image

21 Dec 2023 11:55 AM GMT

Telecom

വൊഡാഫോണ്‍-ഐഡിയ ആക്ടീവ് യൂസര്‍മാരുടെ എണ്ണത്തില്‍ വര്‍ധന; 17 മാസത്തിനിടെ ആദ്യം

MyFin Desk

വൊഡാഫോണ്‍-ഐഡിയ ആക്ടീവ് യൂസര്‍മാരുടെ എണ്ണത്തില്‍ വര്‍ധന; 17 മാസത്തിനിടെ ആദ്യം
X

Summary

  • ഇതിനു മുന്‍പ് വൊഡാഫോണ്‍-ഐഡിയ ആക്ടീവ് യൂസര്‍മാരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയത് 2022 മാര്‍ച്ച് മാസമായിരുന്നു
  • കമ്പനിയുടെ 4ജി വരിക്കാരുടെ എണ്ണം 126.5 ദശലക്ഷമാണ്
  • സെപ്റ്റംബറില്‍ ബിഎസ്എന്‍എല്ലിന് 2.33 ദശലക്ഷം വരിക്കാരെ നഷ്ടപ്പെട്ടു


പ്രമുഖ ടെലികോം ഓപ്പറേറ്ററായ വൊഡാഫോണ്‍-ഐഡിയ 2023 സെപ്റ്റംബറില്‍ അവരുടെ നെറ്റ്‌വര്‍ക്കിലേക്ക് കൂടുതല്‍ പേരെ കൂട്ടിച്ചേര്‍ത്തു. 17 മാസത്തിനിടെ ആദ്യമാണ് കൂടുതല്‍ പേര്‍ നെറ്റ് വര്‍ക്കിലേക്ക് എത്തിയിരിക്കുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) കണക്ക്പ്രകാരമാണിത്.

സെപ്റ്റംബര്‍ അവസാനം വൊഡാഫോണ്‍-ഐഡിയയുടെ ആക്ടീവ് യൂസര്‍മാര്‍ 199.8 ദശലക്ഷമായിരുന്നു. ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് 0.4 ദശലക്ഷത്തിന്റെ വര്‍ധനയാണു സെപ്റ്റംബറില്‍ രേഖപ്പെടുത്തിയത്.

ഇതിനു മുന്‍പ് ആക്ടീവ് യൂസര്‍മാരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയത് 2022 മാര്‍ച്ച് മാസമായിരുന്നു. അന്ന് 226.1 ദശലക്ഷം ആക്ടീവ് യൂസര്‍മാരുണ്ടായിരുന്നു.

2023 സെപ്റ്റംബര്‍ അവസാനം വരെ, കമ്പനിയുടെ 4ജി വരിക്കാരുടെ എണ്ണം 126.5 ദശലക്ഷമാണ്. മുന്‍ മാസത്തെ അപേക്ഷിച്ച് ഏകദേശം 1 ദശലക്ഷത്തിന്റെ വര്‍ധനയുണ്ടായി.

സെപ്റ്റംബറില്‍ ബിഎസ്എന്‍എല്ലിന് 2.33 ദശലക്ഷം വരിക്കാരെ നഷ്ടപ്പെട്ടു. 4ജി സേവനങ്ങളുടെ അഭാവം, സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരില്‍ നിന്നുള്ള കടുത്ത മത്സരം എന്നിവയാണു കാരണം.

തുടര്‍ച്ചയായി 21-ാം മാസമാണ് ബിഎസ്എന്‍എല്ലിനു വരിക്കാരെ നഷ്ടപ്പെടുന്നത്.

സെപ്റ്റംബറില്‍ 0.6 ദശലക്ഷം ആക്ടീവ് യൂസര്‍മാരെയും ബിഎസ്എന്‍എല്ലിനു നഷ്ടപ്പെട്ടു.

സെപ്റ്റംബര്‍ അവസാനം വരെ രാജ്യത്തെ മൊത്തത്തിലുള്ള മൊബൈല്‍ വരിക്കാരുടെ എണ്ണം 1.15 ബില്യണ്‍ ആണ്. ഇതില്‍ 17 ലക്ഷം പേരെ കൂട്ടിച്ചേര്‍ത്തത് സെപ്റ്റംബറിലാണ്.

1.15 ബില്യണ്‍ വരിക്കാരില്‍ 91 ശതമാനം പേര്‍ അഥവാ 1.046 ബില്യണ്‍ പേരും ആക്ടീവ് യൂസര്‍മാരാണ്.