image

10 Nov 2022 8:23 AM GMT

Telecom

ടിസിഎസുമായി 26,821 കോടി രൂപയുടെ 4ജി കരാര്‍: ബിഎസ്എന്‍എല്ലിന് അനുമതി

MyFin Desk

tcs and bsnl deal
X

tcs and bsnl deal

Summary

ആദ്യഘട്ടത്തില്‍ ബിഎസ്എന്‍എല്‍ 10,000 കോടി രൂപ ടിസിഎസിനു നല്‍കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. 4ജി സൈറ്റുകള്‍ സ്ഥാപിക്കുന്നതിനൊപ്പം ടിസിഎസ് ഒമ്പത് വര്‍ഷത്തേക്ക് നെറ്റ് വര്‍ക്ക് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ട ചുമതലയും വഹിക്കും.


സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിന് 4ജി സേവനം പുറത്തിറക്കുന്നതിന് ഐടി സേവന കമ്പനിയായ ടിസിഎസുമായി 26,821 കോടി രൂപയുടെ കരാറിന് അനുമതി. ആദ്യഘട്ടത്തില്‍ ബിഎസ്എന്‍എല്‍ 10,000 കോടി രൂപ ടിസിഎസിനു നല്‍കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. 4ജി സൈറ്റുകള്‍ സ്ഥാപിക്കുന്നതിനൊപ്പം ടിസിഎസ് ഒമ്പത് വര്‍ഷത്തേക്ക് നെറ്റ് വര്‍ക്ക് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ട ചുമതലയും വഹിക്കും.

2023 ജനുവരിക്കുള്ളില്‍ 4ജി സേവനം ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ടാറ്റ സണ്‍സ് യൂണിറ്റ് തേജസ് നെറ്റ് വര്‍ക്കാണ് ബിഎസ്എന്‍എല്ലിനു വേണ്ടി ഉപകരണങ്ങള്‍ നിര്‍മിക്കുന്നത്. ഓര്‍ഡര്‍ ലഭിച്ച് 12 മാസത്തിനുള്ളില്‍ പ്രധാന ഉപകരണങ്ങളും, 24 മാസത്തിനുള്ളില്‍ റേഡിയോ ഉപകരണങ്ങളും നിര്‍മിക്കുമെന്ന് ടിസിഎസ് വ്യക്തമാക്കിയിരുന്നു. 4ജി അവതരിപ്പിച്ചതിനുശേഷം, 2023 ഓഗസ്റ്റോടെ 5ജി അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

രണ്ട് വര്‍ഷമായി 4ജി സേവനം പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. എച്ച്എഫ്‌സിഎല്‍, എല്‍ ആന്‍ഡ് ടി, ടെക് മഹീന്ദ്ര എന്നിവയില്‍ നിന്നും സര്‍ക്കാരിന് ബിഡുകള്‍ ലഭിച്ചിരുന്നു. 4ജി ലോഞ്ച്, പ്രവര്‍ത്തന ചെലവ്, മൂലധന ചെലവുകള്‍ എന്നിവയ്ക്കായി കേന്ദ്രം ബിഎസ്എന്‍എല്ലിന് 1.64 ലക്ഷം കോടി രൂപയുടെ ബെയ്‌ലൗട്ട് പാക്കേജാണ് നല്‍കിയിരിക്കുന്നത്.

ബിഎസ്എന്‍എല്ലിന്റെ 4ജി ലോഞ്ച് ചെയ്യുന്നതോടെ ടെലികോം നെറ്റ് വര്‍ക്ക് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതില്‍ യുഎസ്എ, സ്വീഡന്‍, ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും ചേരും. നിലവില്‍, സ്വീഡനിലെ എറിക്‌സണ്‍, ഫിന്‍ലന്‍ഡിന്റെ നോക്കിയ, ചൈനയുടെ ഹുവായ്, ദക്ഷിണ കൊറിയയിലെ സാംസങ് തുടങ്ങിയ കമ്പനികളാണ് വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്നത്.