image

4 Feb 2023 1:30 PM GMT

Insurance

അറിഞ്ഞോ? ലൈഫ് ഇന്‍ഷുറന്‍സ് തുകയിന്മേലുള്ള നികുതി മാറ്റങ്ങള്‍

Bureau

Insurance cover
X

Summary

  • കാലാ കാലങ്ങളായി വരുത്തിയിട്ടുള്ള ഈ മാറ്റങ്ങള്‍ക്ക് ശേഷം ഈ നിയമങ്ങള്‍ ഇപ്പോള്‍ എങ്ങനെയാണെന്ന് നമുക്ക് പരിശോധിക്കാം.


സിഎ എബ്രഹാം പിജെ

നമ്മള്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നത് അകാല മരണമുണ്ടായാല്‍ മറ്റ് കുടുംബ അംഗങ്ങള്‍ക്ക് സാമ്പത്തികമായി ഒരു കൈത്താങ്ങ് ആകണം എന്ന ഉദ്ദേശത്തോടൊപ്പം തന്നെ ഇതുമൂലം ആദായ നികുതി ലാഭിക്കുകയും ചെയ്യാം എന്നുള്ളത് കൂടി കൊണ്ടാണ്.

എന്നിരുന്നാലും കുറച്ചു നാളുകളായി ലൈഫ് ഇന്‍ഷുറന്‍സില്‍ നിന്ന് കിട്ടുന്ന പണത്തിന് മുഴുവന്‍ ഇളവ് കൊടുക്കുന്ന രീതിയില്‍ ചില മാറ്റങ്ങള്‍വരുത്തി കൊണ്ടിരിക്കുകയാണ്. 2023-2024 ബജറ്റില്‍ പുതിയ നികുതി സമ്പ്രദായം സ്വീകരിക്കുന്നവര്‍ക്ക് ധാരാളം ആനുകൂല്യങ്ങള്‍ കൊടുക്കുന്നതോടൊപ്പം ലൈഫ് ഇന്‍ഷുറന്‍സ് വരുമാനത്തിന്മേലുള്ള നികുതി നിയമത്തില്‍ വീണ്ടും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ഈ മാറ്റങ്ങളെല്ലാം, വന്‍ തുകകള്‍ ഇന്‍ഷുറന്‍സ് പ്രീമിയം ആയി അടച്ച് ഇന്‍ഷുറന്‍സ് വരുമാനത്തിന്മേലുള്ള നികുതി ഇളവ് അവകാശപ്പെട്ടിരുന്നവരെ ലക്ഷ്യം വെച്ചാണ്. കാലാ കാലങ്ങളായി വരുത്തിയിട്ടുള്ള ഈ മാറ്റങ്ങള്‍ക്ക് ശേഷം ഈ നിയമങ്ങള്‍ ഇപ്പോള്‍ എങ്ങനെയാണെന്ന് നമുക്ക് പരിശോധിക്കാം.

01-04-2003 മുതലാണ് ലൈഫ് ഇന്‍ഷുറന്‍സ് വരുമാനത്തിന് നികുതി ഏര്‍പ്പെടുത്തി തുടങ്ങിയത്. അന്ന് വരെ ലൈഫ് ഇന്‍ഷുറന്‍സ് വരുമാനം അത് എത്ര തന്നെ ആയിരുന്നാലും വകുപ്പ് 10(10D) പ്രകാരം മുഴുവന്‍ തുകയും നികുതി മുക്തമായിരുന്നു. കാലക്രമേണ ആ വകുപ്പില്‍ വരുത്തിയ മാറ്റങ്ങളാണ് ചുവടെ.

01-04-2003 മുതല്‍ എടുത്ത ഏതൊരു ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയുടെയും വാര്‍ഷിക പ്രീമിയം ഇന്‍ഷുറന്‍സ് പരിരക്ഷയുടെ 20 ശതമാനത്തില്‍ കൂടുതല്‍ ആണെങ്കില്‍ ആ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയില്‍ നിന്നുള്ള വരുമാനം മുഴുവന്‍ നികുതി വിധേയമായിരിക്കും.

01-04-2012 മുതല്‍ എടുത്ത ഏതൊരു ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയുടെയും വാര്‍ഷിക പ്രീമിയം ഇന്‍ഷുറന്‍സ് പരിരക്ഷയുടെ 10 ശതമാനത്തില്‍ കൂടുതല്‍ ആണെങ്കില്‍ ആ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയില്‍ നിന്നുള്ള വരുമാനം മുഴുവന്‍ നികുതി വിധേയമായിരിക്കും.

01-04-2023 മുതല്‍ എടുക്കുന്ന ഏതൊരു ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയുടെയും വാര്‍ഷിക പ്രീമിയം 5 ലക്ഷത്തില്‍ കൂടുതല്‍ ആണെങ്കില്‍ ആ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയില്‍ നിന്നുള്ള വരുമാനം മുഴുവന്‍ നികുതി വിധേയമായിരിക്കും.

തീര്‍ന്നില്ല. 01-04-2023 മുതല്‍ എടുക്കുന്ന പോളിസികള്‍ക്ക് കുറച്ച് നിബന്ധനകള്‍ കൂടി വന്നിട്ടുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.

ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം അടച്ചതിന് 80ഇ ഇളവുകള്‍ നേടിയിട്ടുണ്ടെങ്കില്‍ ലൈഫ് ഇന്‍ഷുറന്‍സ് വരുമാനം കിട്ടുമ്പോള്‍, കിട്ടിയ തുക മുഴുവന്‍ വരുമാനമായി കണക്കാക്കും.

ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം അടച്ചതിന് 80ഇ ഇളവുകള്‍ നേടിയിട്ടില്ലെങ്കില്‍ ലൈഫ് ഇന്‍ഷുറന്‍സ് വരുമാനം കിട്ടുമ്പോള്‍, കിട്ടിയ തുകയില്‍ നിന്ന് പ്രീമിയം അടച്ച തുക മുഴുവന്‍ കുറച്ചതിന് ശേഷം ഉള്ള മുഴുവന്‍ തുകയും വരുമാനമായി കണക്കാക്കും.

ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങള്‍

1. ഇന്‍ഷുറന്‍സ് പരിരക്ഷ തുക കിട്ടിയത്, പരിരക്ഷ നേടിയ ആള്‍ മരണപ്പെട്ടതുകൊണ്ടതാണെങ്കില്‍, കിട്ടിയ മുഴുവന്‍ തുകയും നികുതി മുക്തമായിരിക്കും.

2. ലൈഫ് ഇന്‍ഷുറന്‍സ് വരുമാനം 'മറ്റ് വരുമാനങ്ങള്‍' എന്ന തലക്കെട്ടില്‍ ആയിരിക്കും നികുതി വിധേയമായി കണക്കാക്കുന്നത്. അതിനാല്‍ യാതൊരുവിധ മറ്റ് കിഴിവുകളോ, ഇന്‍ഡെക്‌സേഷന്‍ പ്രയോജനങ്ങളോ ലഭ്യമായിരിക്കില്ല.

കുറിപ്പ്: ഇത് ബജറ്റ് നിര്‍ദ്ദേശങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് തയ്യാറാക്കിയിരിക്കുന്നത്. പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അതിന്റെ അടിസ്ഥാനത്തില്‍ ചില മാറ്റങ്ങള്‍ പിന്നീട് വന്നേക്കാം.

ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് ലേഖകന്‍