24 Feb 2026 8:53 PM IST
Summary
വെറും രണ്ട് വര്‍ഷത്തിനുള്ളില്‍ ഏകദേശം 449 മില്ലുകളാണ് പ്രവര്‍ത്തനരഹിതമായത്. രണ്ട ലക്ഷത്തോളം പവര്‍ലൂമുകള്‍ ഇതിനോടകം വില്‍ക്കപ്പെട്ടു
ഇന്ത്യയുടെ ടെക്‌സ്‌റ്റൈല്‍ ഹബ്ബായ തമിഴ്നാട്ടിലെ നൂറുകണക്കിന് മില്ലുകളില്‍ ഇപ്പോള്‍ കേള്‍ക്കുന്നത് യന്ത്രങ്ങളുടെ ചലനമല്ല, മറിച്ച് പ്രതിസന്ധിയുടെ നിശബ്ദതയാണ്. ഏറ്റവും പുതിയ വാര്‍ഷിക വ്യവസായ സര്‍വേ പ്രകാരം, സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മില്ലുകളുടെ എണ്ണത്തില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021-22 കാലയളവില്‍ 2,121 മില്ലുകള്‍ സജീവമായിരുന്നിടത്ത്, 2024-ഓടെ അത് 1,672 ആയി കുറഞ്ഞു. അതായത്, വെറും രണ്ട് വര്‍ഷത്തിനുള്ളില്‍ ഏകദേശം 449 മില്ലുകളാണ് പ്രവര്‍ത്തനരഹിതമായത്. രണ്ട ലക്ഷത്തോളം പവര്‍ലൂമുകള്‍ ഇതിനോടകം ആക്രി വിലയ്ക്ക് വില്‍ക്കപ്പെട്ടു കഴിഞ്ഞു എന്നാണ് വ്യവസായ വിദഗ്ധര്‍ നല്‍കുന്ന ഞെട്ടിക്കുന്ന വിവരം.
ഈ കൂട്ടത്തകര്‍ച്ചയ്ക്ക് പിന്നിലെ വില്ലന്‍ കുതിച്ചുയരുന്ന വൈദ്യുതി നിരക്കാണ്. ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ വൈദ്യുതി നിരക്ക് കുറവായിരിക്കുമ്പോള്‍, തമിഴ്നാട്ടില്‍ യൂണിറ്റിന് 9.25 രൂപയാണ് ഈടാക്കുന്നത്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് യൂണിറ്റിന് ഒരു രൂപയെങ്കിലും അധികം നല്‍കേണ്ടി വരുന്നത് ചെറുകിട മില്ലുകളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. കൂടാതെ, അസംസ്‌കൃത വസ്തുക്കളായ പരുത്തിയും പോളിസ്റ്ററും വടക്കേ ഇന്ത്യയില്‍ നിന്ന് കൊണ്ടുവരാനുള്ള വലിയ ഗതാഗത ചെലവും കൂടിയാകുമ്പോള്‍ പല മില്ലുകള്‍ക്കും പിടിച്ചുനില്‍ക്കാനാകാത്ത അവസ്ഥയാണ്.
അന്താരാഷ്ട്ര വിപണിയിലെ തിരിച്ചടികളും തമിഴ്നാട്ടിലെ വസ്ത്ര നിര്‍മ്മാണ മേഖലയെ തളര്‍ത്തി. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ വിപണിയില്‍ ഇന്ത്യന്‍ വസ്ത്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന താരിഫ് തിരുപ്പൂരിലെയും കോയമ്പത്തൂരിലെയും കയറ്റുമതിക്കാരെ വന്‍തോതില്‍ ബാധിച്ചു. ഏകദേശം 3,000 കോടി രൂപയുടെ വ്യാപാര നഷ്ടമാണ് ഇതുമൂലം കണക്കാക്കുന്നത്. എന്നാല്‍, ഈമാസത്തിലുണ്ടായ പുതിയ നീക്കങ്ങള്‍ (ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകളും യൂറോപ്യന്‍ യൂണിയനുമായുള്ള കരാറും) പ്രതീക്ഷയുടെ ഒരു തിളക്കം നല്‍കുന്നു. എങ്കിലും ഈ ആനുകൂല്യങ്ങള്‍ മില്ലുകളുടെ പടിവാതില്‍ക്കല്‍ എത്താന്‍ ഇനിയും മാസങ്ങള്‍ എടുത്തേക്കാം. നിലവില്‍ സൗരോര്‍ജ്ജത്തിലേക്കും കാറ്റാടിപ്പാടങ്ങളിലേക്കും സ്വന്തമായി മാറിയ മില്ലുകള്‍ക്ക് മാത്രമാണ് ഈ പ്രതിസന്ധിയില്‍ അല്പമെങ്കിലും ആശ്വാസമുള്ളത്.
പ്രതിസന്ധി പരിഹരിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ജനുവരിയില്‍ 1,943 കോടി രൂപയുടെ പുതിയ സംയോജിത ടെക്സ്റ്റൈല്‍ നയം പ്രഖ്യാപിച്ചിട്ടുണ്ട്. സ്പിന്നിംഗ് മില്ലുകളുടെ ആധുനികവല്‍ക്കരണത്തിനും ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സ് മേഖലയിലെ പുത്തന്‍ പരീക്ഷണങ്ങള്‍ക്കുമാണ് ഇതില്‍ മുന്‍ഗണന നല്‍കുന്നത്. എങ്കിലും, സര്‍ക്കാര്‍ സഹായങ്ങള്‍ക്കായി കാത്തിരിക്കാതെ ബാങ്ക് ലോണുകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തണമെന്നും വൈദ്യുതി നിരക്ക് കുറയ്ക്കണമെന്നുമാണ് വ്യവസായ സംഘടനകളുടെ ആവശ്യം. ഒരു ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയിലേക്ക് കുതിക്കുന്ന തമിഴ്നാടിന്, തങ്ങളുടെ നട്ടെല്ലായ ഈ മില്ലുകള്‍ വീണ്ടും ചലിപ്പിക്കുക എന്നത് വലിയൊരു വെല്ലുവിളിയായിരിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
