image

10 Dec 2022 10:00 AM GMT

Kerala

സഞ്ചാരികളെ ഇതിലേ; മുഖംമിനുക്കി നെടുങ്കയവും കരിമ്പുഴയും

MyFin Bureau

സഞ്ചാരികളെ ഇതിലേ; മുഖംമിനുക്കി നെടുങ്കയവും കരിമ്പുഴയും
X

Summary

  • നെടുങ്കയവും കരിമ്പുഴയും ഇനി മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പോലെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറും.


മലപ്പുറം: ഇക്കോടൂറിസം വികസന പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിലെ നെടുങ്കയവും കരിമ്പുഴ വന്യജീവി സങ്കേതവും പുതിയ തലത്തിലേക്ക്. ജില്ലയിലെ ഏക വന്യജിവി സങ്കേതമായ കരിമ്പുഴ വന്യജീവി സങ്കേതത്തിന്റെ പ്രവേശന കവാടവും, അതോടൊപ്പം പാരിസ്ഥിതിക വിനോദ സഞ്ചാര കേന്ദ്രമായ നെടുങ്കയവും വിനോദസഞ്ചാരികളെ ആകര്‍ഷിക്കും വിധം മോടിപിടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടന്നുകഴിഞ്ഞു. ഒന്നേകാല്‍ കോടിരൂപയാണ് ഇതിനായി ചെലവഴിക്കുന്നത്.

കരിമ്പുഴ വന്യജീവി സങ്കേതത്തിനുള്ള പ്രവേശന കവാടം, നെടുങ്കയത്ത് കുട്ടികള്‍ക്കായുള്ള പാര്‍ക്ക്, ബ്രിട്ടീഷ് എഞ്ചിനീയര്‍ ആയിരുന്ന ഡോസണിന്റെ ശവകുടീരം എന്നിവയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ചെറുപുഴയിലെ നെടുങ്കയം ഫോറസ്റ്റ് ചെക്ക്പോസ്റ്റിനോട് ചേര്‍ന്നാണ് വന്യജീവി സങ്കേതത്തിനുള്ള പ്രവേശന കവാടം ഒരുക്കിയിരിക്കുന്നത്. ഇതിന്റെ നിര്‍മ്മാണം ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞിരിക്കുകയാണ്. ഇതുകൂടാതെ ഡോര്‍മെറ്ററി, അമിനിറ്റി സെന്റര്‍ എന്നിവയുടെ നിര്‍മ്മാണവും നടക്കുന്നുണ്ട്.

പദ്ധതിയില്‍ ഉള്‍പ്പെട്ട നിര്‍മ്മാണങ്ങള്‍ ഇനിയും നടത്താനുണ്ട്. പാത്ത് വേ, ഇരിപ്പിടം, പുഴയോരം ഭംഗിയാക്കല്‍, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കല്‍ എന്നിവയും ഇതിന്റെ ഭാഗമായി നിര്‍മ്മിക്കും. കാട്ടാനയുടെ ആക്രമണത്തിന് ഇരയായി മാഞ്ചീരിയില്‍ മരണപ്പെട്ട വയോധികനായ മാതന്‍, ഭാര്യ കരിക്ക, വളര്‍ത്തുനായ എന്നിവയുടെ ശില്പങ്ങളും നിര്‍മ്മിക്കും. നെടുങ്കയത്തെ പാര്‍ക്കിലും, ബ്രീട്ടിഷ് എന്‍ജിനീയരുടെ ശില്പം പ്രവേശന കവാടത്തിലും ഇവരുടെ ശില്പങ്ങള്‍ സ്ഥാപിക്കാനാണ് തീരുമാനം. നിലമ്പൂര്‍ സൗത്ത് വനം ഡിവിഷനില്‍ വരുന്നവയാണ് ഇവയൊക്കെ. ഇതുകൂടാതെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ നിര്‍മ്മാണം നോര്‍ത്ത് ഡിവിഷനിലേക്കും വ്യാപിപ്പിക്കും.

നെടുങ്കയവും കരിമ്പുഴയും ഇനി മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പോലെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറും. അതിനുള്ള എല്ലാ സജ്ജീകരണങ്ങളും അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു. വൈകാതെ ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്വായി ഇത്തരം വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എല്ലാ സൗകര്യങ്ങളോടും കൂടെ ഉയര്‍ന്നുവരട്ടെ.