image

17 May 2022 9:30 PM GMT

Banking

പാരാദീപ് ഫോസ്‌ഫേറ്റ് ഐപിഒ ഇന്നു തുടങ്ങുന്നു; അറിയാം കമ്പനിയെ

Nominitta Jose

പാരാദീപ് ഫോസ്‌ഫേറ്റ് ഐപിഒ ഇന്നു തുടങ്ങുന്നു; അറിയാം കമ്പനിയെ
X

Summary

രാജ്യത്ത് യൂറിയ ഇതര വളം ഉത്പാദിപ്പിക്കുന്ന രണ്ടാമത്തെ വലിയ സ്വകാര്യ കമ്പനിയാണ് പാരാദീപ് ഫോസ്‌ഫേറ്റ്‌സ് (പിപിഎല്‍). 2022 സാമ്പത്തിക വര്‍ഷത്തിലെ ഒമ്പത് മാസങ്ങളിലെ കണക്കു പ്രകാരം ഇന്ത്യയില്‍ ഡി-അമോണിയം ഫോസ്‌ഫേറ്റ് ഉത്പാദിപ്പിക്കുന്ന സ്വകാര്യ കമ്പനികളില്‍ രണ്ടാം സ്ഥാനവും പാരാദീപ് ഫോസ്‌ഫേറ്റിനാണ്. 1981 ല്‍ ആരംഭിച്ച കമ്പനിയില്‍, 80.45 ശതമാനം ഓഹരി പങ്കാളിത്തം സുവാരി കെമിക്കല്‍സിന്റെയും ഒസിപി ഗ്രൂപ്പിന്റെയും സംയുക്ത സംരംഭത്തിനാണ്. ബാക്കിയുള്ള ഓഹരികള്‍ കേന്ദ്ര സര്‍ക്കാരിന്റെ കൈവശമാണുള്ളത്. കിഴക്കൻ ഇന്ത്യയില്‍ ശക്തമായ സാന്നിധ്യമുള്ള കമ്പനി ഡി-അമോണിയം ഫോസ്‌ഫേറ്റ്, […]


രാജ്യത്ത് യൂറിയ ഇതര വളം ഉത്പാദിപ്പിക്കുന്ന രണ്ടാമത്തെ വലിയ സ്വകാര്യ കമ്പനിയാണ് പാരാദീപ് ഫോസ്‌ഫേറ്റ്‌സ് (പിപിഎല്‍). 2022 സാമ്പത്തിക വര്‍ഷത്തിലെ ഒമ്പത് മാസങ്ങളിലെ കണക്കു പ്രകാരം ഇന്ത്യയില്‍ ഡി-അമോണിയം ഫോസ്‌ഫേറ്റ് ഉത്പാദിപ്പിക്കുന്ന സ്വകാര്യ കമ്പനികളില്‍ രണ്ടാം സ്ഥാനവും പാരാദീപ് ഫോസ്‌ഫേറ്റിനാണ്.

1981 ല്‍ ആരംഭിച്ച കമ്പനിയില്‍, 80.45 ശതമാനം ഓഹരി പങ്കാളിത്തം സുവാരി കെമിക്കല്‍സിന്റെയും ഒസിപി ഗ്രൂപ്പിന്റെയും സംയുക്ത സംരംഭത്തിനാണ്. ബാക്കിയുള്ള ഓഹരികള്‍ കേന്ദ്ര സര്‍ക്കാരിന്റെ കൈവശമാണുള്ളത്. കിഴക്കൻ ഇന്ത്യയില്‍ ശക്തമായ സാന്നിധ്യമുള്ള കമ്പനി ഡി-അമോണിയം ഫോസ്‌ഫേറ്റ്, മൂന്ന് ഗ്രേഡുകളിലുള്ള നൈട്രജന്‍ ഫോസ്ഫറസ്-പൊട്ടാസ്യം, സിപ്‌മൈറ്റ്, ഫോസ്‌പോ-ജിപ്‌സം എന്നിങ്ങനെയുള്ള വളങ്ങളുടെ ഉത്പാദനം, വിതരണം, വില്‍പ്പന എന്നീ പ്രവര്‍ത്തനങ്ങളിലാണ് പ്രധാനമായും ഏര്‍പ്പെട്ടിരിക്കുന്നത്. കമ്പനിയുടെ വളങ്ങള്‍ രാജ്യത്തെ പതിനാല് സംസ്ഥാനങ്ങളിലായി ജയ് കിസാന്‍-നവരത്‌ന, നവരത്‌ന എന്നീ ബ്രാന്‍ഡുകളിലായി വിപണനം ചെയ്യുന്നുണ്ട്. ഒഡീഷയിലെ പാരാദീപിലാണ് കമ്പനിയുടെ നിര്‍മാണ യൂണിറ്റുള്ളത്.

വളത്തിന്റെ ആഭ്യന്തര ഡിമാന്‍ഡ് 2026 സാമ്പത്തിക വര്‍ഷമാകുമ്പോഴേക്കും 66 ദശലക്ഷം ടണ്ണായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, ഫോസ്ഫാറ്റിക് വളങ്ങളുടെ വിഭാഗത്തില്‍ 2022 മുതല്‍ 2026 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ വാര്‍ഷിക വളര്‍ച്ച നിരക്ക് 4.2 ശതമാനം മുതല്‍ 4.4 ശതമാനം വരെയായി ഉയരുമെന്നാണ് പ്രതീക്ഷ.

