image

20 Feb 2023 8:30 AM GMT

Travel & Tourism

ടൂറിസം വ്യാപാരം ശക്തി പെടുത്തുന്നതിനായി കേരള ട്രാവല്‍ മാര്‍ട്ടിന്റെ വെര്‍ച്വല്‍ മീറ്റ്

Tvm Bureau

ടൂറിസം വ്യാപാരം ശക്തി പെടുത്തുന്നതിനായി കേരള ട്രാവല്‍ മാര്‍ട്ടിന്റെ വെര്‍ച്വല്‍ മീറ്റ്
X

Summary

  • ടൂറിസത്തെ അതീവ ഗൗരവത്തോടെയും പ്രാധാന്യത്തോടെയുമാണ് സംസ്ഥാനത്തെ ടൂറിസം മേഖല കാണുന്നതെന്ന സന്ദേശം ലോകവിപണിയ്ക്ക് മുന്നില്‍ നല്‍കാന്‍ വെര്‍ച്വല്‍ കെടിഎമ്മിലൂടെ സാധിക്കുമെന്ന് കേരള ടൂറിസം ഡയറക്ടര്‍ പി ബി നൂഹ് അഭിപ്രായപ്പെട്ടു


തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ബയര്‍-സെല്ലര്‍ മേളയ്ക്ക് തിരി തെളിയുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. മെയ് മൂന്ന് മുതല്‍ ആറ് വരെ നടക്കുന്ന പരിപാടിയില്‍ ലോകമെമ്പാടുമുള്ള ടൂറിസം ഉപഭോക്താക്കളുമായി പങ്കാളിത്തം ഉറപ്പാക്കി കേരളത്തിന്റെ ടൂറിസം വ്യാപാരം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വെര്‍ച്വല്‍ കെടിഎമ്മിലൂടെ വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ള സഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മെയില്‍ നടന്ന കെടിഎമ്മില്‍ രാജ്യത്തിനകത്തും വിദേശത്തു നിന്നുമുള്ള പങ്കാളികളുമായി നടന്ന ബിസിനസ് ചര്‍ച്ചകളുടെ തുടര്‍നടപടികള്‍ സുഗമമാക്കുകയാണ് ഇത്തവണത്തെ കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി സംഘടിപ്പിക്കുന്ന നാല് ദിവസത്തെ ബയര്‍-സെല്ലര്‍ ചര്‍ച്ചയുടെ ലക്ഷ്യം.

2022 ല്‍ കേരള ടൂറിസം നേടിയ മികച്ച നേട്ടം നിലനിര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് കൂടുതല്‍ ഉത്തേജനം നല്‍കാന്‍ വെര്‍ച്വല്‍ കെടിഎമ്മിലെ ബയര്‍-സെല്ലര്‍ ആശയവിനിമയം കൊണ്ട് സാധിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കൊവിഡ് മാന്ദ്യത്തില്‍ നിന്ന് കേരള ടൂറിസത്തിന്റെ പുനരുജ്ജീവനം ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. പോയവര്‍ഷം ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവ് 1.88 കോടി കടന്ന് സര്‍വ്വകാല റെക്കോര്‍ഡിലെത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ട് വര്‍ഷം കൂടുമ്പോള്‍ സംഘടിപ്പിക്കുന്ന കെടിഎം നേരിട്ട് നടത്തിയ ബിസിനസ് കൂടിക്കാഴ്ചകളുടെ തുടര്‍ ആശയവിനിമയം ഏറെ പ്രധാനമാണ്. അതിനുള്ള ഔദ്യോഗിക വേദി കൂടിയായി വെര്‍ച്വല്‍ കെടിഎം മാറുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

സംസ്ഥാന ടൂറിസം വകുപ്പിന്റെ പിന്തുണയോടെ നടക്കുന്ന വെര്‍ച്വല്‍ കെടിഎം കൂടുതല്‍ വിദേശ വിനോദസഞ്ചാരികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുന്നതിനുള്ള കേരള ടൂറിസത്തിന്റെ സംരംഭങ്ങളെ സ്വാധീനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സംസ്ഥാന ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എസ് ശ്രീനിവാസ് പറഞ്ഞു.

ടൂറിസത്തെ അതീവ ഗൗരവത്തോടെയും പ്രാധാന്യത്തോടെയുമാണ് സംസ്ഥാനത്തെ ടൂറിസം മേഖല കാണുന്നതെന്ന സന്ദേശം ലോകവിപണിയ്ക്ക് മുന്നില്‍ നല്‍കാന്‍ വെര്‍ച്വല്‍ കെടിഎമ്മിലൂടെ സാധിക്കുമെന്ന് കേരള ടൂറിസം ഡയറക്ടര്‍ പി ബി നൂഹ് അഭിപ്രായപ്പെട്ടു.

ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും വന്‍ പ്രതികരണമാണ് കെടിഎം 2022 ന് ലഭിച്ചത്. 55,000 ബിസിനസ് മീറ്റുകള്‍ക്ക് ആതിഥേയത്വം വഹിക്കാനും മഹാമാരി സൃഷ്ടിച്ച മാന്ദ്യത്തിന് ശേഷം സംസ്ഥാനത്തെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ വീണ്ടും സജീവമായെന്ന് ലോകത്തെ അറിയിക്കുന്നതിലും കെടിഎം 11 ാം ലക്കം വിജയിച്ചു. ബയേഴ്‌സും സെല്ലേഴ്‌സും തമ്മില്‍ 49,000 ഓണ്‍ലൈന്‍ ആശയവിനിമയങ്ങളും 6,000 അനുബന്ധ മീറ്റിംഗുകളും നടന്നു. 897 ആഭ്യന്തര ബയേഴ്‌സും 69 രാജ്യങ്ങളില്‍ നിന്നായി 234 വിദേശ പ്രതിനിധികളുമുള്‍പ്പടെ ആകെ 1,200 ബയേഴ്‌സ് പങ്കെടുത്തു.