image

8 Dec 2022 10:30 AM GMT

Travel & Tourism

ലോകം ചുറ്റാനിറങ്ങിയ വിദേശികള്‍ കേരളത്തില്‍, രൂപമാറ്റം വരുത്തിയ 16 കാരവാന്‍, എല്ലാ വാഹനങ്ങളിലും സോളാര്‍ പാനല്‍

MyFin Bureau

foreign group caravan thekkady
X

Summary

  • 16 കാരവാനുകളിലായി 31 അംഗസംഘമാണ് തിങ്കളാഴ്ച ഉച്ചയോടെ ഇവിടെ എത്തിയത്.


കോവിഡ് ഭീതി അരങ്ങൊഴിഞ്ഞതോടെ വിനോദസഞ്ചാരികളുടെ ഒഴുക്കാണ് കേരളത്തില്‍. വിദേശികളും സ്വദേശികളുമായ സഞ്ചാരികളെ കൊണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അതിന്റെ പഴയ പ്രൗഢിയിലേക്ക് മടങ്ങിയെത്തിക്കഴിഞ്ഞു. കേരളത്തിന്റെ ടൂറിസം മേഖലയെ പുത്തന്‍ ഉണര്‍വ്വിലേക്ക് നയിച്ചുകൊണ്ട് കാരവാനില്‍ ലോകം ചുറ്റാനിറങ്ങിയ വിദേശ വിനോദ സഞ്ചാരികളുടെ ഒരു സംഘം തേക്കടിയിലെത്തിയിരിക്കുകയാണ്.

16 കാരവാനുകളിലായി 31 അംഗസംഘമാണ് തിങ്കളാഴ്ച ഉച്ചയോടെ ഇവിടെ എത്തിയത്. ജര്‍മ്മനി, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ സ്ഥലങ്ങില്‍ നിന്നുമാണ് ഇവര്‍ വന്നിരിക്കുന്നത്. റോഡുമാര്‍ഗം അഞ്ചു രാജ്യങ്ങള്‍ കടന്നാണ് ഇവര്‍ ഇന്ത്യയിലേക്കെത്തിയത്. എന്നാല്‍ കേരളത്തിലേക്കെത്തിയപ്പോള്‍ അത്രനല്ല സ്വീകരണമല്ല ആദ്യം ഇവര്‍ക്ക് ലഭിച്ചത്. മോട്ടോര്‍ വാഹനവകുപ്പ് മണിക്കൂറുകളോളം ഇവരെ തടഞ്ഞുവെച്ചു. കുടാതെ വാഹനത്തില്‍ രൂപമാറ്റം വരുത്തിയെന്നും കൂടുതല്‍ സൗകര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തെന്നും പറഞ്ഞ് പതിനായിരം രൂപ പിഴയിടാനും ഒരുങ്ങി.

ടൂറിസം മന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെയാണ് ഇവരെ വിട്ടയക്കുന്നത്. എങ്കിലും കൊച്ചിയും തേക്കടിയും ഇഷ്ടമായെന്ന് ഇവര്‍ പറഞ്ഞു. 30 ലക്ഷം രൂപയും കാരവാനും ലോക സഞ്ചാരത്തിനായി 33,000 യൂറോ അതായത് 30 ലക്ഷം രൂപയാണ് ഓരോരുത്തരും ലോകം ചുറ്റാനായി കരുതിയിരിക്കുന്നത്. ജര്‍മ്മനി, സ്വിറ്റസര്‍ലന്‍ഡ് എന്നിവിടങ്ങില്‍ നിന്നുള്ള വ്യവസായ സംരംഭകരും അവരുടെ പങ്കാളികളുമാണ് ഇത്തരത്തില്‍ കാരവാനില്‍ ലോകം ചുറ്റാനിറങ്ങിയിരിക്കുന്നത്.





