image

29 Jun 2023 3:24 PM IST

Kerala

റസ്റ്റ് ഹൗസുകള്‍ ഇനി പുതുമോടിയില്‍; ഫോര്‍ട്ട് കൊച്ചിക്ക് 1.45 കോടിയുടെ പദ്ധതി

MyFin Desk

rest houses are now in new fashion
X

Summary

  • ആദ്യഘട്ടത്തിലെ നവീകരണത്തിന് ആദ്യഘട്ടത്തിൽ 1.45 കോടി രൂപ
  • 2021 നവംബര് മുതൽ റസ്റ്റ് ഹൗസുകള്‍ ഓൺലൈൻ ബുക്കിങ്ങിലൂടെ ജനങ്ങൾക്കും
  • ലക്‌ഷ്യം ടൂറിസം കേന്ദ്രങ്ങളുടെ വളർച്ച


സംസ്ഥാനത്തെ പൊതുമരാമത്ത് റസ്റ്റ് ഹൗസുകള്‍ ജനകീയമായതോടെ സമഗ്ര നവീകരണ പദ്ധതിയുമായി പൊതുമരാമത്ത് വകുപ്പ്. പ്രധാന കേന്ദ്രങ്ങളിലെയും വിനോദ സഞ്ചാരമേഖലയിലേയും റസ്റ്റ് ഹൗസുകള്‍ നവീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് പദ്ധതി തയ്യാറാക്കി. ഇതിന്റെ ആദ്യഘട്ടമായി സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഫോര്‍ട്ട് കൊച്ചിയിലെ റസ്റ്റ് ഹൗസ് നവീകരിക്കാന്‍ വകുപ്പ് 1.45 കോടി രൂപ അനുവദിച്ചു. ഫോര്‍ട്ട് കൊച്ചി ബീച്ചിന് സമീപത്താണ് റസ്റ്റ് ഹൗസ്. ഇവിടെയുള്ള രണ്ട് കെട്ടിടങ്ങളും നവീകരിക്കാനാണ് തീരുമാനം. 1962ലും 2006ലും നിര്‍മിച്ച കെട്ടിടങ്ങള്‍ ആകര്‍ഷകമാക്കും. തനിമ നഷ്ടപ്പെടാതെ റസ്റ്റ് ഹൗസുകള്‍ നവീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഫോര്‍ട്ട് കൊച്ചിയെ കൂടാതെ തിരുവനന്തപുരം ജില്ലയിലെ പൊന്മുടി, പാലക്കാട് ജില്ലയിലെ തൃത്താല, വയനാട് ജില്ലയിലെ മേപ്പാടി, കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ റസ്റ്റ് ഹൗസുകള്‍ കൂടി നവീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ്, വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി, കൊല്ലം ജില്ലയിലെ കുണ്ടറ എന്നിവിടങ്ങളില്‍ പുതിയ റസ്റ്റ് ഹൗസ് കെട്ടിടങ്ങള്‍ പൂര്‍ത്തീകരണ ഘട്ടത്തിലാണ്. ഇവ ഉടന്‍ തുറന്നു കൊടുക്കും.

2021 നവംബര്‍ ഒന്നിനാണ് കേരളത്തിലെ പൊതുമരാമത്ത് റസ്റ്റ് ഹൗസുകള്‍ പീപ്പിള്‍സ് റസ്റ്റ് ഹൗസുകളായി മാറുന്നത്. ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ റസ്‌ററ് ഹൗസ് മുറികള്‍ ജനങ്ങള്‍ക്ക് കൂടി എളുപ്പത്തില്‍ ലഭ്യമാക്കുന്നതായിരുന്നു പദ്ധതി. ഒന്നരവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ തന്നെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സ്ഥലമായി റസ്റ്റ് ഹൗസുകള്‍ മാറി. ഇതിലൂടെ സര്‍ക്കാരിന് ഇരട്ടിയിലധികം വരുമാനവും ലഭിച്ചു. ഇതോടനുബന്ധിച്ച് റസ്റ്റ്ഹൗസുകള്‍ ഘട്ടംഘട്ടമായി നവീകരിക്കുമെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നവീകരണത്തിനുള്ള സമഗ്ര പദ്ധതി നടപ്പിലാക്കുന്നത്.

കേരളത്തിലെ റസ്റ്റ് ഹൗസുകളുടെ നവീകരണത്തിലൂടെ ടൂറിസം കേന്ദ്രങ്ങളുടെ വളര്‍ച്ചയും ലക്ഷ്യമിടുന്നതായി പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നവീകരണത്തിലൂടെ റസ്റ്റ് ഹൗസുകളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. കൂടുതല്‍ ജനങ്ങളെ റസ്റ്റ് ഹൗസുകളിലേക്ക് ആകര്‍ഷിക്കാന്‍ ഇതിലൂടെ സാധിക്കും. ഘട്ടംഘട്ടമായി റസ്റ്റ് ഹൗസുകളുടെ നിലവാരം ഉയര്‍ത്തുകയാണ് ലക്ഷ്യം.