image

24 Sept 2026 2:26 PM IST

Investments

സർക്കാർ ജീവനക്കാരുടെ ശമ്പളം സെപ്റ്റംബർ 25ന് അക്കൗണ്ടിലെത്തും

MyFin Desk

സർക്കാർ ജീവനക്കാരുടെ ശമ്പളം സെപ്റ്റംബർ 25ന് അക്കൗണ്ടിലെത്തും
X

Summary

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും സെപ്റ്റംബർ 25 ന് അക്കൗണ്ടിലെത്തും. സ്വകാര്യ മേഖലയിലോ?


ബാങ്ക് ജീവനക്കാരുടെ തുടർച്ചായായ സമരം മൂലം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും ഈ മാസം നേരത്തെ എത്തും. അതേസമയം സ്വകാര്യ മേഖലയിലുള്ളവർ സെപ്റ്റംബർ 25-ന് തന്നെ ശമ്പളം നൽകണമെന്ന് നിർദേശിക്കുന്ന ഉത്തരവ് നിലവിലില്ല. സെപ്റ്റംബർ 28 മുതൽ 30 വരെ നടക്കാനിരിക്കുന്ന മൂന്ന് ദിവസത്തെ ബാങ്ക് സമരത്തിന് മുന്നോടിയായാണ് 25 വെള്ളിയാഴ്ച ശമ്പളം നൽകാനുള്ള സർക്കാർ തീരുമാനം. നാലാം ശനിയാഴ്ച ബാങ്ക് അവധിയാണ്.

വിവിധ ഓഫീസുകളിലെ സർക്കാർ ജീവനക്കാർ പ്രതിരോധ മേഖലയിൽ ജോലി ചെയ്യുന്നവർ, തപാൽ, ടെലികോം തുടങ്ങിയവയുൾപ്പെടെയുള്ള മേഖലകളിലെ കേന്ദ്ര സർക്കാർ ജീവനക്കാർ എന്നിവർക്ക് ഈ ഉത്തരവ് ബാധകമാണ്. കേന്ദ്ര സർക്കാരിന് കീഴിലുള്ള പെൻഷൻകാർക്കും ഇത് ബാധകമാകും.

സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ കാര്യത്തിൽ, ശമ്പളം ലഭിക്കുന്ന തീയതി ഓരോ കമ്പനിയുടെ പേറോൾ ഷെഡ്യൂളിനെയും ബാങ്കുമായുള്ള ക്രമീകരണങ്ങളെയും ആശ്രയിച്ചിരിക്കും. ഓൺലൈൻ സംവിധാനം വഴി ശമ്പളം വിതരണം ചെയ്യുന്നതിനാൽ, സമരം മാസാവസാനം ശമ്പളം ലഭിക്കുന്ന സ്വകാര്യ കമ്പനി ജീവനക്കാരെയും ബാധിക്കില്ല. മൂന്ന് ദിവസത്തെ ബാങ്ക് സമരം ഇടപാടുകളെ ബാധിക്കും എന്നതിനാൽ സെപ്റ്റംബർ 27 ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കും.

ബാങ്ക് സമരം സെപ്റ്റംബർ 28 മുതൽ 30 വരെ

യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസാണ് 2026 സെപ്റ്റംബർ 28 മുതൽ 30 വരെ മൂന്ന് ദിവസത്തെ രാജ്യവ്യാപക സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബാങ്കിംഗ് മേഖലയിലെ 70 ശതമാനം ജീവനക്കാരെയും പ്രതിനിധീകരിക്കുന്നുവെന്നാണ് സംഘടനയുടെ അവകാശ വാദം. പ്രവൃത്തി ദിനം ആഴ്ചയിൽ അഞ്ച് ദിവസമാക്കണമെന്നതാണ് പ്രധാന അവകാശ വാദം.

സമരത്തിൽ നിന്ന് പിന്മാറണമെന്ന് സർക്കാർ ബാങ്ക് ജീവനക്കാരോടും യൂണിയനുകളോടും അഭ്യർത്ഥിച്ചിരുന്നു. എങ്കിലും ആവശ്യങ്ങൾ അംഗീകരിക്കാത്തതിനാൽ സമരവുമായി മുന്നോട്ട് പോകാൻ ബാങ്ക് യൂണിയനുകൾ തീരുമാനിക്കുകയായിരുന്നു. സെപ്റ്റംബർ 11-നും ബാങ്ക് യൂണിയനുകൾ സമരം നടത്തിയിരുന്നു. അഞ്ച് ദിവസത്തെ പ്രവൃത്തി ദിനം ആവശ്യപ്പെട്ട് ഒക്ടോബർ 26 മുതൽ അനിശ്ചിതകാല സമരം നടത്താനും ബാങ്ക് യൂണിയനുകൾ ലക്ഷ്യമിടുന്നുണ്ട്.