image

27 Feb 2023 7:50 AM GMT

Travel & Tourism

'സഞ്ചാരി ബോട്ടുകള്‍ക്ക്' പ്രത്യേക ഡോക്കേജ്, തീരദേശ ടൂറിസം ഉത്തേജിപ്പിക്കാന്‍ കര്‍ണ്ണാടക

MyFin Desk

marina karanataka baot dockage
X

Summary

  • ബീച്ച് ടൂറിസം, തീരദേശവുമായി ബന്ധപ്പെട്ട തീര്‍ത്ഥാടനം എന്നിവയ്ക്കുള്‍പ്പടെയാണ് പദ്ധതിയിലൂടെ മുന്‍ഗണന നല്‍കുന്നത്.


ബൈന്‍ഡൂര്‍: സംസ്ഥാനത്തെ തീരദേശ ടൂറിസം മേഖലയ്ക്ക് ഉത്തേജനം നല്‍കുന്നതിന്റെ ഭാഗമായി വിനോദസഞ്ചാര ബോട്ടുകള്‍ക്കായി പ്രത്യേക ഡോക്കേജ് (dockage) സജ്ജീകരിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍. ഉഡുപ്പി ജില്ലയിലെ ബൈന്‍ഡൂരിലാകും ഇത് സ്ഥാപിക്കുക എന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വ്യക്തമാക്കി. പദ്ധതി നടപ്പാക്കുന്നതിനായി സെന്റര്‍ ഫോര്‍ റിസലാക്‌സേഷന്‍ ഓഫ് കോസ്റ്റല്‍ റെഗുലേഷന്‍ സോണിന്റെ (സിആര്‍ഇസെഡ്) അനുമതി വാങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ബീച്ച് ടൂറിസം, തീരദേശവുമായി ബന്ധപ്പെട്ട തീര്‍ത്ഥാടനം എന്നിവയ്ക്കുള്‍പ്പടെയാണ് പദ്ധതിയിലൂടെ മുന്‍ഗണന നല്‍കുന്നത്. പുരാവസ്തു വകുപ്പിന്റെ സഹായത്തോടെ ഗംഗ, കാദംബ, രാഷ്ട്രകൂട, ചാലൂക്യ, ഹൊയ്‌സാല തുടങ്ങിയ രാജവംശങ്ങളെ പറ്റിയുടെ കൂടുതല്‍ ചരിത്രം ശേഖരിക്കുമെന്നും അക്കാലത്ത് വിദേശ സഞ്ചാരികള്‍ കര്‍ണാടകത്തിലേക്ക് എത്തിയത് സംബന്ധിച്ച പഠനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിലാദ്യമായിട്ടാണ് ഇത്തരമൊരു ഡോക്കേജ് വരുന്നത്.

കര്‍ണ്ണാടകത്തേക്കാള്‍ തീരദേശ വിസ്തൃതി കേരളത്തിന്, എന്നിട്ടും പദ്ധതിയില്ല

തീരദേശ ടൂറിസത്തിന് ഏറ്റവും ഉത്തമമായ സംസ്ഥാനമാണ് കേരളം. 320 കിലോ മീറ്റര്‍ വിസ്തൃതിയാണ് കര്‍ണ്ണാടകത്തിലെ തീരദേശത്തിനുള്ളതെങ്കില്‍ കേരളത്തിനിത് 589.5 കിലോമീറ്ററാണ്. എന്നിട്ടും തീരദേശ ടൂറിസം ലക്ഷ്യമിട്ട് ഇത്തരമൊരു ഡോക്ക് യാര്‍ഡ് കേരളത്തില്‍ ഇതുവരെ സജ്ജീകരിച്ചിട്ടില്ല.

സഞ്ചാരികളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ചെറു ബോട്ട് സര്‍വീസുകള്‍ക്കുള്‍പ്പടെ മികച്ച വരുമാനം കൂടി നല്‍കുന്ന ഒന്നാണ് ഇത്തരം ഡോക്കേജുകള്‍. ഇന്ത്യ ലക്ഷ്യമിട്ട് വരുന്ന വിദേശ സഞ്ചാരികളുടെ പ്രിയസ്ഥലമാണ് കേരളം. കായല്‍ ടൂറിസത്തിലേക്ക് മാത്രം ആകര്‍ഷിക്കപ്പെടുന്ന സഞ്ചാരികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ച് വരികയാണ്. എന്നിട്ടും സഞ്ചാരി ബോട്ടുകള്‍ക്ക് മാത്രമായി ഒരു ഡോക്കേജ് എന്നത് കേരളത്തിനിന്നും സ്വപ്‌നമായി അവശേഷിക്കുന്നു.