image

3 April 2023 5:15 PM GMT

Investments

സ്ത്രീകള്‍ക്ക് വേണ്ടി ഒരു ചെറിയ സമ്പാദ്യപദ്ധതി; പലിശ 7.5 ശതമാനം

Sabeena T K

small savings scheme for common women
X

Summary

  • ഏറ്റവും കുറഞ്ഞത് ആയിരം രൂപ ഉണ്ടെങ്കില്‍ ഈ നിക്ഷേപം ആരംഭിക്കാം
  • അക്കൗണ്ട് തുടങ്ങി ആറ് മാസത്തിന് ശേഷം മുന്‍കൂട്ടി ക്ലോസ് ചെയ്യാന്‍ സാധിക്കും.


സമ്പാദ്യശീലം പണക്കാര്‍ക്ക് മാത്രം പറഞ്ഞ കാര്യമല്ല. ഏതൊരു സാധാരണക്കാരനും തനിക്ക്കിട്ടുന്നതില്‍ നിന്ന് മക്കളുടെ വിദ്യാഭ്യാസത്തിനോ ഭാവിയിലേക്കുള്ള എന്തെങ്കിലും ആവശ്യത്തിനോ വേണ്ടി ചെറിയ തുകയെങ്കിലും സ്വരൂപിച്ചു വെക്കണം. അതാണ് നാളേക്കായി ഓരോരുത്തരും ചെയ്യേണ്ടത്. 500 രൂപ വേതനത്തിന് ജോലി ചെയ്യുന്ന ഒരാളാണ് നിങ്ങളെങ്കില്‍ പോലും അതില്‍ നിന്നും ചെറിയൊരു തുക മിച്ചം പിടിക്കാന്‍ പഠിക്കണം.

പൗരന്മാരില്‍ ഇത്തരം സമ്പാദ്യശീലങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരും പലവിധ സ്‌കീമുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണക്കാര്‍ക്ക് വേണ്ടിയാണ് പോസ്റ്റ്ഓഫീസ് സേവിങ്‌സും നാഷനല്‍ സേവിങ്‌സ് സർട്ടിഫിക്കറ്റും, സുകന്യ സമൃദ്ധിയോജനയുമൊക്കെ സര്‍ക്കാരിന്റെ പിന്തുണയില്‍ നടത്തുന്നത്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഉന്നമനത്തിനായി ഇത്തരത്തിലുള്ള ചില സ്‌കീമുകള്‍ ഉണ്ട്. അതിലൊന്നാണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്. 2023ലെ ബജറ്റില്‍ ഈ ചെറിയ സമ്പാദ്യപദ്ധതിക്ക് പ്രചോദനം നല്‍കാന്‍ തീരുമാനമുണ്ട്. ഈ പദ്ധതി എന്താണെന്നും എന്തൊക്കെ പ്രത്യേകതകളുണ്ടെന്നും പറയാം.

ആര്‍ക്ക് അക്കൗണ്ട് എടുക്കാം

ഏതൊരു സ്ത്രീക്കും അവരുടെ പേരില്‍ സേവിങ്‌സ് അക്കൗണ്ട് ആരംഭിക്കാം. പെണ്‍മക്കളുടെ പേരില്‍ അവരുടെ രക്ഷിതാക്കള്‍ക്കും ആരംഭിക്കാം. 2025 മാര്‍ച്ച് 31 വരെ ഇതിന് കാലാവധിയുണ്ട്. ഫോറം I പൂരിപ്പിച്ച് നല്‍കുകയാണ് വേണ്ടത്.

നിക്ഷേപ പരിധി എത്ര?

ഏറ്റവും കുറഞ്ഞത് ആയിരം രൂപ ഉണ്ടെങ്കില്‍ ഈ നിക്ഷേപം ആരംഭിക്കാം. നൂറ് രൂപയുടെ പല മടങ്ങുകള്‍ നിക്ഷേപിക്കാം. ഈ സ്‌കീമിന് കീഴില്‍ രണ്ട് ലക്ഷം രൂപാവരെ പരമാവധി നിക്ഷേപിക്കാം. അപ്പോള്‍തന്നെ ഈ സ്‌കീം ഏത് ജനവിഭാഗങ്ങളെയാണ് ലക്ഷ്യമിടുന്നത് വ്യക്തമാണ്. ദരിദ്ര ജനവിഭാഗങ്ങളിലെ സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടിയാണ് മഹിള സമ്മാന്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് സ്‌കീം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

