image

15 Nov 2022 5:50 PM GMT

Kerala

കിറ്റെക്‌സ് തെലങ്കാന പദ്ധതിക്ക് 2023 കോടി വായ്പയുമായി എസ്ബിഐ കൺസോർഷ്യം

C L Jose

കിറ്റെക്‌സ് തെലങ്കാന പദ്ധതിക്ക് 2023 കോടി വായ്പയുമായി എസ്ബിഐ കൺസോർഷ്യം
X

Summary

കൊച്ചി ആസ്ഥാനമായുള്ള മുൻനിര കമ്പനിയായ കിറ്റെക്‌സ് ഗാർമെന്റ്‌സിന്റെ (കെജിഎൽ) സബ്‌സിഡിയറിയാണ് തെലങ്കാനയിൽ സ്ഥാപിതമായ കിറ്റെക്‌സ് അപ്പാരൽ പാർക്ക്‌സ് ലിമിറ്റഡ് (കെഎപിഎൽ). ഇതിന്റെ വിപുലീകരണത്തിനാണു 2023 കോടി രൂപ ധനസഹായം നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം തയ്യാറായിരിക്കുന്നത്.


കൊച്ചി: തെലങ്കാനയിലെ കിറ്റെക്‌സ് ഗ്രൂപ്പിന്റെ 'ന്യൂസ് മേക്കർ' പ്രൊജക്റ്റിനു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്‌ബിഐ) നേതൃത്വത്തിൽ ഒരു...

കൊച്ചി: തെലങ്കാനയിലെ കിറ്റെക്‌സ് ഗ്രൂപ്പിന്റെ 'ന്യൂസ് മേക്കർ' പ്രൊജക്റ്റിനു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്‌ബിഐ) നേതൃത്വത്തിൽ ഒരു കൂട്ടം ബാങ്കുകൾ വമ്പിച്ച സാമ്പത്തിക സഹായം നൽകാൻ തയ്യാറായി മുന്നോട്ടു വന്നിരിക്കുന്നു.

കൊച്ചി ആസ്ഥാനമായുള്ള മുൻനിര കമ്പനിയായ കിറ്റെക്‌സ് ഗാർമെന്റ്‌സിന്റെ (കെജിഎൽ) സബ്‌സിഡിയറിയാണ് തെലങ്കാനയിൽ സ്ഥാപിതമായ കിറ്റെക്‌സ് അപ്പാരൽ പാർക്ക്‌സ് ലിമിറ്റഡ് (കെഎപിഎൽ). ഇതിന്റെ വിപുലീകരണത്തിനാണു 2023 കോടി രൂപ ധനസഹായം നൽകാൻ  എസ്‌ബിഐ-യുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം തയ്യാറായിരിക്കുന്നത്.

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ (യുബിഐ), ബാങ്ക് ഓഫ് ബറോഡ (ബിഒബി), ആക്സിസ് ബാങ്ക്, എക്സിം ബാങ്ക് എന്നിവയാണ് കൺസോർഷ്യത്തിലെ മറ്റ് ബാങ്കുകൾ. ഇതുമായി ബന്ധപ്പെട്ട ഡോക്യുമെന്റേഷൻ പുരോഗമിക്കുകയാണെന്ന് ബാങ്കിംഗ് വൃത്തങ്ങൾ അറിയിച്ചു.

ഗ്രൂപ്പിന്റെ തെലങ്കാന പ്രോജക്റ്റിന്റെ (കെഎപിഎൽ) 70 ശതമാനം ഉടമസ്ഥാവകാശം കെജിഎൽ കൈവശം വെച്ചിരിക്കുമ്പോൾ ശേഷിക്കുന്ന 30 ശതമാനം കിറ്റെക്‌സ് ചിൽഡ്രൻസ്‌വെയർ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ്.

കൺസോർഷ്യത്തിന്റെ വായ്പ സുരക്ഷിതമാക്കാൻ കോർപ്പറേറ്റ് ഗ്യാരണ്ടി നൽകുന്നതിന് കിറ്റെക്സ് ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്.

