image

20 July 2023 5:20 AM GMT

Textiles

വസ്ത്രഉല്‍പ്പാദനവും കയറ്റുമതിയും വര്‍ധിപ്പിക്കാന്‍ ഇന്ത്യ

MyFin Desk

വസ്ത്രഉല്‍പ്പാദനവും കയറ്റുമതിയും  വര്‍ധിപ്പിക്കാന്‍ ഇന്ത്യ
X

Summary

  • വിപണിയിലെ മത്സരം നേരിടുന്നതിന് ടെക്സ്‌റ്റൈല്‍ മേഖലയെ കൂടുതല്‍ ശക്തമാക്കണം
  • നൂതന ആശയങ്ങള്‍ മേഖലയില്‍ ആവിഷ്‌ക്കരിക്കണം
  • ഈവര്‍ഷം ആദ്യപാദത്തില്‍ വസ്ത്ര കയറ്റുമതി ഗണ്യമായ ഇടിവ്


2030 ഓടെ 250 ബില്യണ്‍ യുഎസ് ഡോളറിന്റെ ആഭ്യന്തര വസ്ത്ര ഉല്‍പ്പാദനവും 100 ബില്യണ്‍ യുഎസ് ഡോളറിന്റെ കയറ്റുമതിയും ഇന്ത്യ ലക്ഷ്യമിടുന്നു. ഈ നേട്ടം കൈവരിക്കുന്നതിനുള്ള മാര്‍ഗരേഖ സംബന്ധിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ചര്‍ച്ച നടത്തി.

'ടെക്സ്‌റ്റൈല്‍ മന്ത്രാലയം സംഘടിപ്പിച്ച ചിന്തന്‍ ശിവിറില്‍ ഉദ്യോഗസ്ഥരുമായും ജീവനക്കാരുമായും സംവദിക്കവേ, ആഗോള മത്സരം നേരിടാന്‍ തയ്യാറെടുക്കുന്നതിന് ടെക്സ്‌റ്റൈല്‍ മേഖലയെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുന്നതിനുള്ള സമഗ്രമായ സമീപനത്തിന് ഊന്നല്‍ നല്‍കണമെന്ന്് ഗോയല്‍ പറഞ്ഞു. ആഗോള വിപണിയില്‍ ഇന്ത്യയെ നിലനിറുത്തുന്നതിന് കൂട്ടായ പ്രതിബദ്ധതയുടെ ആവശ്യകത സംബന്ധിച്ചും വാണിജ്യമന്ത്രി സംസാരിച്ചു.

സെക്ടറില്‍ നൂതന ആശയങ്ങള്‍ കൊണ്ടുവരുന്നതിന് അദ്ദേഹം ഉദ്യോഗസ്ഥരെ ഉദ്‌ബോധിപ്പിച്ചു. മികച്ച സേവനത്തിനും വിതരണത്തിനുമായി സ്ഥാപന ഘടനയെ കാര്യക്ഷമമാക്കേണ്ടതിന്റെ പ്രാധാന്യം വളരെ വലുതാണെന്നും അദ്ദേഹം വ്യക്തമാക്കിയതായി ഔദ്യോഗിക പ്രസ്താവന പറയുന്നു.

ഇന്ത്യയുടെ വാര്‍ഷിക ടെക്‌സ്‌റ്റൈല്‍, വസ്ത്ര കയറ്റുമതി 2022 സാമ്പത്തിക വര്‍ഷത്തില്‍ 44.4 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. അതിനുമുമ്പുള്ള വര്‍ഷത്തെ അപേക്ഷിച്ച് 41 ശതമാനം വര്‍ധനവ് ഈ മേഖലയില്‍ ഉണ്ടായി. അതേസമയം 202324 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ വസ്ത്ര കയറ്റുമതി ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. 15.26 ശതമാനം ഇടിവാണ് ഈ മേഖലയില്‍ രേഖപ്പെടുത്തിയത്.

കോട്ടണ്‍ നൂല്‍, തുണിത്തരങ്ങള്‍, നിര്‍മ്മിതികള്‍, കൈത്തറി ഉല്‍പ്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ വിഭാഗങ്ങളിലുടനീളം തളര്‍ച്ച പ്രകടമാണ്. അസംസ്‌കൃത പരുത്തി, മാലിന്യ ഇറക്കുമതിയും ഈ പാദത്തില്‍ കുറഞ്ഞു.

ഈ തലത്തില്‍ നിന്നാണ് ടെക്‌സ്റ്റൈല്‍ മേഖല വന്‍ കുതിപ്പ് നടത്തണമെന്ന് വാണിജ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ 8440.59 ദശലക്ഷം ഡോളറാണ് ആദ്യപാദത്തില്‍ മേഖലയുടെ കയറ്റുമതി വരുമാനം. ഏഴുവര്‍ഷം കൊണ്ട് കയറ്റുമതി 100ബില്യണിലെത്തിക്കാനുള്ള പദ്ധതിക്കാണ് ഇന്ത്യ രൂപം കൊടുക്കുന്നത്.

ദക്ഷിണേന്ത്യയിലെ പല ടെക്സ്റ്റൈല്‍ മില്ലുകളും ഡിമാന്‍ഡ് ഇല്ലാത്തതുകാരണം ഉല്‍പ്പാദനം നിര്‍ത്തിവെച്ചത് മേഖലയിലെ പ്രതിസന്ധി വ്യക്തമാക്കുന്നുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ജൂണില്‍ ടെക്‌സ്‌റ്റൈല്‍, വസ്ത്ര കയറ്റുമതി 11.3ശതമാനമാണ് കുറഞ്ഞത്. കോട്ടണ്‍ നൂല്‍, തുണിത്തരങ്ങള്‍, നിര്‍മ്മിതികള്‍, കൈത്തറി ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതി പ്രതിവര്‍ഷം 1.21ശതമാനം കുറഞ്ഞു.

മറ്റ് പലരാജ്യങ്ങളും അവരുടെ ടെക്‌സ്റ്റൈല്‍ കയറ്റുമതി രംഗത്ത് മുരടിപ്പോ തകര്‍ച്ചയെ നേരിടുന്നുണ്ട്. ഉദാഹരണം ചൈനയുടെ ജപ്പാനിലേക്കുള്ള കയറ്റുമതിയില്‍ തകര്‍ച്ച നേരിട്ടിരിക്കുന്നു. ഇവിടെ ഇന്ത്യക്ക് അവസരം ഉപയോഗപ്പെടുത്താനാകും.

ലഭ്യമായ അവസരങ്ങള്‍ വിവേക പൂര്‍ണമായി ഉപയോഗിച്ചാല്‍ 2030ലേക്ക് ലക്ഷ്യം നേടാനാകുമെന്നാണ് വാണിജ്യമന്ത്രാലയം കരുതുന്നത്.