image

24 Jun 2026 12:01 PM IST

Textiles

ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ കുതിപ്പ്; ലക്ഷ്യം 100 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി, വന്‍ പദ്ധതികള്‍

MyFin Desk

textile sector booming, target, $100 billion in exports, big projects
X

Summary

തിരുപ്പൂര്‍, സൂററ്റ്, ലുധിയാന തുടങ്ങിയ രാജ്യത്തെ പ്രമുഖ തുണിത്തര നിര്‍മ്മാണ കേന്ദ്രങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രധാനമായും പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നത്


ഇന്ത്യയുടെ വസ്ത്ര-തുണിത്തര കയറ്റുമതി മേഖലയില്‍ വിപ്ലവകരമായ കുതിപ്പിന് തുടക്കമിട്ട് കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയം. 2030-ഓടെ രാജ്യത്തിന്റെ തുണിത്തര കയറ്റുമതി 100 ബില്യണ്‍ ഡോളര്‍ (ഏകദേശം 9.47 ലക്ഷം കോടി രൂപ) എന്ന ഉയരത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിപുലമായ പദ്ധതികള്‍ക്ക് മന്ത്രാലയം തുടക്കമിട്ടിരിക്കുന്നത്. ആഗോള ടെക്‌സ്‌റ്റൈല്‍ വിപണിയില്‍ ഇന്ത്യയുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്നതിനായി സംസ്ഥാനങ്ങളെയും വ്യവസായ രംഗത്തെ പ്രമുഖരെയും ഉള്‍പ്പെടുത്തി കേന്ദ്രം ഡെല്‍ഹിയില്‍ രണ്ട് ദിവസത്തെ ഉച്ചകോടി സംഘടിപ്പിച്ചു.

തിരുപ്പൂര്‍, സൂററ്റ്, ലുധിയാന തുടങ്ങിയ രാജ്യത്തെ പ്രമുഖ ടെക്‌സ്റ്റൈല്‍ നിര്‍മാണ കേന്ദ്രങ്ങളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. സാങ്കേതിക തുണിത്തരങ്ങള്‍, മനുഷ്യനിര്‍മ്മിത ഫൈബറുകള്‍, ജിഐ-ടാഗ് ചെയ്ത ഉല്‍പ്പന്നങ്ങള്‍ എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നീക്കം. രാജ്യത്തെ 36 സംസ്ഥാനങ്ങളിലും 200 ജില്ലകളിലും നടന്ന വിപുലമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഓരോ പ്രദേശത്തിനും അനുയോജ്യമായ കയറ്റുമതി കര്‍മ്മപദ്ധതികള്‍ ഉച്ചകോടിയില്‍ രൂപപ്പെടുത്തിയത്.

സഹകരണ ഫെഡറലിസത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് ജില്ലാ തലത്തില്‍ കയറ്റുമതി വളര്‍ച്ച ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി ഗിരിരാജ് സിംഗ് വ്യക്തമാക്കി. ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണം, മൂല്യവര്‍ദ്ധനവ്, ആഗോളനിലവാരമുള്ള ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, സുസ്ഥിരത, നൈപുണ്യ വികസനം എന്നിവ കയറ്റുമതി ലക്ഷ്യം കൈവരിക്കുന്നതില്‍ നിര്‍ണ്ണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉച്ചകോടിയില്‍ ഉയര്‍ന്നുവന്ന സുപ്രധാന ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് 'നാഷണല്‍ ടെക്‌സ്‌റ്റൈല്‍ എക്‌സ്‌പോര്‍ട്ട് റോഡ്മാപ്പ് 2030' തയ്യാറാക്കും. കാബിനറ്റ് സെക്രട്ടേറിയറ്റിന്റെ മേല്‍നോട്ടത്തില്‍ സംഘടിപ്പിക്കുന്ന ഈ സംരംഭം, വരും വര്‍ഷങ്ങളില്‍ ടെക്‌സ്‌റ്റൈല്‍ മൂല്യ ശൃംഖലയെ ശക്തിപ്പെടുത്തുന്നതിനും രാജ്യാന്തര വ്യാപാര കരാറുകള്‍ പ്രയോജനപ്പെടുത്തി പുതിയ വിപണികളിലേക്ക് ചുവടുറപ്പിക്കാനും ഇന്ത്യയെ സഹായിക്കും.