7 Jun 2023 11:42 AM IST
Summary
- ഓപ്ഷണൽ സർവീസ് എന്ന നിലയിൽ ആണ് ഇൻഷുറൻസ് പരിരക്ഷ നൽകുന്നത്
- നിസാര പരുക്കുകൾക്ക് 10,000 രൂപ
- ക്ലെയിം ചെയ്യാൻ 4 മാസത്തെ സാവകാശം
ഇന്ത്യയിൽ അടുത്ത കാലത്തായി ട്രെയിൻ അപകടങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ട്രെയിൻ യാത്രയിൽ ടിക്കറ്റ് ബുക്കിങ്ങിനോടൊപ്പം ലഭിക്കുന്ന ഇൻഷുറൻസ് പരിരക്ഷയെ പറ്റി യാത്രക്കാർ അറിഞ്ഞിരിക്കണം .ഐആർസിടിസിയുടെ വെബ്സൈറ്റ് മുഖേനയോ മൊബൈൽ ആപ്ലിക്കേഷേൻ മുഖേനയോ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ, യാത്രക്കാർക്ക് ട്രാവൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
ഐ ആർ ടി സി ഓപ്ഷണൽ സർവീസ് എന്ന നിലയിൽ ആണ് ഇൻഷുറൻസ് പരിരക്ഷ നൽകുന്നത്.അതിനാൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഏതൊരാൾക്കും ട്രാവൽ ഇൻഷുറൻസ് തെരെഞ്ഞെടുക്കാവുന്നതാണ്.ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിനുള്ള വിവരങ്ങൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലും ഇ മെയിൽ വഴിയും ലഭിക്കും.
ഈടാക്കുന്നത് വെറും 35 പൈസ
ഇൻഷുറൻസ് കവറേജ് ലഭിക്കാൻ വെറും 35 പൈസ മാത്രമാണ് ഐആർസിടിസി ഉപയോക്താക്കളിൽ നിന്ന് ഈടാക്കുന്നത്. എന്നാൽ ഇതുവഴി 10 ലക്ഷം രൂപയുടെ കവറേജാണ് ഉപയോക്താക്കൾക്കു ലഭിക്കുന്നത്. കൂടാതെ യാത്രക്കിടയിൽ നേരിടുന്ന കവർച്ച, മോഷണം, മറ്റ് അപകടങ്ങളിൽ നിന്നും കവറേജ് നൽകുന്നു.ചികിത്സാ ചെലവുകൾ, മരണം സംഭവിച്ചാൽ ഇൻഷുറൻസ് നോമിനിക്ക് നഷ്ടപരിഹാരം എന്നിവ ലഭിക്കും.
യാത്രക്കാരൻ ട്രെയിൻ അപകടം മൂലം മരിക്കുകയോ സ്ഥിരമായി അംഗവൈകല്യം നേരിടുകയോ ചെയ്താൽ 10 ലക്ഷം രൂപ വരെ ഇൻഷുറൻസ് ലഭിക്കും. ഭാഗികമായി അംഗവൈകല്യം സംഭവിച്ചാൽ 7.5 ലക്ഷം രൂപ നഷ്ടപരിഹാരമായി കിട്ടും. ഗുരുതരമായി പരിക്കേറ്റാൽ 2 ലക്ഷം രൂപയും നിസാര പരുക്കുകൾക്ക് 10,000 രൂപയും കിട്ടും.5 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇൻഷുറൻസ് കവറേജ് ബാധകമാവില്ല.
എങ്ങനെ ക്ലെയിം ചെയ്യാം
യാത്രക്കാർക്ക് അപകടമുണ്ടായാൽ ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ 4 മാസത്തെ സാവകാശം ലഭിക്കും. ഇൻഷുറൻസ് കമ്പനിയുടെ ഓഫീസ് സന്ദർശിച്ച് ക്ലെയിമിന് അപേക്ഷിക്കാവുന്നതാണ്. ടിക്കറ്റ് എടുക്കുന്ന സമയത്ത് തന്നെ ഉപയോക്താക്കളിൽ നിന്ന് റെയിൽവേ നോമിനിയുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.ഇൻഷുറൻസ് സംബന്ധിച്ച വിവരങ്ങൾക്ക് ഉപയോക്താക്കൾക്ക് ഐആർസിടിസി, ഇന്ത്യൻ റെയിൽവേ വെബ്‌സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്. റെയിൽവേ സ്‌റ്റേഷനുകൾ സന്ദർശിച്ചും സംശയങ്ങൾ തീർക്കാവുന്നതാണ്.
പഠിക്കാം & സമ്പാദിക്കാം
Home
