21 Nov 2023 9:40 AM GMT
Summary
- ലോകത്തിലെ ഏറ്റവും അധികം ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യ 2030 ഓടെ യാത്രകള്‍ക്കായി പണം ചെലഴിക്കുന്ന ഏറ്റവും വലിയ രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് എത്തും.
ഇന്ത്യക്കാരുടെ യാത്രാ ഭൂപടം മാറുകയാണ്. മാത്രമല്ല ടൂറിസം മേഖലയുടെ ഒരു ശക്തി കേന്ദ്രം കൂടിയായി ഇന്ത്യ മാറി. യാത്രക്കായുള്ള ചെലവഴിക്കല്‍ വര്‍ധിച്ചെങ്കിലും ആ തുക രാജ്യം വിട്ട് പോകുന്നില്ലെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതായത് ഇന്ത്യക്കാര്‍ക്ക് വിദേശ യാത്രകളെക്കാള്‍ പ്രിയം ആഭ്യന്തര യാത്രകളാണെന്ന്.
ബുക്കിംഗ് ഡോട്ട് കോം, മക്കന്‍സി എന്നിവയുടെ പഠനങ്ങള്‍ അനുസരിച്ച് 2022 ല്‍ ഇന്ത്യക്കാര്‍ 170 കോടിയോളം വിനോദ യാത്രകള്‍ നടത്തി. അതില്‍ ഭൂരിഭാഗവും ഇന്ത്യയ്ക്കകത്തു തന്നെയായിരുന്നു. ഏകദേശം ഒരു ശതമാനം മാത്രമായിരുന്നു വിദേശ യാത്രകള്‍.
2030 ല്‍ ഇന്ത്യക്കാര്‍ 500 കോടി വിദേശ യാത്രകള്‍ നടത്തും. അതില്‍ 99 ശതമാനത്തോളം ഇന്ത്യക്കകത്തായിരിക്കുമെന്നും ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകത്തിലെ ഏറ്റവും അധികം ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യ 2030 ഓടെ യാത്രകള്‍ക്കായി പണം ചെലഴിക്കുന്ന ഏറ്റവും വലിയ രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് എത്തും. ഇതിനുള്ള പ്രധാന കാരണം ഇടത്തരം വരുമാനമുള്ള വിഭാഗത്തിന്റെ വളര്‍ച്ചയാണ്. 2030 ആകുമ്പോഴേക്കും ഇടത്തരം വിഭാഗക്കാരുടെ വാര്‍ഷിക വരുമാനം 35,000 ഡോളറായി ഉയരുമെന്നും പഠനം പറയുന്നു.
കൂടാതെ ഇന്ത്യയിലെ ജനസംഖ്യയില്‍ ഭൂരിഭാഗവും ചെറുപ്പമാണ്. ശരാശരി പ്രായം 27.6 ആണ്. ഇത് മിക്ക സമ്പദ് വ്യവസ്ഥകളു മായി താരതമ്യം ചെയ്യുമ്പോള്‍ പത്ത് വയസിലധികം കുറവാണെന്നും മക്കന്‍സി വ്യക്തമാക്കുന്നു.
2030 ആകുമ്പോഴേക്കും ട്രാവല്‍ ആന്‍ഡ് ടൂറിസം ചെലവഴിക്കല്‍ 41000 കോടി ഡോളറായി ഉയരും. ഇത് 2019 ലെ 1500 കോടി ഡോളറില്‍ നിന്നും 170 ശതമാനം വര്‍ധനയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ആഭ്യന്തര ഇടങ്ങള്‍
ഡൽഹി , ബെംഗളുരു, മുംബൈ, ചെന്നൈ, പുനെ, ഹൈദരബാദ്, ഗുരുഗ്രാം, ജയ്പൂര്‍, കൊച്ചി, കൊല്‍ക്കത്ത എന്നിവയാണ് ഇന്ത്യക്കാര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഇന്ത്യയിലെ ഇടങ്ങള്‍.
ന്യൂഡല്‍ഹി, ബെംഗളൂരു, മുംബൈ, ചെന്നൈ എന്നിവ 2015 ലെ മുന്‍ പഠനത്തിലെ പോലെ തന്നെ ആദ്യ നാല് സ്ഥാനങ്ങള്‍ നിലനിര്‍ത്തി കൊച്ചി മാത്രമാണ് പട്ടികയിലെ ഏക പുതിയ നഗരം. ഒന്നിലധികം സര്‍ക്കാര്‍ പദ്ധതികളും ഇന്ത്യന്‍ വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇന്ത്യയുടെ യാത്രാ ആവാസവ്യവസ്ഥ പക്വത പ്രാപിക്കുകയാണെന്നും മക്കിന്‍സി മുംബൈയിലെ മാനേജിംഗ് പാര്‍ട്ണര്‍ കനിക കല്‍റ അഭിപ്രായപ്പെടുന്നു.
ഹൗ ഇന്ത്യ ട്രാവല്‍സ് 2023 റിപ്പോര്‍ട്ട് അനുസരിച്ച് 18 നും 54 നും ഇടയില്‍ പ്രായമുള്ള 2,000 നും ഇന്ത്യക്കാരും 42,000 ആഗോള വിനോദസഞ്ചാരികളും 2022 ല്‍ വിനോദയാത്രകള്‍ ബുക്ക് ചെയ്തിട്ടുണ്ട്.
