image

15 May 2026 5:12 PM IST

Industries

മഴവില്ല് മിഠായിയുടെ മധുരം, പോപ്പിന്‍സ് മാസല്ലേ?

MyFin Desk

poppins, the rainbow of memories
X

Summary

മാറുന്ന വിപണി തന്ത്രങ്ങള്‍ക്കും പുതിയ ബ്രാന്‍ഡുകളുടെ കുത്തൊഴുക്കിനും മുന്നില്‍ ഈ മഴവില്ലിന് പതിയെ നിറംമാഞ്ഞു തുടങ്ങിയെങ്കിലും ഒരിക്കലെങ്കിലും പോപ്പിന്‍സ് മധുരം നുണയാത്തവര്‍ ഇല്ലെന്നു തന്നെ പറയാം


മഴവില്ലിന്റെ നിറങ്ങളുമായി എത്തി ഒരു തലമുറയുടെ ബാല്യത്തെ മധുരത്തിലാഴ്ത്തിയ മിഠായി ആണ് പാര്‍ലെ പോപ്പിന്‍സ്. പത്തു മിഠായികള്‍ അടങ്ങിയ ആ ചെറിയ സിലിണ്ടര്‍ പാക്കറ്റ് കൈയ്യിലുണ്ടെങ്കില്‍ അന്നത്തെ കുട്ടികള്‍ക്ക് അത് ലോകം കീഴടക്കിയതിന് തുല്യമായിരുന്നു. 1966-ല്‍ വിപണിയിലെത്തിയ പോപ്പിന്‍സ്, 70-കള്‍ മുതല്‍ 2000-ന്റെ തുടക്കത്തില്‍ വരെ ഇന്ത്യന്‍ മിഠായി വിപണിയിലെ അനിഷേധ്യ രാജാവായിരുന്നു. എന്നാല്‍ മാറുന്ന വിപണി തന്ത്രങ്ങള്‍ക്കും പുതിയ ബ്രാന്‍ഡുകളുടെ കുത്തൊഴുക്കിനും മുന്നില്‍ ഈ മഴവില്ലിന് പതിയെ നിറംമാഞ്ഞു തുടങ്ങിയെങ്കിലും ഒരിക്കലെങ്കിലും പോപ്പിന്‍സ് മധുരം നുണയാത്തവര്‍ ഇല്ലെന്നു തന്നെ പറയാം.

വെറും രണ്ട് രൂപയ്ക്ക് പത്ത് മിഠായികള്‍ എന്ന പോപ്പിന്‍സിന്റെ വിപണന തന്ത്രം സാധാരണക്കാരായ കുട്ടികളെ എളുപ്പത്തില്‍ ആകര്‍ഷിച്ചു. വിവിധ ഫലവര്‍ഗങ്ങളുടെ രുചിയില്‍, കടും നിറങ്ങളില്‍ പുറത്തിറങ്ങിയ ഈ മിഠായിക്ക് അക്കാലത്ത് കാഡ്ബറി ജെംസ് അല്ലാതെ മറ്റ് വലിയ എതിരാളികളൊന്നും ഉണ്ടായിരുന്നില്ല. ഉയര്‍ന്ന ഗുണനിലവാരവും മിതമായ വിലയും പോപ്പിന്‍സിനെ എല്ലാ വീടുകളിലെയും പ്രിയപ്പെട്ട പേരാക്കി മാറ്റി. ഓരോ നിറത്തിനും ഓരോ രുചി എന്ന സവിശേഷത കൂട്ടുകാര്‍ക്കിടയില്‍ മിഠായി പങ്കുവെക്കുന്നതിനും തര്‍ക്കിക്കുന്നതിനും വരെ കാരണമായിരുന്നു.

ബ്രാന്‍ഡ് വളര്‍ത്തുന്നതിനായി പാര്‍ലെ നടത്തിയ പരസ്യപ്രചാരണങ്ങള്‍ വിസ്മരിക്കാനാവാത്തതാണ്. ചമ്പക്, ചന്ദമാമ, തുടങ്ങിയ കുട്ടികളുടെ പ്രിയപ്പെട്ട മാസികകളില്‍ രാം, ശ്യാം എന്നീ കഥാപാത്രങ്ങളെ അണിനിരത്തി പോപ്പിന്‍സ് അവതരിപ്പിച്ച കോമിക് സ്ട്രിപ്പുകള്‍ അന്നത്തെ കാലത്ത് വന്‍ ഹിറ്റായിരുന്നു. സംഘടിത വിപണിയില്‍ കാര്യമായ വെല്ലുവിളികള്‍ ഇല്ലാതിരുന്ന ആ കാലഘട്ടത്തില്‍, സര്‍ഗ്ഗാത്മകമായ ഇത്തരം പരസ്യങ്ങളിലൂടെ പോപ്പിന്‍സ് കുട്ടികളുടെ മനസ്സില്‍ ആഴത്തില്‍ വേരുറച്ചു.

എന്നാല്‍ 1990-കളുടെ അവസാനത്തോടെ വിപണിയിലെ ചിത്രം മാറിമറിഞ്ഞു. ആഗോളതലത്തിലുള്ള വമ്പന്‍ ബ്രാന്‍ഡുകള്‍ പുതിയ രുചികളുമായും അത്യാകര്‍ഷകമായ പാക്കേജിംഗുമായും ഇന്ത്യന്‍ വിപണിയിലേക്ക് ഇരച്ചുകയറി. ച്യൂയിംഗ് ഗമ്മുകളും വ്യത്യസ്തങ്ങളായ ചോക്ലേറ്റുകളും വിപണി പിടിച്ചടക്കിയപ്പോള്‍, ലളിതമായ മിഠായി എന്ന സങ്കല്‍പ്പത്തില്‍ ഉറച്ചുനിന്ന പോപ്പിന്‍സിന് വഴിതെറ്റി. പുതിയ ട്രെന്‍ഡുകള്‍ക്കൊപ്പം മാറാന്‍ സാധിക്കാതെ വന്നതോടെ പലചരക്ക് കടകളിലെ മിഠായി ഭരണികളില്‍ പോപ്പിന്‍സ് അപ്രത്യക്ഷമായിത്തുടങ്ങി.

എന്നാല്‍ ഒരു തലമുറക്ക് പോപ്പിന്‍സിനോടുണ്ടായിരുന്ന വൈകാരികമായ ബന്ധം ഇപ്പോഴും നിലനില്‍ക്കുന്നു. ചില ബ്രാന്‍ഡുകള്‍ അങ്ങനെയാണ്. അവ വിപണി വിട്ടുപോയാലും ഓര്‍മ്മകളില്‍ അനശ്വരമായിരിക്കും.