image

30 Aug 2023 11:08 AM GMT

Textiles

2023 -24: ടെക്‌സ്‌റ്റൈല്‍ വ്യവസായം 7-9% വരുമാന വളര്‍ച്ചയിലേക്ക്

MyFin Desk

textile industry news today
X

Summary

  • കഴിഞ്ഞ വര്‍ഷം 15 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്
  • ലാഭക്ഷമത പ്രീ-കോവിഡ് തലത്തിലേക്ക് എത്താന്‍ വൈകും


നടപ്പു സാമ്പത്തിക വർഷം ആഭ്യന്തര ടെക്‌സ്‌റ്റൈല്‍ വ്യവസായത്തിന്റെ വരുമാനം 7-9 ശതമാനം ഉയരുമെന്ന് ക്രിസില്‍ റേറ്റിംഗ്സിന്‍റെ വിലയിരുത്തല്‍. അസംസ്‌കൃത വസ്തുക്കളുടെ വില കുറഞ്ഞതും മികച്ച പ്രവർത്തന വരുമാനവും കാരണം പ്രവർത്തന ലാഭം 150-200 ബേസിസ് പോയിന്റുകൾ ഉയര്‍ന്ന് 14.0-14.5 ശതമാനത്തിലേക്ക് എത്തും. പക്ഷേ, അപ്പോഴും കൊറൊണ മഹാമാരി കാലത്തിനു മുമ്പുണ്ടായിരുന്ന തലത്തിനെ അപേക്ഷിച്ച് കുറവാണിത്.

കഴിഞ്ഞ സാമ്പത്തിക വർഷം 15 ശതമാനം ഇടിവാണ് ഈ മേഖല പ്രകടമാക്കിയിരുന്നത്. ഈ മേഖലയിലെ വരുമാനത്തിന്റെ 40-45 ശതമാനം കൈയാളുന്ന 40 കമ്പനികളില്‍ നിന്നുള്ള വിശകലനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ വിശകലന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്.

രാജ്യത്തെ ടെക്‌സ്‌റ്റൈല്‍ വ്യവസായത്തിന്റെ വരുമാനത്തില്‍ 70-75 ശതമാനവും കയറ്റുമതിയിൽ നിന്നാണ് ലഭിക്കുന്നത്. യുഎസ് ആണ് ഇന്ത്യന്‍ തുണിത്തരങ്ങളുടെ ഏറ്റവും വലിയ കയറ്റുമതി വിപണി. കഴിഞ്ഞ സാമ്പത്തിക വർഷം കയറ്റുമതിയില്‍ ഉണ്ടായ ശക്തമായ തിരിച്ചടിക്ക് ശേഷം, ആഭ്യന്തര തുണി വ്യവസായം വീണ്ടെടുക്കലിന്റെ പാതയിലാണ്.

അന്താരാഷ്ട്ര വിപണിയിലെ വിലയിടിവിനേക്കാള്‍ കൂടുതലായി ആഭ്യന്തര വിപണിയില്‍ പരുത്തി വില കുറഞ്ഞത് ഇന്ത്യന്‍ പരുത്തിയുടെ മത്സരക്ഷമത വീണ്ടെടുക്കാൻ സാഹചര്യമൊരുക്കും. മാത്രമല്ല, ആഗോള വിതരണ ശൃംഖലയിലെ വെല്ലുവിളികൾ ലഘൂകരിക്കപ്പെട്ടതും വില്‍പ്പന ക്രമാനുഗതമായി തിരിച്ചുവരുന്നതും യുഎസില്‍ നിന്നുള്ള ഓര്‍ഡറുകള്‍ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഉയരാന്‍ ഇടയാക്കും.

എന്നാൽ അടുത്തിടെ ടെക്‌സ്‌റ്റൈല്‍ വ്യവസായം വലിയ ശേഷി കൂട്ടിച്ചേർക്കലിന്‍റെ പാതയില്‍ ആയതിനാല്‍, മിതമായ ഡിമാന്‍ഡ് വളര്‍ച്ചയുടെ സാഹചര്യത്തില്‍ ശേഷി വിനിയോഗം പതിയെ മാത്രമേ മെച്ചപ്പെടുകയുള്ളൂ. 2022-നും 2024-നും ഇടയിൽ 4,000 കോടി രൂപയുടെ മൂലധന ചെലവിടലാണ് ആഭ്യന്തര ടെക്‌സ്‌റ്റൈല്‍ വ്യവസായത്തില്‍ പൂർത്തീകരിക്കപ്പെടുക.