image

12 Feb 2024 10:59 AM GMT

Travel & Tourism

ബ്രാന്‍ഡഡ് ഹോട്ടലുകള്‍ വര്‍ധിക്കുന്നു; ഡിമാന്‍ഡില്‍ വെല്ലുവിളി നേരിട്ടേക്കും

MyFin Desk

ബ്രാന്‍ഡഡ് ഹോട്ടലുകള്‍ വര്‍ധിക്കുന്നു;  ഡിമാന്‍ഡില്‍ വെല്ലുവിളി നേരിട്ടേക്കും
X

Summary

  • ഡിസംബര്‍ പാദത്തില്‍ വിപണിയിലെത്തിയത് 59 ബ്രാന്‍ഡ് ഹോട്ടലുകള്‍
  • കഴിഞ്ഞവര്‍ഷം തുറന്നത് 10,800 ഹോട്ടല്‍മുറികള്‍
  • വിദേശികളുടെ വരവ് ഹോട്ടല്‍ശൃഖലകള്‍ക്ക് അനുകൂല ഘടകം


കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ ബ്രാന്‍ഡ് പ്രവേശനം ഹോട്ടല്‍ മേഖലയിലുണ്ടായി. ഡിസംബര്‍ പാദത്തിലെ കണക്കനുസരിച്ച് 4,669 മുറികള്‍ അടങ്ങുന്ന 59 പുതിയ ഹോട്ടലുകളാണ് വിപണിയില്‍ പ്രവേശിച്ചത്. കഴിഞ്ഞ വര്‍ഷം 182 ഹോട്ടലുകളിലായി 14000 മുറികളും കൂട്ടിച്ചേര്‍ക്കപ്പെട്ടു. മൊത്തത്തിലുള്ള ചെയിന്‍-അഫിലിയേറ്റഡ് റൂം സപ്ലൈ ഏകദേശം 183,000 മുറികളിലേക്ക് എത്തി. പക്ഷേ ഈ രംഗത്തെ ഡിമാന്‍ഡില്‍ വെല്ലുവിളി നേരിടാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം, പുതുതായി നിര്‍മ്മിച്ച ഹോട്ടലുകളില്‍ 10,800 മുറികളും സ്വതന്ത്ര ഹോട്ടലുകളുടെ പരിവര്‍ത്തനത്തിലൂടെ 2,600 മുറികളും നിലവിലുള്ള ഹോട്ടലുകളുടെ വിപുലീകരണത്തിലൂടെ 600 മുറികളുമാണ് ഉള്‍പ്പെടുത്തിയത്.

ഹോട്ടല്‍ മുറികളുടെ വര്‍ധിച്ചുവരുന്ന ലഭ്യത മേഖലയിലെ വളര്‍ച്ചയാണ് പ്രതിഫലിപ്പിക്കുന്നത്. മാര്‍ക്കറ്റില്‍ 2017ഓടെ 67,000 അധിക മുറികള്‍ തുറക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍, ഇന്ത്യയിലെ ബ്രാന്‍ഡഡ് ഹോട്ടല്‍ മുറികളുടെ എണ്ണം ഏകദേശം 183,000 ആണ്, അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇത് 250,000 ആയി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു.

ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡിന് 82 ഹോട്ടലുകളുടെ ശൃംഖല ഉണ്ട്.24-26 സാമ്പത്തിക വര്‍ഷത്തില്‍ അവര്‍ 11,000 മുറികള്‍ കൂട്ടിച്ചേര്‍ക്കാന്‍ ഒരുങ്ങുന്നു. അയോധ്യയിലും രണ്ട് ഹോട്ടലുകള്‍ തുറക്കാന്‍ പദ്ധതിയുണ്ട്. അടുത്ത 12 മാസത്തിനുള്ളില്‍ ഒരു പ്രോപ്പര്‍ട്ടി, അടുത്ത 20 മാസത്തിനുള്ളില്‍ മറ്റൊന്ന്. അടുത്ത മൂന്ന് വര്‍ഷത്തേക്ക് പ്രതിമാസം ശരാശരി രണ്ട് ഹോട്ടല്‍ തുറക്കാനാണ് മാനേജ്മെന്റ് പദ്ധതിയിടുന്നത്.

