image

28 Sept 2026 2:07 PM IST

Telecom

28 ദിവസത്തെ റീചാർജ് കൊള്ളയ്ക്ക് ട്രായുടെ പൂട്ട്; ഇനി 30 ദിവസത്തെ പ്ലാനുകൾ

MyFin Desk

new sim card rule from today, fine of rs10 lakh for violating the law
X

Summary

ഇനി ഒരു മാസത്തെ റീചാർജ് പ്ലാൻ എന്ന് പറഞ്ഞ് 28 ദിവസത്തെ വാലിഡിറ്റിയിൽ


ഇന്ത്യൻ ടെലികോം വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിവെച്ചുകൊണ്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ . പുതിയ ഉപഭോക്തൃ സംരക്ഷണ നിയമഭേദഗതി ട്രായി പുറത്തിറക്കി. പ്രതിമാസ പ്ലാൻ എന്ന പേരിൽ ടെലികോം കമ്പനികൾ നൽകിയിരുന്ന 28 ദിവസത്തെ റീചാർജ് വാലിഡിറ്റിക്ക് ഇതോടെ അവസാനമാകും. വർഷങ്ങളായി കമ്പനികൾ തുടർന്നുപോന്ന ഈ തന്ത്രത്തിലൂടെ ഉപഭോക്താക്കൾക്ക് ഓരോ വർഷവും ഒരു മാസത്തെ അധിക തുക നഷ്ടപ്പെട്ടിരുന്നു. പാർലമെന്റിൽ ഉൾപ്പെടെ ശക്തമായ ജനവികാരം ഉയർന്നതിനെ തുടർന്നാണ് ട്രായുടെ ഈ നിർണായക ഇടപെടൽ.

പുതിയ 'ടെലികോം കൺസ്യൂമർ പ്രൊട്ടക്ഷൻ 13-ാം ഭേദഗതി ചട്ടം-2026 പ്രകാരം രാജ്യത്തെ എല്ലാ പ്രമുഖ ടെലികോം സേവനദാതാക്കളും നിർബന്ധമായും 30 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുകൾ ലഭ്യമാക്കണം. 28 ദിവസത്തെ സൈക്കിൾ മാറ്റി പകരം 30 ദിവസത്തെ പ്ലാനുകൾ വരുന്നതോടെ ഉപഭോക്താക്കൾ വർഷത്തിൽ 13 തവണ നിർബന്ധിത റീചാർജ് ചെയ്യേണ്ടി വന്നിരുന്ന അവസ്ഥ ഇല്ലാതാകുകയും അത് 12 തവണയായി ചുരുങ്ങുകയും ചെയ്യും. ഇത് സാധാരണക്കാരായ കോടിക്കണക്കിന് പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് വലിയ രീതിയിലുള്ള സാമ്പത്തിക ലാഭമാണ് നൽകുന്നത്.

റീചാർജ് വാലിഡിറ്റി വർദ്ധിപ്പിക്കുന്നതിനൊപ്പം, ഇന്റർനെറ്റ് ഡാറ്റ ആവശ്യമില്ലാത്ത ഉപഭോക്താക്കൾക്കായി പ്രത്യേക വോയിസ് ,എസ്എംഎസ് ഒൺലി പ്ലാനുകളും ട്രായ് നിർബന്ധമാക്കിയിട്ടുണ്ട്. നിലവിൽ സ്മാർട്ട്ഫോൺ ഉപയോഗിക്കാത്ത സാധാരണക്കാർക്കും മുതിർന്ന പൗരന്മാർക്കും കോളിംഗ് സൗകര്യത്തിന് മാത്രമായി ഡാറ്റ ഉൾപ്പെടുന്ന വലിയ പ്ലാനുകൾ എടുക്കേണ്ടി വന്നിരുന്നു. എന്നാൽ പുതിയ ഉത്തരവിലൂടെ, ഡാറ്റ ഒഴിവാക്കിക്കൊണ്ട് കോളിംഗിനും എസ്എംഎസിനും മാത്രമായി കുറഞ്ഞ നിരക്കിലുള്ള വൗച്ചറുകൾ കമ്പനികൾക്ക് വിപണിയിലെത്തിക്കേണ്ടി വരും. ടെലികോം വിപണിയിൽ ഈ പരിഷ്കാരം വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബജറ്റിനിണങ്ങുന്ന മികച്ച പ്ലാനുകൾ തിരഞ്ഞെടുക്കാം

ജിയോ, എയർടെൽ, വി, ബിഎസ്എൻഎൽ തുടങ്ങിയ പ്രമുഖ കോർപ്പറേറ്റ് കമ്പനികൾക്ക് തങ്ങളുടെ നിലവിലുള്ള വരുമാന തന്ത്രങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്തേണ്ടി വരുമെന്നാണ് വിലയിരുത്തൽ. എല്ലാ മാസവും ഒരേ തീയതിയിൽ തന്നെ പുതുക്കാവുന്ന പ്രത്യേക പ്രതിമാസ പ്ലാനുകളും അവതരിപ്പിക്കാൻ കമ്പനികൾ ബാധ്യസ്ഥരാണ്.

ഉപഭോക്താക്കൾക്ക് ബജറ്റിന് ഇണങ്ങുന്ന മികച്ച പ്ലാനുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇത് സാധ്യമാക്കും. വിജ്ഞാപനം പുറപ്പെടുവിച്ച് നിശ്ചിത ദിവസങ്ങൾക്കകം പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുത്താനാണ് കമ്പനികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് മേൽ ഉപഭോക്തൃ അവകാശങ്ങൾക്ക് മുൻഗണന നൽകുന്ന ട്രായുടെ നിർദേശം സാധാരണക്കാരെ സാമ്പത്തികമായി സഹായിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.