29 Nov 2024 3:50 AM GMT
Summary
- ബംഗ്ലാദേശിലെ രാഷ്ട്രീയ അസ്ഥിരത തിരുപ്പൂരിന് അനുഗ്രഹമായി
- യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് തമിഴ്‌നഗരിയിലേക്ക് ഓര്‍ഡറുകള്‍ കൂടുതലായി എത്തുന്നു
- തിരുപ്പൂരിലെ 5,000 വസ്ത്ര കയറ്റുമതി യൂണിറ്റുകള്‍ 95 ശതമാനത്തിലധികം ശേഷിയില്‍ ഇന്ന് പ്രവര്‍ത്തിക്കുന്നു
ഇന്ത്യയുടെ ടെക്സ്റ്റൈല്‍ ഹബ്ബായ തിരുപ്പൂര്‍ വീണ്ടും പഴയ പ്രതാപത്തിലേക്ക്. രണ്ട് വര്‍ഷത്തിന് ശേഷം യുഎസില്‍ നിന്നും യുകെയില്‍ നിന്നുമുള്ള ഉയര്‍ന്ന ഓര്‍ഡറുകളാണ് തിരുപ്പൂരിനെ വീണ്ടും തിരക്കുള്ള ടെക്‌സ്റ്റൈല്‍ നഗരിയാക്കി മാറ്റുന്നത്.
അയല്‍ രാജ്യമായ ബംഗ്ലാദേശിലെ രാഷ്ട്രീയ അസ്ഥിരത ഇന്ത്യക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ തമിഴ് നഗരമായ തിരുപ്പൂരിന് അത് അനുഗ്രഹമായി മാറി. കാരണം ധാക്കയിലേക്കുള്ള ടെക്‌സ്റ്റൈല്‍ രംഗത്തെ ഓര്‍ഡറുകള്‍ നേരെ തമിഴ്‌നാട്ടിലേക്കെത്തി. ഇന്ന് ഈ തമിഴക നഗരത്തിലെ 5,000 വസ്ത്ര കയറ്റുമതി യൂണിറ്റുകളും 95 ശതമാനത്തിലധികം ശേഷിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.
ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) ഉടന്‍ ഒപ്പുവെക്കുമെന്ന പ്രതീക്ഷയിലാണ് യുകെയില്‍ നിന്നുള്ള വ്യാപാരികള്‍. ഇക്കാര്യം തിരുപ്പൂര്‍ എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ വിശദീകരിച്ചു. എഫ്ടിഎ സംബന്ധിച്ച ചര്‍ച്ചകള്‍ അടുത്ത വര്‍ഷം ആദ്യം പുനരാരംഭിക്കുമെന്ന് കഴിഞ്ഞ ആഴ്ച കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
മുമ്പ് തിരുപ്പൂരിലെ യൂണിറ്റുകള്‍ 60-65% ശേഷിയില്‍ മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ സ്ഥിതി മാറിയതായി എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി.
2024 സാമ്പത്തിക വര്‍ഷത്തില്‍ തിരുപ്പൂരിന്റെ വരുമാനം 35,000 കോടി രൂപയായിരുന്നു. ഇത് 2025 സാമ്പത്തിക വര്‍ഷത്തില്‍ 40,000 കോടി രൂപയായി ഉയരുമെന്നും എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ പറയുന്നു.
അതേസമയം വാണിജ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയിലെ വസ്ത്ര കയറ്റുമതി ഒക്ടോബറില്‍ 35% ഉയര്‍ന്ന് 1.22 ബില്യണ്‍ ഡോളറായിരുന്നു. 2024 സാമ്പത്തിക വര്‍ഷത്തിലെ വസ്ത്ര കയറ്റുമതി 16 ബില്യണ്‍ ഡോളറിന്റേതായിരുന്നു. ഇത് 2025 സാമ്പത്തിക വര്‍ഷത്തില്‍ 18.5 ബില്യണ്‍ ഡോളറിനുമുകളില്‍ എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വളര്‍ച്ചയുടെ ആക്കം അടുത്ത കാലയളവില്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും തുടരും.
ബംഗ്ലാദേശിലേക്കുള്ള ഓര്‍ഡറുകള്‍ ഇന്ത്യയിലേക്ക് തിരിച്ചുവിടുന്നുണ്ട്. എന്നാല്‍ വലിയ ഓര്‍ഡറുകള്‍ കൈകാര്യം ചെയ്യാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പല ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍ നിര്‍മ്മാതാക്കള്‍ക്കും ഇല്ലെന്നത് വസ്തുതയാണ്.
വസ്ത്രനിര്‍മ്മാണ യൂണിറ്റുകള്‍ക്ക് പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പോലുള്ള പ്രോത്സാഹനങ്ങള്‍ സര്‍ക്കാര്‍ നല്‍കിയാല്‍ ഇതിന് ഒരു പരിഹാരം ആകുമെന്ന് മേഖലയിലുള്ളവര്‍ പറയുന്നു.