11 July 2023 11:58 AM IST
Summary
- പദ്ധതി 19.5ബില്യണ്‍ ഡോളറിന്റേത്
- ഫോക്‌സ്‌കോണിന്റെ പിന്മാറ്റം പദ്ധതിയെ ബാധിക്കില്ലെന്ന് കേന്ദ്രം
- അര്‍ദ്ധചാലക പദ്ധതിയില്‍ പ്രതിജ്ഞാബദ്ധമാണെന്ന് വേദാന്ത
ഇന്ത്യയിലെ അര്‍ദ്ധചാലക വ്യവസായത്തില്‍ വന്‍ കുതിപ്പാകേണ്ടിയിരുന്ന പദ്ധതി ഒഴിവാക്കി തായ്വാനിലെ ഫോക്സ്‌കോണ്‍ പിന്‍മാറിയത് എന്തുകൊണ്ട് എന്ന ചോദ്യമാണ് വാര്‍ത്ത പുറത്തുവന്ന ഉടന്‍ എല്ലായിടത്തും ഉയര്‍ന്നത്. 2022 ഫെബ്രുവരിയില്‍ ആഗോള ഇലക്ട്രോണിക്സ് നിര്‍മ്മാതാക്കളായ ഫോക്സ്‌കോണും വേദാന്തയുംചേര്‍ന്നാണ് ഇന്ത്യയില്‍ സെമി കണ്ടക്ടറുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പങ്കാളിത്തം പ്രഖ്യാപിച്ചത്.
സെപ്തംബറില്‍, കമ്പനികള്‍ ഗുജറാത്തിലെ ധോലേരയില്‍ ഒരു പ്ലാന്റ് സ്ഥാപിക്കാന്‍ 19.5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെക്കുകയും ചെയ്തു. 2024-ല്‍ ഇത് പ്രവര്‍ത്തനക്ഷമമാക്കുകയായിരുന്നു ലക്ഷ്യം.
ഇരു കമ്പനികളും തമ്മിലുള്ള സഹകരണം മുന്നോട്ടുപോയശേഷമാണ് ഇപ്പോള്‍ തെയ്വാന്‍ കമ്പനിയുടെ പിന്‍മാറ്റം ഉണ്ടായിരിക്കുന്നത്.
അതേസമയം ഫോക്‌സ്‌കോണിന്റെ പിന്‍മാറ്റം ഇന്ത്യന്‍ അര്‍ദ്ധചാലക പദ്ധതിയെ ഒരുവിധത്തിലും ബാധിക്കില്ലെന്ന് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ് അഭിപ്രായപ്പെട്ടിട്ടുണ്ട്.
സംയുക്ത സംരംഭം അവസാനിപ്പിക്കാനുള്ള തീരുമാനം പരസ്പരമുള്ളതാണെന്ന് ഫോക്‌സ്‌കോണ്‍ പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.
സംയുക്ത സംരംഭത്തെക്കുറിച്ച് പരിശോധിക്കുമ്പോള്‍ ഫോക്സ്‌കോണിനും വേദാന്തയ്ക്കും ചിപ്പ് നിര്‍മ്മാണ പരിചയമോ സാങ്കേതികവിദ്യയോ ഇല്ലെന്ന വസ്തുത മനസിലാകും. എന്നാല്‍ അവര്‍ ഒരു സാങ്കേതിക പങ്കാളിയില്‍ നിന്ന് ടെക്‌നോളജിയുംമറ്റും നേടുമെന്ന് കരുതിയിരുന്നു. അത് നടന്നില്ല.
അതേസമയം ഫോക്സ്‌കോണും വേദാന്തയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ നയത്തിലും ഇന്ത്യയുടെ അര്‍ദ്ധചാലക പരിപാടിയിലും പ്രതിജ്ഞാബദ്ധരുമാണ്. ഈ വര്‍ഷം മെയ് മാസത്തിലാണ് സംയുക്ത സംരംഭം ഒരു സാങ്കേതിക പങ്കാളിയുമായി ബന്ധം സ്ഥാപിക്കാന്‍ ബുദ്ധിമുട്ടുന്നു എന്ന വാര്‍ത്ത പുറത്തുവന്നത്.
അതേസമയം രണ്ട്കമ്പനികളും ഇപ്പോള്‍ തങ്ങളുടെ ടെക്‌നോളജി പാര്‍ട്ണര്‍മാരെ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. വേദാന്തയും ഫോക്സ്‌കോണും ലൈസന്‍സിംഗ് ടെക്നോളജിക്കായി STMicro ബോര്‍ഡില്‍ എത്തിയിരുന്നു. അതേസമയം പങ്കാളിത്തം പോലെ യൂറോപ്യന്‍ ചിപ്പ് മേക്കറിന് പദ്ധതിയുടെ വിജയത്തില്‍ താല്‍പ്പര്യം ഉണ്ടായിരിക്കണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തിരുന്നു.
വേദാന്തയുടെ ഹോള്‍ഡിംഗ് കമ്പനിയുമായി ഇടപാട് നടന്നതിനാല്‍, ഇന്ത്യയില്‍ അര്‍ദ്ധചാലകങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഫോക്്‌സ്‌കോണുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതായി തോന്നിപ്പിക്കുന്ന ഒരു പത്ര പ്രസ്താവന വേദാന്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് നിയമലംഘനമാണെന്ന് സെബി കണ്ടെത്തിയതിനെത്തുടര്‍ന്ന് കമ്പനിക്ക് കഴിഞ്ഞ മാസം പിഴ ചുമത്തുകയും ചെയ്തു.
സംയുക്ത സംരംഭം അവസാനിക്കുമ്പോള്‍, തങ്ങളുടെ അര്‍ദ്ധചാലക പദ്ധതിയില്‍ പ്രതിജ്ഞാബദ്ധമാണെന്ന് വേദാന്ത പറയുന്നു. അര്‍ദ്ധചാലകങ്ങളെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാട് നിറവേറ്റാനുള്ള ശ്രമങ്ങള്‍ ഇരട്ടിയാക്കിയതായും കമ്പനി അറിയിച്ചു.
അതേസമയം ചിപ്പ് ഉല്‍പ്പാദനത്തിനുള്ള പ്രോത്സാഹന സ്‌കീമിനുള്ള അപേക്ഷയില്‍ കേന്ദ്ര സര്‍ക്കാര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചതിനെത്തുടര്‍ന്ന് വേദാന്തയുമായുള്ള അര്‍ദ്ധചാലക സംയുക്ത സംരംഭത്തില്‍ നിന്ന് ഫോക്‌സ്‌കോണ്‍ പിന്‍മാറുകയായിരുന്നു എന്നും പറയുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