പത്ത് ടണ്‍ ഭാരമുള്ള 16 കാരവാനിലാണ് യാത്ര. ഒരു ചെറു കുടുംബത്തിന് താമസിക്കാന്‍ കഴിയുന്ന തരത്തില്‍ രൂപമാറ്റം വരുത്തിയാണ് കാരവാന്‍ ഒരുക്കിയിരിക്കുന്നത്. ഭക്ഷണം പാകം ചെയ്യുന്നതിനും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും കിടക്കുന്നതിനും ഉള്ള സൗകര്യങ്ങള്‍ ഇതിലുണ്ട്. കൂടാതെ എല്ലാ വാഹനങ്ങളിലും സോളാര്‍ പാനലും ഉണ്ട്.

ജര്‍മ്മനിയില്‍ നിന്നുള്ള സംഘം സ്വിറ്റ്സര്‍ലാന്റില്‍ എത്തി അവിടെ നിന്ന് നാലരമാസം മുമ്പാണ് യാത്ര തുടങ്ങിയത്. ജോണ്‍ സ്ലാഹിനാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഇതിനോടകം തുര്‍ക്കി, ഇറാന്‍, ജോര്‍ജിയ, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ കണ്ടുകഴിഞ്ഞു. ഒരുവര്‍ഷം കൊണ്ട് 18 രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഓസ്ട്രേലിയയില്‍ യാത്ര അവസാനിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

കേരള സന്ദര്‍ശനത്തിനു ശേഷം അടുത്ത ദിവസം ഇവര്‍ കന്യാകുമാരി വഴി തമിഴ്നാട്ടിലേക്ക് പോകും. മൂന്നുമാസം കൊണ്ട് ഇന്ത്യ സന്ദര്‍ശിച്ച് മടങ്ങാനാണ് തീരുമാനം. അതിനാലാണ് ഗോവയില്‍ നിന്നും നേരെ കേരളത്തിലെത്തിയത്. തേക്കടി ടൂറിസം പ്രമോഷന്‍ വലിയ സ്വീകരണമാണ് സഞ്ചാരികള്‍ക്ക്് നല്‍കിയത്. സഞ്ചാരികള്‍ക്ക് ആവശ്യമുള്ള മുഴുവന്‍ സൗകര്യവും സൗജന്യമായി ഒരുക്കിനല്‍കിയത് വൈല്‍ഡ് അവന്യൂ തേക്കടിയാണ്. ഈ വരവ് സഞ്ചാരികള്‍ക്കും കേരളത്തിനും ടൂറിസം മേഖലയ്ക്കും നല്ലൊരു അനുഭവമായി മാറിയിരിക്കുകയാണ്.

കാരവന്‍ ടൂറിസ്റ്റുകള്‍ക്ക് സ്വീകരണം നല്‍കി മന്ത്രിയും യൂറോപ്പില്‍ നിന്നും ലോകം ചുറ്റാനിറങ്ങി കേരളത്തില്‍ എത്തിയ സഞ്ചാരികളെ സ്വീകരിച്ച് ടൂറിസം വകുപ്പുമന്ത്രികൂടിയായ പി എ മുഹമ്മദ് റിയാസ്. 16 കാരവാനുകളിലായി 31 സഞ്ചാരികളാണ് ജര്‍മ്മനി, സ്വിറ്റ്സര്‍ലാന്റ് എന്നിവിടങ്ങളില്‍ നിന്നും ലോകം ചുറ്റനായി ഇറങ്ങിയത്. തിങ്കളാഴ്ചയാണ് ഇവര്‍ തേക്കടിയിലെത്തിയത്.

മന്ത്രി ടൂറിസ്റ്റുകളെ നേരില്‍ കാണുകയും കേരളത്തിന്റെ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളെ കുറിച്ച് സംസാരിക്കുകയും ചെയ്തു. ഒപ്പം തന്നെ കേരളത്തിന്റെ കാരവാന്‍ ടൂറിസത്തെക്കുറിച്ച് മനസ്സിലാക്കി ഇവിടേക്ക് വന്നതിനുള്ള നന്ദിയും മന്ത്രി രേഖപ്പെടുത്തി.