വിദേശ യാത്രകളിലെ പ്രിയപ്പെട്ട സ്ഥലങ്ങള്‍
ദുബായ്, ബാങ്കോക്ക്, സിംഗപ്പൂര്‍, ലണ്ടന്‍, പാരിസ്, ഹോ ചിമിന്‍ സിറ്റി, ഉബദ്, ഹനോയി, ഫുക്കെറ്റ്, കാണ്ഡ്മണ്ഡു ഈ സ്ഥലങ്ങളാണ് വിദേശ യാത്രകളില്‍ അധികവും ഇടം നേടുന്നത്.
ഇടങ്ങള്‍ മാറാം
ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന ആദ്യ 10 നഗരങ്ങള്‍ ഉയര്‍ന്ന ജനസംഖ്യയുള്ള ഇടങ്ങളാണ്, പക്ഷേ അത് ഉടന്‍ മാറിയേക്കാം. ടയര്‍ 2 അല്ലെങ്കില്‍ ടയര്‍ 3 നഗരങ്ങള്‍ ഉള്‍പ്പെടെ ചെറിയ നഗര സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാന്‍ കൂടുതല്‍ ഇന്ത്യക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നുണ്ട്. ഇന്ത്യയിലെ 50,000 മുതല്‍ 100,000 വരെ ജനസംഖ്യയുള്ള നഗരങ്ങള്‍ ടയര്‍ 2 നഗരങ്ങളും 20,000 മുതല്‍ 50,000 വരെ താമസക്കാരുള്ളവയെ മൂന്നാം നിര നഗരങ്ങളായുമാണ് തരംതിരിച്ചിട്ടുള്ളത്.
സാന്നിധ്യം ശക്തമാക്കാന്‍ ഹോട്ടലുകള്‍
ഡെല്‍ഹി, മുംബൈ, തുടങ്ങിയ കോസ്‌മോപൊളിറ്റന്‍ നഗരങ്ങള്‍ക്കു പുറമേ ജോധ്പൂര്‍, ധര്‍മ്മശാല, ബോധ്ഗയ, ബിലാസ്പൂര്‍, കുടക്, റായ്പൂര്‍ തുടങ്ങിയ നഗരങ്ങളിലും സാന്നിധ്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് അന്താരാഷ്ട്ര ഹോട്ടല്‍ ശൃംഖലകള്‍.
രാജ്യത്തെ വര്‍ധിച്ചുവരുന്ന ബിസിനസ് അവസരങ്ങളും സ്റ്റാന്‍ഡേര്‍ഡ് സേവനങ്ങള്‍ക്കായി പണം ചെലവാക്കാനുള്ള ആളുകളുടെ സന്നദ്ധതയും ബ്രാന്‍ഡഡ് ഹോട്ടലുകളെ ടയര്‍ 2 നഗരങ്ങളില്‍ വിപുലീകരണത്തിന് പ്രേരിപ്പിക്കുന്നുണ്ടെന്ന് ഹയാത്ത് ഹോട്ടല്‍സിന്റെ തെക്ക് പടിഞ്ഞാറന്‍ എഷ്യയുടെയും ഇന്ത്യയുടെയും റവന്യു മാനേജ്‌മെന്റ് ഡയറക്ടര്‍ ദീപക് റാവു പറഞ്ഞു.
ഈ മാറ്റത്തിന്റെ ഫലമായി ഫ്രഞ്ച് ഹോട്ടല്‍ ശൃംഖലയായ നോവോട്ടെല്‍ മെയ് മാസത്തില്‍ ജോധ്പൂരില്‍ ഒരു ഹോട്ടൽ തുറന്നു . അതേസമയം റാഡിസണ്‍ ഹോട്ടല്‍ ഗ്രൂപ്പ് 2025ല്‍ റായ്പൂരിലേക്ക് സന്ദര്‍ശകരെ സ്വീകരിക്കുമെന്ന് ജൂണില്‍ പ്രഖ്യാപിച്ചിരുന്നു. ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലെ ഹോട്ടലുകളില്‍ പകുതി (52%) 2023 അവസാനത്തോടെ ബ്രാന്‍ഡഡ് ഹോട്ടലുകളായി മാറുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലെ ചെറു നഗരങ്ങളിലേക്കുള്ള യാത്ര വര്‍ധിക്കുന്നത് ഗതാഗത അടിസ്ഥാന സൗകര്യങ്ങളുടെ വളര്‍ച്ചയ്ക്കും കാരണമാകും.
വിമാനക്കമ്പനികളും കളത്തിലുണ്ട്
2075 ഓടെ രാജ്യം രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറാന്‍ ഒരുങ്ങുന്നതിനാല്‍ ആസ്തിവികസന ചെലവ് 33 ശതമാനം മ (10 ട്രില്യണ്‍ രൂപ -120.96 ബില്യണ്‍ ഡോളര്‍) വര്‍ധിപ്പിക്കാന്‍ പദ്ധതിയിടുന്നതായി ഫെബ്രുവരിയിലെ വാര്‍ഷിക ബജറ്റ് പ്രഖ്യാപനത്തില്‍ ഇന്ത്യയുടെ ധനമന്ത്രി വ്യക്തമാക്കിയിരുന്നു. 2030 ഓടെ രാജ്യത്തെ മൊത്തം വിമാനങ്ങളുടെ എണ്ണം 1,500 നും 1,700 നും ഇടയില്‍ എത്തിക്കാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ 1,000 ത്തിലധികം പുതിയ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും മക്കന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.