കമ്പനിയുടെ ഹോട്ടല്‍ ഓപ്പണിംഗ് ഡിസംബര്‍ പാദത്തില്‍ എട്ടായി വര്‍ധിച്ചു. ടയര്‍ ടു, ത്രീ നഗരങ്ങള്‍ക്കായി കമ്പനിക്ക് പുതിയ രണ്ട് ബ്രാന്‍ഡ് ലോഞ്ചുകള്‍ ഉണ്ട്. ഇത് വളര്‍ച്ചയെ സഹയിക്കുമെന്ന് വിശകലവിദഗ്ധര്‍ പറയുന്നു.

2025 സെപ്റ്റംബര്‍ 30-നകം പൂര്‍ത്തീകരിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന നിലവിലെ ഹയാത്ത് റീജന്‍സി പുണെ ഹോട്ടല്‍ ഹയാത്ത് നിയന്ത്രിക്കുന്ന ഒരു ലക്ഷ്വറി ബ്രാന്‍ഡ് ഹോട്ടലാക്കി പുനര്‍നാമകരണം ചെയ്യുന്നതുള്‍പ്പെടെയുള്ള വളര്‍ച്ചാ പദ്ധതി സംഹി ഹോട്ടല്‍സ് വിവരിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലെ രാജര്‍ഹട്ടിലുള്ള ഹോളിഡേ ഇന്‍ എക്‌സ്പ്രസ് 2024 സെപ്റ്റംബര്‍ 30-നകം പൂര്‍ത്തിയാകുമെന്നും പ്രതീക്ഷിക്കുന്നു.

95 ഹോട്ടലുകളുടെ പോര്‍ട്ട്ഫോളിയോ ഉള്ള ലെമണ്‍ ട്രീ ഹോട്ടല്‍സിന് 52 ഹോട്ടലുകള്‍ കൂടി നല്‍കി ഓഫറുകള്‍ വിപുലീകരിക്കാന്‍ പദ്ധതിയുമുണ്ട്.

വിദേശ വിനോദസഞ്ചാരികളുടെ വരവ് (എഫ്ടിഎ) കുറഞ്ഞതിനാല്‍ ബ്രാന്‍ഡഡ് ഹോട്ടലുകള്‍ക്ക് ഡിമാന്‍ഡ് കുറയുമെന്ന ആശങ്കയുണ്ട്. ബ്രാന്‍ഡഡ് ഹോട്ടലുകളുടെ പ്രധാന ഉപഭോക്തൃ അടിത്തറയായി വിദേശ സഞ്ചാരികള്‍ കണക്കാക്കപ്പെടുന്നു. 2022-ല്‍ ഇന്ത്യയിലേക്ക് വന്ന വിദേശ സഞ്ചാരികളുടെ എണ്ണം 6.19 ദശലക്ഷമാണ്. എന്നാല്‍ ഇത് 2019ല്‍ 10 ദശലക്ഷമായിരുന്നു.

ഹോട്ടല്‍ ശൃംഖലകള്‍ കാണുന്ന മറ്റൊരു വെല്ലുവിളി പ്രധാന വിപണികളിലെ ഡിമാന്‍ഡ് കുറവാണ്. ബെംഗളൂരു, ഗുരുഗ്രാം, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിലെ ഒക്യുപെന്‍സി കോവിഡിന് മുമ്പുള്ള നിലയിലാണ്.

ലെമണ്‍ ട്രീ ഹോട്ടലുകളുടെ ഇന്‍വെന്ററിയില്‍ ഏകദേശം മൂന്നിലൊന്ന് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നില്ലെന്നും ഇപ്പോഴും കോവിഡിന് മുമ്പുള്ള നിലയേക്കാള്‍ താഴെയാണെന്നും കമ്പനിയുടെ മാനേജ്മെന്റ് അറിയിച്ചു, പ്രത്യേകിച്ച് ബെംഗളൂരു, പൂനെ മേഖലകളില്‍. പിരിച്ചുവിടല്‍ നേരിടുന്ന ഐടി മേഖലയെ അവര്‍ കൂടുതലായി ആശ്രയിക്കുന്നതാണ് ഇതിന് കാരണം.

ഇന്ത്യന്‍ ടൂറിസ്റ്റുകളില്‍ 2 ശതമാനം മാത്രമാണ് സംഘടിത മേഖലയുടെ ഭാഗമായ ഹോട്ടലുകള്‍ തിരഞ്ഞെടുക്കുന്നത്. ആഭ്യന്തര യാത്രക്കാര്‍ കൂടുതല്‍ ഹോംസ്റ്റേകളും ചെലവ് കുറഞ്ഞ ഹോട്ടലുകളുമാണ് ഇഷ്ടപ്പെടുന്നത്.