image

7 Nov 2022 10:56 AM GMT

IPO

നാല് ഐപിഒകള്‍ വരുന്നു; ഈയാഴ്ച നിക്ഷേപം ഏതിലാവണം

MyFin Desk

നാല് ഐപിഒകള്‍ വരുന്നു; ഈയാഴ്ച നിക്ഷേപം ഏതിലാവണം
X

Summary

ആര്‍ച്ചിയന്‍ കെമിക്കല്‍, ഫൈവ് സ്റ്റാര്‍ ബിസിനസ് എന്നിവയുടെ ഐപിഒകള്‍ നവംബര്‍ ഒമ്പതിന് ആരംഭിച്ച് നവംബര്‍ 11 ന് അവസാനിക്കും, കെയ്ന്‍സ് ടെക്നോളജി, ഐനോക്സ് ഗ്രീന്‍ എന്നിവയുടേത് യഥാക്രമം നവംബര്‍ 10, 11 തീയതികളിലും ആരംഭിക്കും.



ഡെല്‍ഹി: ആര്‍ച്ചിയന്‍ കെമിക്കല്‍ ഇന്‍ഡസ്ട്രീസ്, ഫൈവ് സ്റ്റാര്‍ ബിസിനസ് ഫിനാന്‍സ്, കെയിന്‍സ് ടെക്‌നോളജി ഇന്ത്യ, ഐനോക്‌സ് ഗ്രീന്‍ എനര്‍ജി സര്‍വീസസ് എന്നീ നാല് കമ്പനികളാണ് ഈയാഴ്ച പ്രാഥമിക ഓഹരി വില്പനയിലൂടെ 5,000 കോടി സമാഹരിക്കാനൊരുങ്ങുന്നത്.


കഴിഞ്ഞയാഴ്ച്ചയും നാല് കമ്പനികളുടെ ഐപിഒ ഉണ്ടായിരുന്നു. അതില്‍ ബിക്കാജി ഫുഡസ്, ഗ്ലോബല്‍ ഹെല്‍ത്ത് എന്നിവയുടെ ഐപിഒ നടന്നുകൊണ്ടിരിക്കുകയാണ്.


ആര്‍ച്ചിയന്‍ കെമിക്കല്‍, ഫൈവ് സ്റ്റാര്‍ ബിസിനസ് എന്നിവയുടെ ഐപിഒകള്‍ നവംബര്‍ ഒമ്പതിന് ആരംഭിച്ച് നവംബര്‍ 11 ന് അവസാനിക്കും, കെയ്ന്‍സ് ടെക്നോളജി, ഐനോക്സ് ഗ്രീന്‍ എന്നിവയുടേത് യഥാക്രമം നവംബര്‍ 10, 11 തീയതികളിലും ആരംഭിക്കും.


2022ല്‍ ഇതുവരെ 26 കെമ്പനികള്‍ ഐപിഒകളില്‍ നിന്നായി 48,000 കോടി രൂപ സമാഹരിച്ചു. 2021 ല്‍ 63 ഐപിഒകളില്‍ നിന്നായി 1.19 ലക്ഷം കോടി രൂപ സമാഹരിച്ചതായി ഓഹരി വിപണിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നു. വിദഗ്ധരുടെ അഭിപ്രായത്തില്‍, ദ്വിതീയവിപണി (secondary market) യിലെ ചാഞ്ചാട്ടങ്ങളാണ് 2022 ല്‍ ദുര്‍ബലമായ ഐപിഒ വിപണിയിലേക്ക് നയിച്ചത്.


മറൈന്‍ രാസവസ്തു നിര്‍മ്മാതാക്കളായ ആര്‍ച്ചിയന്‍ കെമിക്കല്‍ പുതിയ ഓഹരി ഇഷ്യുവിലൂടെ 805 കോടി രൂപയും, കമ്പനിയുടെ പ്രമോട്ടര്‍മാരായ ഇന്ത്യ റിസര്‍ജന്‍സ് ഫണ്ട്, പിരമള്‍ ഗ്രൂപ്പും, ബെയിന്‍ കാപിറ്റലും ചേര്‍ന്നുള്ള സംയുക്ത സംരംഭം എന്നിവയുടെ 1.61 കോടി വരെയുള്ള ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലിലൂടെയും ഫണ്ട് സമാഹരിക്കാനാണുദ്ദേശിക്കുന്നത്. ഒരു ഓഹരിയുടെ വില 386-407 രൂപ പ്രൈസ് ബാന്‍ഡിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഐപിഒയിലൂടെ 1,462.3 കോടി രൂപയുടെ സമാഹരണമാണ് കമ്പനി ലക്ഷ്യമിടുന്നത്.


ബാങ്കേതര വായ്പ ദാതാവായ ഫൈവ് സ്റ്റാര്‍ ബിസിനസ് ഫിനാന്‍സ് നിലവിലുള്ള ഓഹരിയുടമകള്‍, പ്രമോട്ടര്‍ ഗ്രൂപ് സ്ഥാപനങ്ങള്‍ എന്നിവയുടെ ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലിലൂടെ 1,960 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഓഫര്‍ ഫോര്‍ സെയിലിലൂടെ എസ് സിഐ ഇന്‍വെസ്റ്റ്‌മെന്റ് V 166.74 കോടി രൂപ, മാട്രിക്‌സ് പാര്‍ട്‌ണേഴ്‌സ് ഇന്ത്യ ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ്‌സ് II 719.41 കോടി രൂപ, മാട്രിക്‌സ് പാര്‍ട്‌ണേഴ്‌സ് ഇന്ത്യ ഇന്‍വെസ്റ്റ്‌മെന്റ II എക്സ്റ്റന്‍ഷന്‍ 12.08 കോടി രൂപ, നോര്‍വെസ്റ്റ് വെഞ്ച്വര്‍ X- മൗറീഷ്യസ് 361.44 കോടി രൂപ, ടിപിജി ഏഷ്യ VII 700.31 കോടി രൂപ എന്നിങ്ങനെയാണ് ഓഹരികള്‍ വിറ്റഴിക്കല്‍. ചെന്നൈ ആസ്ഥാനമായുള്ള കമ്പനിയുടെ ഐപിഒ പ്രൈസ് ബാന്‍ഡ് 450-471 രൂപയാണ്.


ഐഒടി (Internet of things) അധിഷ്ടിത ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയായ കെയിന്‍സ് ടെക്‌നോളജി പുതിയ ഓഹരി ഇഷ്യുവിലൂടെ 530 കോടി രൂപയും, പ്രമോട്ടറായ രമേശ് കുഞ്ഞിക്കണ്ണന്റെ കൈവശമുള്ള 20.4 ലക്ഷം ഓഹരികള്‍, നിലവിലെ ഓഹരിയുടമ ഫ്രേണി ഫിറോസ് ഇറാനിയുടെ കൈവശമുള്ള 35 ലക്ഷം ഓഹരികള്‍ എന്നിവയുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ലക്ഷ്യം വെയ്ക്കുന്നത്. കമ്പനി 850 കോടി രൂപ ഐപിഒയിലൂടെ സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ഐനോക്‌സ് ഗ്രീന്‍ ഐപിഒയിലൂടെ 740 കോടി രൂപ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. പുതിയ ഓഹരി ഇഷ്യൂവിലൂടെയും, ഓഫര്‍ ഫോര്‍ സെയിലിലൂടെയും 370 കോടി രൂപ വീതം സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. നവംബര്‍ 11 ന് ആരംഭിക്കുന്ന ഐപിഒ നവംബര്‍ 15 ന് അവസാനിക്കും.