഐഡിയ, ബിഎസ്എന്‍എല്‍ എന്നീ കമ്പനികളുടെ മൊബൈല്‍ വരിക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്നാണിത്. ഒക്ടോബറില്‍ ടെലികോം വരിക്കാരുടെ എണ്ണം 117 കോടിയായെന്ന് ടെലികോം റെഗുലേറ്റര്‍ ട്രായി പുറത്തു വിട്ട റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കി.

റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ എന്നിവയ്ക്ക് പുതിയ ഉപഭോക്താക്കള്‍ ഉണ്ടായിട്ടുണ്ടെങ്കിലും വൊഡാഫോണ്‍ ഐഡിയ, ബിഎസ്എന്‍എല്‍ എന്നിവയ്ക്ക് വലിയ തോതിലാണ് ഉപഭോക്താക്കളുടെ എണ്ണം കുറഞ്ഞത്. 22.1 ലക്ഷം മൊബൈല്‍ വരിക്കാരാണ് ഒക്ടോബറില്‍ ജിയോയ്ക്കും ഭാരതി എയര്‍ടെല്ലിനുമായി ലഭിച്ചത്. എന്നാല്‍ വോഡാഫോണ്‍ ഐഡിയയ്ക്ക് ഈ കാലയളവില്‍ 35 ലക്ഷം വരിക്കാരെയാണ് നഷ്ടമായത്. ബിഎസ്എന്‍എല്ലിന് 5.19 ലക്ഷം ഉപഭോക്താക്കളും, എംടിഎന്‍എല്ലിന് 3,591 വരിക്കാരും കുറഞ്ഞു.

ടെലിഫോണ്‍ വരിക്കാരുടെ എണ്ണം ഈ വര്‍ഷം സെപ്റ്റംബര്‍ അവസാനത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 1,171.92 മില്യണ്ണില്‍ നിന്നും ഒക്ടോബറില്‍ 1,170.45 മില്യണ്‍ ആയി കുറഞ്ഞു. ഒരു മാസത്തിനിടയില്‍ 0.12 ശതമാനത്തിന്റെ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും ട്രായി വ്യക്തമാക്കി. ഒക്ടോബറിലെ ആകെ മൊബൈല്‍ വരിക്കാരുടെ എണ്ണം സെപ്റ്റംബറില്‍ റിപ്പോര്‍ട്ട് ചെയ്ത 114.54 കോടിയില്‍ നിന്നും 114.36 കോടിയായി.