image

29 Dec 2023 1:21 PM IST

Travel & Tourism

ഹെലികോപ്റ്ററില്‍ ഒറ്റ ദിവസം കൊണ്ട് കേരളം ചുറ്റിക്കാണാം; ഹെലി ടൂറിസം പദ്ധതിക്ക് നാളെ തുടക്കം

MyFin Desk

ഹെലികോപ്റ്ററില്‍ ഒറ്റ ദിവസം കൊണ്ട് കേരളം ചുറ്റിക്കാണാം; ഹെലി ടൂറിസം പദ്ധതിക്ക് നാളെ തുടക്കം
X

Summary

  • ആദ്യ ഘട്ടത്തില്‍ 11 ഹെലിപാഡുകള്‍
  • പദ്ധതി നടപ്പാക്കുക പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍
  • ഉദ്ഘാടനം നെടുമ്പാശേരിയില്‍


കേരളത്തിലെത്തുന്ന വിനോദസഞ്ചാരികൾക്ക് വേഗത്തിൽ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാനും മനോഹരമായ ആകാശക്കാഴ്ചകൾ ആസ്വദിക്കാനും അവസരമൊരുക്കുന്ന ഹെലിടൂറിസം പദ്ധതിക്ക് നാളെ തുടക്കമാകും. എറണാകുളം നെടുമ്പാശേരിയിലാണ് പദ്ധതിയുടെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്യുന്നത്. കേരളത്തിന്‍റെ ടൂറിസം വ്യവസായത്തെ അടുത്ത ഘട്ടത്തിലേക്ക് ഉയ‍‍ര്‍ത്തുന്ന പദ്ധതിയാണ് ഇതെന്ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

സഞ്ചാരികള്‍ക്ക് വിവിധ ഡെസ്‍റ്റിനേഷനുകള്‍ക്കിടയിലെ യാത്രയ്ക്കും അനുബന്ധ കാര്യങ്ങള്‍ക്കുമായി നഷ്ടമാകുന്ന സമയം ഒഴിവാക്കാം എന്നതിനൊപ്പം കേരളത്തിന്‍റെ മനോഹരമായ ആകാശക്കാഴ്ച ആസ്വദിക്കാം എന്നതും പദ്ധതിയുടെ ആകര്‍ഷണമാണ്. ജലാശയങ്ങളും കടല്‍ത്തീരങ്ങളും കുന്നില്‍ പ്രദേശങ്ങളും ഉള്‍പ്പെട്ട കേരളത്തിന്റെ ഭൂപ്രകൃതി ഒറ്റദിവസത്തില്‍ കാണാനാകും. തുടക്കത്തില്‍ 11 സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പിലാക്കുക.

6 മുതല്‍ 12 പേര്‍ക്കു വരെ കയറാവുന്ന ഹെലികോപ്റ്ററുകളാണ് ഇതിന് സജ്ജമാക്കിയിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ജഡായുപ്പാറ, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, മൂന്നാര്‍, കുമരകം, കോഴിക്കോട്, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ ഹെലിപാഡുകളാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിക്കായി വിവിധ ഏജന്‍സികളുമായി ധാരണപത്രം ഒപ്പുവെക്കുമെന്നും മന്ത്രി അറിയിച്ചു.