31 Jan 2022 8:10 AM IST
Summary
1960 കളുടെ തുടക്കം വരെ ടൂറിസം മേഖലയിലെ അറിയപ്പെടാത്ത സംസ്ഥാനമായിരുന്നു കേരളം.
കേരളത്തിലെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ നടത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു പൊതുമേഖലാ സ്ഥാപനമാണ് കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെ ടി ഡി സി).
തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെടിഡിസിക്ക് കേരളത്തിലെ എല്ലാ ജില്ലകളിലും ഓഫീസുകളുണ്ട്. സംസ്ഥാനത്തെ പ്രധാന സ്ഥലങ്ങളില്‍ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ടൂറിസ്റ്റ് റെസ്റ്റ് ഹൗസുകള്‍ എന്നിവയും ടൂറിസം ഡെവലപ്മെന്റ് കോര്‍പറേഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു.
1960 കളുടെ തുടക്കം വരെ ടൂറിസം മേഖലയിലെ അറിയപ്പെടാത്ത സംസ്ഥാനമായിരുന്നു കേരളം. കേരളത്തെ ഒരു വിനോദസഞ്ചാര കേന്ദ്രമായി വളര്‍ത്തുന്നതിനുള്ള ആദ്യ ശ്രമം കേണല്‍ ഗോദവര്‍മ്മ രാജയുടേതായിരുന്നു. അദ്ദേഹം തിരുവിതാംകൂര്‍ രാജ്യത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ജനകീയമാക്കുന്നതിനായി കേരള ടൂര്‍സ് ലിമിറ്റഡ് ആരംഭിച്ചു.
തിരുവിതാംകൂര്‍ ഇന്ത്യയുമായി ലയിച്ചപ്പോള്‍ കേരള ടൂര്‍സ് ലിമിറ്റഡ് തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ കീഴിലുള്ള ഒരു സ്വകാര്യ സ്ഥാപനമായി മാറി. പിന്നീട് 1960 കളില്‍, തോമസ് കുക്കുമായി സഹകരിച്ച് ടൂറിസം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ പാശ്ചാത്യ രാജ്യങ്ങളില്‍ കോവളം ജനപ്രിയമാക്കാന്‍ തുടങ്ങി.
കോവളത്തേയ്ക്കുള്ള വിനോദസഞ്ചാരികളുടെ ശക്തമായ ഒഴുക്ക്, ടൂറിസത്തെ ഒരു പ്രധാന വ്യവസായമായി കണക്കാക്കാന്‍ കേരള സര്‍ക്കാറിനെ പ്രേരിപ്പിച്ചു. തുടര്‍ന്ന് 1966 ല്‍ കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (KTDC) എന്ന പേരില്‍ ഒരു സ്ഥാപനം ആരംഭിച്ചു.
കേരള സര്‍ക്കാരിന്റെ ഏറ്റവും ലാഭകരമായ സംരംഭങ്ങളില്‍ ഒന്നാണ് ഇന്ന് കെ ടി ഡി സി. കേരളത്തെ ഒരു പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായി ഉയര്‍ത്തുക എന്നതാണ് കെ ടി ഡി സിയുടെ ലക്ഷ്യം. കേരളത്തിനകത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്തി പ്രചരിപ്പിക്കുക, പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിന് പിന്തുണ നല്‍കുക, വിനോദസഞ്ചാരികള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ നല്‍കുക, വിനോദസഞ്ചാര കേന്ദ്രങ്ങളെയും മറ്റ് അനുബന്ധ വിവരങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന കേന്ദ്രമായി പ്രവര്‍ത്തിക്കുക എന്നതെല്ലാം ടൂറിസം ഡെവലപ്മെന്റ് കോര്‍പറേഷന്റെ പ്രധാന ലക്ഷ്യങ്ങളാണ്.
സാമ്പത്തികവും സാമൂഹികവുമായി ലാഭകരമായ പദ്ധതികളിലൂടെ സര്‍ക്കാരിന് ഉയര്‍ന്ന വരുമാനം ഉറപ്പാക്കാനും അതുവഴി തൊഴില്‍ നല്‍കാനും കെ ടി ഡി സി ലക്ഷ്യമിടുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
