20 Nov 2026 1:39 PM IST
യുഎസില്‍ ഇന്ത്യന്‍ തുണിത്തരങ്ങള്‍ക്ക് വീണ്ടും ഡിമാന്‍ഡ്; ഇടിവ് കുറഞ്ഞു, പ്രതീക്ഷ കൂടി
MyFin Desk
Summary
അമേരിക്ക ആദ്യ മൂന്ന് പാദങ്ങളില്‍ ആകെ 76.4 ബില്യണ്‍ ഡോളറിന്റെ തുണിത്തരങ്ങളും വസ്ത്രങ്ങളും ഇറക്കുമതി ചെയ്തു. ഇതില്‍ വിയറ്റ്‌നാം 14.2 ബില്യണ്‍ ഡോളറുമായി ഒന്നാമതാണ്
യുഎസിലേക്കുള്ള ഇന്ത്യന്‍ തുണിത്തര, വസ്ത്ര കയറ്റുമതിയില്‍ പ്രതീക്ഷയുടെ വെളിച്ചം. ആദ്യ ഒമ്പത് മാസങ്ങളില്‍ ഇന്ത്യയുടെ കയറ്റുമതി 20.6% കുറഞ്ഞ് 6.2 ബില്യണ്‍ ഡോളറിലെത്തിയെങ്കിലും ഇടിവിന്റെ വേഗം കുറയുകയാണ്. ആദ്യ ആറ് മാസങ്ങളില്‍ 23.3% ഇടിവായിരുന്നു. ഇപ്പോള്‍ അത് 20.6% ആയി. അതായത് ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍ വ്യവസായം സാവധാനം തിരിച്ചുവരികയാണ്. താരിഫ് കൊടുങ്കാറ്റിനിടയിലും ഇന്ത്യ പിടിച്ചുനില്‍ക്കുന്നു എന്നതാണ് ഈ കണക്കിന്റെ സന്ദേശം.
അമേരിക്ക ആദ്യ മൂന്ന് പാദങ്ങളില്‍ ആകെ 76.4 ബില്യണ്‍ ഡോളറിന്റെ തുണിത്തരങ്ങളും വസ്ത്രങ്ങളും ഇറക്കുമതി ചെയ്തു. ഇതില്‍ വിയറ്റ്‌നാം 14.2 ബില്യണ്‍ ഡോളറുമായി ഒന്നാമത്. ചൈന 11.7 ബില്യണ്‍ ഡോളറുമായി രണ്ടാമത്. ബംഗ്ലാദേശ് 6.3 ബില്യണ്‍ ഡോളറുമായി മൂന്നാമത്. ഇന്ത്യ 6.2 ബില്യണ്‍ ഡോളറുമായി നാലാമത്. കംബോഡിയ 4.6 ബില്യണ്‍ ഡോളറുമായി അഞ്ചാമത്. യൂറോപ്യന്‍ യൂണിയന്‍ 11% വളര്‍ച്ചയോടെ 4.5 ബില്യണ്‍ ഡോളറുമായി ആറാമത്. ചൈനയുടെ ഇടിവ് മന്ദഗതിയിലായതും വിയറ്റ്‌നാം ഒന്നാമതെത്തിയതും അമേരിക്കയുടെ സോഴ്‌സിംഗ് മാപ്പ് പൂര്‍ണ്ണമായും മാറിയതിന്റെ തെളിവാണ്.
ആസിയാന്‍ മേഖലയില്‍ നിന്നുള്ള കയറ്റുമതി 2.5% വര്‍ധിച്ച് 24.8 ബില്യണ്‍ ഡോളറായി. എന്നാല്‍ ഇന്ത്യയുടെ കഥ വ്യത്യസ്തമാണ്. ഇടിവ് കുറയുന്നത് ഭാവി ഓര്‍ഡറുകളില്‍ ഇന്ത്യയ്ക്ക് വലിയ അവസരം തുറക്കും. അമേരിക്കന്‍ ബയര്‍മാര്‍ ഇപ്പോള്‍ ചൈനയെ മാത്രം ആശ്രയിക്കുന്നില്ല. പുതിയ സപ്ലയര്‍മാരെ തേടുകയാണ്. ആ അവസരം പിടിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമോ എന്നതാണ് ഇനിയുള്ള ചോദ്യം.
2025-ല്‍ അമേരിക്കയുടെ തുണിത്തര, വസ്ത്ര ഇറക്കുമതി 104 ബില്യണ്‍ ഡോളറായിരുന്നു. 2024-ലെ 107 ബില്യണ്‍ ഡോളറില്‍ നിന്ന് 3.3% കുറവ്. താരിഫ് സമ്മര്‍ദങ്ങള്‍ക്കിടയിലും വിപണി പൂര്‍ണമായി തകരാതെ പിടിച്ചുനിന്നു. ഇത് ഇന്ത്യയുള്‍പ്പെടെയുള്ള പ്രധാന വിതരണക്കാര്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കും. വര്‍ഷത്തിന്റെ അവസാന പാദങ്ങളില്‍ ഇന്ത്യയുടെ പുരോഗതി കൂടുതല്‍ ശക്തമാകുമെന്നാണ് വ്യാപാര വിദഗ്ധരുടെ പ്രതീക്ഷ. ഇടിവ് കുറയുന്നു, പ്രതീക്ഷ കൂടുന്നു - അതാണ് ഇന്ത്യന്‍ ടെക്‌സ്‌റ്റൈലിനുള്ള പുതിയ സന്ദേശം.
പഠിക്കാം & സമ്പാദിക്കാം
Home