കോർപ്പറേറ്റ് ഗ്യാരന്റി നൽകുന്നതിന് ഉടമസ്ഥാവകാശ രേഖകൾക്കു അനുസൃതമായി കമ്പനി അതിന്റെ പ്രൊമോട്ടർ ഗ്രൂപ്പ് കമ്പനിയായ കിറ്റെക്സ് ചിൽഡ്രൻസ് വെയർ ലിമിറ്റഡുമായി സംയുക്തമായി 70:30 എന്ന അനുപാതത്തിലായിരിക്കും നൽകുകയെന്ന് ബോർഡ് വിശദീകരിച്ചു.

മൊത്തം നിക്ഷേപമായ 100 കോടിയിൽ 70 കോടി രൂപയുടെ ഓഹരികൾ കിറ്റെക്‌സ് ഗാർമെന്റ്‌സ് ഇതിനകം സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ട്, ബാക്കി 30 കോടി രൂപ ന്യൂനപക്ഷ പങ്കാളിയായ കിറ്റെക്‌സ് ചിൽഡ്രൻസ്‌വെയർ നിക്ഷേപിച്ചു.

എന്നിരുന്നാലും, ഗ്രൂപ്പിന്റെ 'മുഖം രക്ഷിക്കാനായുള്ള' ഈ സംരംഭത്തിൽ പ്രധാന ഓഹരിയുടമയായ കിറ്റെക്‌സ് ഗാർമെന്റ്‌സ് ഇതുവരെ 70 കോടി രൂപ അധികമായി നിക്ഷേപിച്ചിട്ടുണ്ട്. അങ്ങനെ 200 കോടി രൂപ അടച്ച മൂലധനമുള്ള ഈ പദ്ധതിയിൽ കിറ്റക്സിന്റെ നിക്ഷേപം 140 കോടി രൂപയായി ഉയർന്നു.

ലഭ്യമായ രേഖകൾ പ്രകാരം കെഎപിഎല്ലിന്റെ അംഗീകൃത മൂലധനം 750 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്.

പ്രകൃതിദത്തമോ സിന്തറ്റിക് നാരുകളോ അവയുടെ മിശ്രിതങ്ങളോ ഉപയോഗിച്ച് നൂൽ, കുട്ടികളുടെ വസ്ത്രങ്ങൾ, ശിശുവസ്‌ത്രങ്ങൾ, പുരുഷവസ്ത്രങ്ങൾ, സ്ത്രീവസ്ത്രങ്ങൾ എന്നിവയുൾപ്പെടെയുള്ള തുണിത്തരങ്ങൾ നിര്മിക്കുന്നതിനാണ് കെഎപിഎൽ സ്ഥാപിതമായത്.

2021 നവംബർ 18-ന് രജിസ്ട്രാർ ഓഫ് കമ്പനീസിൽ (RoC), ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവയിൽ രജിസ്റ്റർ ചെയ്ത ഈ പുതിയ കമ്പനി കെട്ടിപ്പടുക്കുന്നതിന് പിന്നിൽ കേരള രാഷ്ട്രീയവുമായി ബന്ധിപ്പിക്കുന്ന ഒരു കഥ ഉണ്ട്.

രണ്ടാംപാദ ലാഭം 8 ശതമാനം കുറഞ്ഞു

കിറ്റക്സിന്റെ ഈ വര്ഷം രണ്ടാം പാദത്തിലെ അറ്റാദായം 8.07 ശതമാനം കുറഞ്ഞ് 27.26 കോടി രൂപയിൽ നിന്ന് 25.06 കോടി രൂപയായി.

പ്രസ്തുത കാലയളവിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 141.67 കോടി രൂപയായിരുന്നു, കഴിഞ്ഞ വർഷം ഇതേ കാലയളവിലെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ 20.45 ശതമാനം കുറവാണിത്.

കിറ്റെക്‌സ് ഗാർമെന്റ്‌സിന്റെ അടച്ച മൂലധനം 6.65 കോടി രൂപയാണെങ്കിലും കമ്പനിയുടെ മൊത്തം ഓഹരി മൂലധനം 2022 സെപ്‌റ്റംബർ 30-ന് 906.60 കോടി രൂപയാണ്.

കിറ്റെക്സിന്റെ ഓഹരികൾ ചൊവ്വാഴ്ച എൻ എസ് ഇ-യിൽ 0.85 പൈസ വർധിച്ച് 195.80-ൽ എത്തി നിൽക്കുന്നു. കമ്പനി ഓഹരിയുടെ 52-ആഴ്ചത്തെ ഏറ്റവും ഉയർന്ന വില 309 രൂപയാണ്.