image

28 Oct 2026 11:58 AM IST

Travel & Tourism

വീടൊരുങ്ങി, നാടൊരുങ്ങി, കല്‍പ്പാത്തി തേരൊരുങ്ങി...

Swarnima Cherth Mangatt

വീടൊരുങ്ങി, നാടൊരുങ്ങി, കല്‍പ്പാത്തി തേരൊരുങ്ങി...
X

Summary

ജാതി-മത-ലിംഗ-ഭാഷാ വ്യത്യാസമില്ലാതെ മനുഷ്യരെ കൊണ്ട് കല്‍പ്പാത്തിയുടെ തെരുവുകള്‍ നിറയും. ലോകപ്രശസ്ത ഉത്സവത്തിന് കേരളത്തിന്റെ വിനോദ സഞ്ചാര പട്ടികയിലും ചില്ലറ പ്രധാന്യമല്ല ഉള്ളത്.


ചരിത്രവും വിശ്വാസവുമെല്ലാം ഇടകലരുന്ന അഗ്രഹാര തെരുവില്‍ രഥോത്സവത്തിന്റെ ആരവങ്ങള്‍ വീണ്ടും ഉയരുകയായി. ആളും ആരവങ്ങളും ഇനി പാലക്കാട്ടെക്ക് ഒഴുകുന്ന കാഴ്ച്ചയാണ് വരാനിക്കുന്നത്. ജാതി-മത-ലിംഗ-ഭാഷാ വ്യത്യാസമില്ലാതെ മനുഷ്യരെ കൊണ്ട് കല്‍പ്പാത്തിയുടെ തെരുവുകള്‍ നിറയും. ലോകപ്രശസ്ത ഉത്സവത്തിന് കേരളത്തിന്റെ വിനോദ സഞ്ചാര പട്ടികയിലും ചില്ലറ പ്രധാന്യമല്ല ഉള്ളത്.

മായാപുരം മുതല്‍ കല്‍പ്പാത്തി വരെ

കല്‍പ്പാത്തിയുടെ കഥ തുടങ്ങുന്നത് തഞ്ചാവൂരിലെ കാവേരി നദീതീരത്തുള്ള മായപുരം (ഇന്നത്തെ മയിലാടുംതുറൈ) ഗ്രാമത്തില്‍ നിന്നാണ്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മായാപുരത്തു നിന്നും കല്‍പ്പാത്തിയിലെത്തിയവരാണ് ഇന്നത്തെ കല്‍പ്പാത്തിക്കാരുടെ പൂര്‍വീകര്‍. തമിഴ്‌നാട്ടിലെ മായവരം മയൂരനാഥ ക്ഷേത്രത്തില്‍ തുലാമാസത്തില്‍ നടക്കുന്ന രഥോത്സവത്തിന്റെ മാതൃകയിലാണ് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കല്‍പ്പാത്തിയിലും രഥോത്സവം ആരംഭിച്ചത്. തമിഴ്‌നാട്ടിലെ മായാവരത്തു നിന്നും പാലക്കാട്ടെ കല്‍പ്പാത്തിയിലേക്ക് കുടിയേറിപ്പാര്‍ത്ത പൂര്‍വികരുടെ ആചാര പാരമ്പര്യത്തിന്റെ തുടര്‍ച്ചയായിട്ടാണ് കല്‍പ്പാത്തിയില്‍ രഥമുരുളുന്നത്.


കാശിയില്‍ പാതി കല്‍പ്പാത്തി

മായപുരത്തുനിന്ന് ശിവഭജനത്തിനായി കാശിയിലെത്തിയ ലക്ഷമിയമ്മാളിന് സ്വപ്നത്തില്‍ ഒരു അരുളപ്പാടുണ്ടായെന്നും കാശിയില്‍ നിന്ന് കൊണ്ട് വന്ന വിശുദ്ധ ബാണലിംഗം കൊണ്ടുവന്ന് പാലക്കാട് ഭാരതപ്പുഴയുടെ കൈവഴിയായ കല്‍പ്പാത്തി പുഴയോരത്ത് പ്രതിഷ്ഠിച്ചു എന്നുമാണ് ഐതിഹ്യം. അന്നത്തെ പാലക്കാട് രാജാവായിരുന്ന ഇട്ടിക്കോമ്പിയച്ഛന്‍ ഭൂമി ദാനമായി നല്‍കിയ ഭൂമിയില്‍ കാശിയിലെ വിശ്വനാഥക്ഷേത്രത്തിന് സമാനമായി വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രം പണികഴിപ്പിച്ചു എന്നാണ് പഴമക്കാരുടെ വിശ്വാസം. ഇക്കാരണത്താല്‍ ദക്ഷിണകാശി എന്നും തെക്കിന്റെ വാരണാസി എന്നും ഒക്കെ കല്‍പ്പാത്തിക്ക് പേരുകളുണ്ട്. കാശിയില്‍ തൊഴുന്നതിന് തുല്യമാണ് കല്‍പ്പാത്തിയില്‍ തൊഴുന്നതെന്ന വിശ്വാസവും ശക്തമാണ്. 700 കൊല്ലം മുമ്പാണ്, വിശ്വനാഥ പ്രഭുവായ പരമശിവനു സമര്‍പ്പിക്കപ്പെട്ട വിശാലാക്ഷി സമേതനായ ശ്രീ വിശ്വനാഥ ക്ഷേത്രം സ്ഥാപിക്കപ്പെടുന്നത്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലാണ് ഈ ക്ഷേത്രം.