പലിശ നിരക്കുകളും പിന്‍വലിക്കലും

ഈ പദ്ധതിയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് 7.5 ശതമാനം പലിശ ലഭിക്കുക.വാര്‍ഷിക പലിശ നിരക്കാണിത്. മൂന്ന് മാസം കൂടുമ്പോഴുള്ള കൂട്ടുപ്പലിശ അക്കൗണ്ടില്‍ ക്രെഡിറ്റാകും. മെച്യൂരിറ്റി കാലയളവിന് മുമ്പ് പണം ആവശ്യമായി വന്നാല്‍ പിന്‍വലിക്കാന്‍ സൗകര്യമുണ്ട്. എന്നാല്‍ നിക്ഷേപം തുടങ്ങി ഒരു വര്‍ഷം പിന്നിട്ടിരിക്കണം. ഇതിനായി നിക്ഷേപക ഫോറം -3 യില്‍ അപേക്ഷ പൂരിപ്പിച്ച് നല്‍കുകയാണ് വേണ്ടത്. നിക്ഷേപത്തിന്റെ 40% വരെ പിന്‍വലിക്കാന്‍ സാധിക്കും.

നിക്ഷേപം ആരംഭിച്ച് രണ്ട് വര്‍ഷം പിന്നിട്ടാല്‍ മെച്യുറാകും. ഫോറം 2 പൂരിപ്പിച്ച് നല്‍കിയാല്‍ നിക്ഷേപം പൂര്‍ണമായും പിന്‍വലിക്കാന്‍ കഴിയും. മെച്യൂരിറ്റി മൂല്യം കണക്കാക്കുമ്പോള്‍ അക്കൗണ്ടിലുള്ള ഓരോ നയാപൈസയും വരവുവെക്കും. അമ്പത് പൈസയോ അതില്‍ കൂടുതലോ ഉള്ള ഓരോ നാണയവും ഒരു രൂപയായി കണക്കാക്കി വരവ് വെക്കും. എന്നാല്‍ അമ്പത് പൈസക്ക് താഴെയുള്ള തുക അക്കൗണ്ടില്‍ ചേര്‍ക്കാതെ ഒഴിവാക്കും.

മുന്‍കൂട്ടി അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ സാധിക്കുമോ?

സേവിങ്‌സ് സ്‌കീമിന്റെ കാലാവധി തീരും മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ കുറച്ചു ബുദ്ധിമുട്ടാണ്. നിക്ഷേപകയ്ക്ക് മരണം സംഭവിച്ചാല്‍ അക്കൗണ്ട് മുന്‍കൂട്ടി ക്ലോസ് ചെയ്യാന്‍ സാധിക്കും. എന്നാല്‍ വളരെ ഗൗരവമുള്ള ജീവന് വെല്ലുവിളിയാകുന്ന ആരോഗ്യപ്രശ്‌നങ്ങളോ പെണ്‍കുട്ടികളുടെ പേരിലുള്ള അക്കൗണ്ടാണെങ്കില്‍ രക്ഷിതാക്കളുടെ മരണമോ അങ്ങിനെയുള്ള വിഷയങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ അക്കൗണ്ട് മുന്‍കൂട്ടി ക്ലോസ് ചെയ്യാന്‍ അനുവാദമുള്ളൂ.

മുന്‍കൂട്ടി അക്കൗണ്ട് ക്ലോസ് ചെയ്യുമ്പോള്‍ ആ ടേമിലുള്ള പലിശയായിരിക്കും പ്രിന്‍സിപ്പല്‍ തുകയ്ക്ക് നല്‍കുക. അക്കൗണ്ട് തുടങ്ങി ആറ് മാസത്തിന് ശേഷം മുന്‍കൂട്ടി ക്ലോസ് ചെയ്യാന്‍ സാധിക്കും. ഈ സാഹചര്യത്തില്‍ പ്ലാനില്‍ പറഞ്ഞിരിക്കുന്നതിനേക്കാള്‍ നിലവിലുള്ള നിരക്കില്‍ നിന്ന് രണ്ട് ശതമാനം കുറച്ചാണ് പലിശ നല്‍കുക.