10 April 2026 9:22 PM IST
Summary
ഇന്ത്യയുടെ ആകെ തുണിത്തര കയറ്റുമതിയുടെ 30 ശതമാനവും യുഎസിലേക്കാണെന്നിരിക്കെ, ഈ ഇടിവ് രാജ്യത്തെ ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്
യുഎസ് വിപണിയിലെ പുതിയ വ്യാപാര നയങ്ങളും ആഗോള സാമ്പത്തിക മാറ്റങ്ങളും ഇന്ത്യന്‍ വസ്ത്രവ്യാപാര മേഖലയ്ക്ക് കടുത്ത വെല്ലുവിളിയായി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ഫെബ്രുവരിയില്‍ ഇന്ത്യയില്‍ നിന്നുള്ള വസ്ത്ര-തുണിത്തര കയറ്റുമതിയില്‍ 28.7% ഇടിവാണ് രേഖപ്പെടുത്തിയത്. ജനുവരിയിലെ 18.2% കുറവിന് പിന്നാലെയെത്തിയ ഈ തകര്‍ച്ചയോടെ കയറ്റുമതി മൂല്യം 63 കോടി ഡോളറായി ചുരുങ്ങി. ഇന്ത്യയുടെ ആകെ തുണിത്തര കയറ്റുമതിയുടെ 30 ശതമാനവും യുഎസിലേക്കാണെന്നിരിക്കെ, ഈ ഇടിവ് രാജ്യത്തെ ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 2025 ഏപ്രിലില്‍ നടപ്പിലാക്കിയ കര്‍ശനമായ താരിഫ് നയങ്ങളാണ് ഈ തിരിച്ചടിക്ക് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. ഇന്ത്യ മാത്രമല്ല, ലോകത്തെ പ്രമുഖ ഉല്‍പ്പാദന കേന്ദ്രങ്ങളായ ചൈനയ്ക്കും ബംഗ്ലാദേശിനും യുഎസ് വിപണിയില്‍ തിരിച്ചടി നേരിട്ടു. ചൈനയുടെ കയറ്റുമതി ഫെബ്രുവരിയില്‍ 45.2% ഇടിഞ്ഞപ്പോള്‍, ബംഗ്ലാദേശിന് 16.2% കുറവുണ്ടായി. എന്നിരുന്നാലും, ഈ പ്രതികൂല സാഹചര്യത്തിലും 5% വളര്‍ച്ചയോടെ വിയറ്റ്നാം തങ്ങളുടെ സാന്നിധ്യം ശക്തമാക്കിയത് ശ്രദ്ധേയമാണ്.
ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന ചില നടപടികളും യുഎസ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ താരിഫ് 50-60 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചു. നിലവില്‍ ബംഗ്ലാദേശിനും (19%) വിയറ്റ്നാമിനും (20%) ഉള്ളതിനേക്കാള്‍ കുറഞ്ഞ നികുതി നിരക്കാണിത്. ഇത് വരും മാസങ്ങളില്‍ ഇന്ത്യന്‍ വിപണിക്ക് ഗുണകരമായേക്കാം. എന്നാല്‍, യുഎസില്‍ നിന്നുള്ള പരുത്തി ഉപയോഗിക്കുന്ന പക്ഷം ബംഗ്ലാദേശിന് തീരുവ രഹിത ഇറക്കുമതി അനുവദിക്കാനുള്ള അമേരിക്കയുടെ തീരുമാനം ഇന്ത്യയ്ക്ക് വീണ്ടും മത്സരമുയര്‍ത്തും.
ആഗോള ടെക്‌സ്‌റ്റൈല്‍ ഭൂപടത്തില്‍ ഇന്ത്യയുടെ ആധിപത്യം നിലനിര്‍ത്താന്‍ കൂടുതല്‍ തന്ത്രപരമായ നീക്കങ്ങള്‍ ആവശ്യമാണെന്ന് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2025-ല്‍ 9.68 ബില്യണ്‍ ഡോളറിന്റെ വ്യാപാരം യുഎസുമായി നടത്തിയ ഇന്ത്യയ്ക്ക്, നിലവിലെ താരിഫ് ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തി വിപണി തിരിച്ചുപിടിക്കുക എന്നത് വലിയ ദൗത്യമാണ്. വിയറ്റ്നാമിനെപ്പോലെ കൃത്യമായ പ്ലാനിംഗിലൂടെ വിപണി പിടിക്കാനും, ബംഗ്ലാദേശിന് ലഭിക്കുന്നതുപോലെയുള്ള പ്രത്യേക ഇളവുകള്‍ നേടിയെടുക്കാനും സാധിച്ചാല്‍ മാത്രമേ ഇന്ത്യന്‍ വസ്ത്രമേഖലയ്ക്ക് പഴയ പ്രതാപം വീണ്ടെടുക്കാനാവൂ എന്നാണ് വിലയിരുത്തല്‍.
പഠിക്കാം & സമ്പാദിക്കാം
Home