പാരാദീപ് ഫോസ്‌ഫേറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം, നികുതിയ്ക്കുശേഷമുള്ള ലാഭം എന്നിവ 2022 സാമ്പത്തിക വര്‍ഷത്തെ ആദ്യ ഒമ്പതു മാസങ്ങളിൽ യഥാക്രമം 5,960 കോടി രൂപയും, 362.8 കോടി രൂപയുമായിരുന്നു. 2019 മുതല്‍ 2021 വരെയുള്ള മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനവും, നികുതിയ്ക്കുശേഷമുള്ള ലാഭവും യഥാക്രമം ഒമ്പത് ശതമാനവും, 18 ശതമാനവും വാര്‍ഷിക വളര്‍ച്ച (Compound annual growth rate) നേടി.

2022 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നു പാദങ്ങളില്‍ ശരാശരി എബിറ്റ്ഡ (Ebitda) മാര്‍ജിന്‍ ഏകദേശം 10 ശതമാനവും, നികുതിയ്ക്കുശേഷമുള്ള ലാഭ മാര്‍ജിന്‍ അഞ്ചു ശതമാനവുമായിരുന്നു. 2022 മാര്‍ച്ച് 31 ന് കമ്പനിയുടെ നിലവിലുള്ള കടം 2,975 കോടി രൂപയാണ്. 'ഡെറ്റ് റ്റു ഇക്വിറ്റി റേഷ്യോ' (debt to equity ratio) 1.1 ശതമാനമാണ്. ഐപിഒയിലൂടെ സമാഹരിക്കുന്ന തുകയില്‍ 300 കോടി രൂപ കടം തിരിച്ചടവിനാണ് കമ്പനി ഉപയോഗിക്കുന്നത്.

സുവാരി അഗ്രോ കെമിക്കല്‍സിന്റെ (ZAC) ഗോവയിലുള്ള ഫെര്‍ട്ടിലൈസര്‍ പ്ലാന്റ് വാങ്ങുന്നതിന് പാരാദീപ് ഫോസ്‌ഫേറ്റ്‌സ് സുവാരി അഗ്രോ കെമിക്കല്‍സുമായി ഒരു ബിസിനസ് കൈമാറ്റ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഇത് പിപിഎല്ലിന് പുതിയ ഉത്പന്നങ്ങള്‍, പ്രത്യേകിച്ച് യൂറിയ വിഭാഗത്തില്‍, വിപണിയിലെത്തിക്കാന്‍ സഹായിക്കും. രാജ്യത്തെ മറ്റൊരു പ്രധാന വളം ബ്രാന്‍ഡായ ജയ് കിസാനിലും കമ്പനി പ്രവേശനം നേടിക്കഴിഞ്ഞു.
പിപിഎല്‍ 2022 മേയ് ആകുമ്പോഴേക്കും ഉത്പാദനശേഷി 1.2 ദശലക്ഷം ടണ്ണില്‍ നിന്നും 1.8 ദശലക്ഷം ടണ്ണായി ഉയര്‍ത്താനുള്ള പരിശ്രമത്തിലാണ്. ഗോവയിലെ പ്ലാന്റ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുന്നതോടെ ഉത്പാദനശേഷി മൂന്ന് ദശലക്ഷം ടണ്ണാകും.

ഓഹരിയുടെ ഉയര്‍ന്ന വില 42 രൂപയാണ്. പിപിഎല്ലിന് വളം നിര്‍മാണ മേഖലയില്‍ മുന്നേറാന്‍ സാധിക്കും. സര്‍ക്കാര്‍ പിന്തുണ വളരെയധികം ലഭിക്കുന്ന മേഖലയാണിത്. സ്ഥാപിതമായ ഒരു ബ്രാന്‍ഡ് നെയിം, കൃത്യമായ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത എന്നിവയും കമ്പനിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഘടകങ്ങളാണ്.

ഐപിഒയുടെ ലക്ഷ്യം
പുതിയതായി ഇഷ്യു ചെയ്യുന്ന 1,004 കോടി രൂപയുടെ ഓഹരികളില്‍ നിന്നും, ഓഫര്‍ ഫോര്‍ സെയിലിലൂടെ (സര്‍ക്കാര്‍ കൈവശമുള്ള മുഴുവന്‍ ഓഹരികളും വിറ്റഴിക്കും) 498 കോടി രൂപയുമാണ് സമാഹരിക്കാനുദ്ദേശിക്കുന്നത്. ഈ തുക ഗോവയിലെ പ്ലാന്റ്, കടം തിരിച്ചടവ്, പൊതുവായ കോര്‍പറേറ്റ് ലക്ഷ്യങ്ങള്‍ എന്നിവയ്ക്കായി ഉപയോഗിക്കാനാണ് ലക്ഷ്യം വെയ്ക്കുന്നത്.

റിസ്‌ക്
പിപിഎല്‍, കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി നികുതി കിഴിച്ചതിനുശേഷം നഷ്ടം രേഖപ്പെടുത്തുന്ന ഗോവയിലെ പ്ലാന്റാണ് ഏറ്റെടുക്കുന്നത്. കാലങ്ങളായി വരുമാനത്തിന്റെ നല്ലൊരു പങ്കും ലഭിക്കുന്നത് മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ഒഡിഷ എന്നിങ്ങനെയുള്ള ചില സംസ്ഥാനങ്ങളില്‍ നിന്നുമാത്രമാണ്.