രഥമേറി വരുന്ന ദൈവങ്ങള്‍

ക്ഷേത്രത്തില്‍ നേരിട്ട് എത്താന്‍ കഴിയാത്തവര്‍ക്ക് ദര്‍ശനം ലഭിക്കാനായി ആരാധനാമൂര്‍ത്തികള്‍ ശ്രീകോവിലില്‍ നിന്നും രഥത്തില്‍ അഗ്രഹാരവീഥികളിലൂടെ എഴുന്നള്ളുന്നുവെന്നതാണ് രഥോത്സവത്തിന്റെ പ്രധാന ആത്മീയ സങ്കല്‍പ്പമായി കണക്കാക്കുന്നത്. കല്‍പ്പാത്തി രഥോത്സവത്തിലെ ഏറ്റവും പരിപാവനായ ചടങ്ങാണ് ദേവരഥസംഗമം. വേദമന്ത്രങ്ങളും സാംസ്‌കാരിക പരിപാടികളും സംഗീത കച്ചേരികളും ഉത്സവത്തിന്റെ ഭാഗമാണ്. അവസാനത്തെ മൂന്നു ദിവസമാണ് അലങ്കരിച്ച മൂന്നു വമ്പന്‍ രഥങ്ങള്‍ തെരുവിലേക്കിറങ്ങുക. ഭക്തര്‍ തന്നെയാണ് ഇതു വലിക്കുകയും ചെയ്യുക.

കല്‍പ്പാത്തിയിലെ പ്രധാനപ്പെട്ട നാലു ക്ഷേത്രങ്ങളില്‍ നിന്നുമെത്തുന്ന രഥങ്ങളാണ് രഥോത്സവനത്തിലുള്ളത്. മനോഹരമായി അലങ്കരിച്ച ആറു രഥങ്ങളാണ് രഥോസ്തവത്തിന്റെ പ്രധാന ആകര്‍ഷണം. മൂന്നു രഥങ്ങള്‍ വിശ്വനാഥ സ്വാമി ക്ഷേത്രത്തില്‍ നിന്നും ഉള്ളതാണ്. പ്രധാന രഥത്തില്‍ വിശ്വനാഥനും വിശാലാക്ഷിയുമാണുള്ളത്. രണ്ടാം രഥം ഗണപതിക്കും മൂന്നാം രഥം സുബ്രഹ്‌മണ്യനുമാണ് സമര്‍പ്പിച്ചിരിക്കുന്നത്. ബാക്കിയുള്ള മൂന്ന് രഥങ്ങള്‍ സമീപത്തുള്ള ക്ഷേത്രങ്ങളായ മന്തക്കര മഹാഗണപതി ക്ഷേത്രം, പഴയ കല്‍പ്പാത്തിയിലെ ലക്ഷ്മി നാരായണ പെരുമാള്‍ ക്ഷേത്രം, ചതപുരം മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ളതാണ്. എല്ലാ രഥങ്ങളും വിശ്വനാഥ ക്ഷേത്രത്തിനു സമീപമുള്ള തെരുവില്‍ ഒന്നിച്ചുചേരുന്നു. പിന്നീട് എല്ലാം ചേര്‍ന്ന് വലിയ സംഘമായി മുന്നോട്ട് പോകുന്നു.


കാത്തിരുന്നെത്തുന്ന നവംബര്‍

എല്ലാ വര്‍ഷവും നവംബര്‍ മാസമാണ് കല്‍പ്പാത്തിയില്‍ രഥോത്സവം നടക്കുന്നത്. ഇത്തവണ നവംബര്‍ 7 മുതല്‍ 17 വരെയാണ് രഥോത്സവം. നവംബര്‍ 8നാണ് കൊടിയേറ്റം. 14 ന് ഒന്നാം തേരുത്സവം. നവംബര്‍ 15 ഞായറാഴ്ച്ച രണ്ടാം തേര് ആഘോഷിക്കും. 16 ാം തീയതി തിങ്കളാഴ്ച്ചയാണ് ദേവരഥസംഗമം. നവംബര്‍ 17 ഓടെ പത്തുനാള്‍ ഉത്സവം കൊടിയിറങ്ങും. ഭക്തി, ഐക്യം, സേവനം, ഇവ മൂന്നുമാണ് കല്‍പ്പാത്തി രഥോത്സവത്തില്‍ ഇഴചേര്‍ന്ന് നില്‍ക്കുന്നത്.

എങ്ങനെ എത്തിപ്പെടാം

റെയില്‍വേ: പാലക്കാട് ജങ്ഷനില്‍ നിന്ന് ഏകദേശം 3 കിലോമീറ്റര്‍ ദൂരം

ബസ്: പാലക്കാട് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഏകദേശം 4 കിലോമീറ്റര്‍.

വിമാനം: കോയമ്പത്തൂര്‍ വിമാനത്താവളം (65 കിലോമീറ്ററോളം ദൂരം)