image

19 Dec 2022 11:44 AM GMT

Stock Market Updates

ഐപിഒ യ്ക്ക് 2022 മോശം വര്‍ഷം:, ധനസമാഹരണം പകുതിയായി കുറഞ്ഞു, 2023 എങ്ങനെയാകും?

MyFin Desk

ഐപിഒ യ്ക്ക് 2022 മോശം വര്‍ഷം:, ധനസമാഹരണം പകുതിയായി കുറഞ്ഞു, 2023  എങ്ങനെയാകും?
X

Summary

ഈ വര്‍ഷം ഇതുവരെ ഏകദേശം 57,000 കോടി രൂപയോളം മാത്രമേ കമ്പനികള്‍ ഐപിഒ വഴി വിപണിയില്‍ സമാഹരിച്ചിട്ടുള്ളു. ഇതില്‍ 35 ശതമാനം തുകയും എല്‍ഐസിയുടെ ഐപി ഒ ആണ് നേടിയത്. എല്‍ഐസി 20,557 കോടി രൂപയാണ് ഐപിഒയിലുടെ സമാഹരിച്ചത്.




ആഗോള പ്രതിസന്ധികള്‍ രൂക്ഷമായ ഒരു വര്‍ഷമാണ് കടന്നു പോകുന്നത്. വിവിധ രാജ്യങ്ങളിലെ സാമ്പത്തിക ഞെരുക്കവും പണപ്പെരുപ്പവും വിപണികളില്‍ വലിയ ചാഞ്ചാട്ടങ്ങള്‍ക്ക് വഴിയൊരുക്കി. ആഭ്യന്തര വിപണിയിലും വലിയ തോതിലുള്ള അസ്ഥിരതയുണ്ടായി. എങ്കിലും, നിഫ്റ്റിയും സെന്‍സെക്സും അതിന്റെ റെക്കോര്‍ഡ് വര്‍ധന രേഖപ്പെടുത്തി. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നടത്തിയ തുടര്‍ച്ചയായ നിരക്ക് വര്‍ധന ആശങ്കയായി അവശേഷിക്കുന്നുവെങ്കിലും ഈ പ്രതിസന്ധിയേയും വിപണി ഇതു വരെ തരണം ചെയ്തു എന്ന് പറയേണ്ടി വരും. വരും വര്‍ഷത്തിലും നിരക്ക് വര്‍ധനയുടെ മുന്നറിയിപ്പ് തന്നെയാണ് പല കേന്ദ്ര ബാങ്കുകളും നല്‍കുന്നത്.

ഈ പ്രതിസന്ധികള്‍ക്കിടയിലും ഒാഹരി വിപണിയില്‍ പല കമ്പനികളും ലിസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ വര്‍ഷം ഐപിഒ വഴി സമാഹരിച്ച തുക മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പകുതിയായി കുറഞ്ഞുവെന്നാണ് കണക്കുകൾ പറയുന്നത്. ഈ വര്‍ഷം ഇതുവരെ ഏകദേശം 57,000 കോടി രൂപയോളം മാത്രമേ കമ്പനികള്‍ ഐപിഒ വഴി വിപണിയില്‍ നിന്ന് സമാഹരിച്ചിട്ടുള്ളു. ഇതില്‍ 35 ശതമാനം തുകയും എല്‍ഐസിയുടെ ഐപി ഒ ആണ് നേടിയത്. എല്‍ഐസി 20,557 കോടി രൂപയാണ് ഐപിഒയിലുടെ സമാഹരിച്ചത്. ഡിസംബര്‍ 16 വരെ ആകെ 36 കമ്പനികളാണ് ഈ വര്‍ഷം ഐപിഒയ്ക്കായെത്തിയത്. ഈ 36 കമ്പനികളെല്ലാം ചേര്‍ന്ന് മൊത്തം 56,940 കോടി രൂപയാണ് സമാഹരിച്ചത്.

വരും ദിവസങ്ങളില്‍ കെഫിന്‍ ടെക്നോളജീസ്, എലീന ഇലക്ട്രോണിക്‌സ് എന്നി കമ്പൾ ഐപിഒ വഴി 1,975 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 63 കമ്പനികള്‍ ഐപിഒ വഴി 1.2 ലക്ഷം കോടി രൂപയാണ് സമാഹരിച്ചത്. കഴിഞ്ഞ രണ്ടു ദശകത്തിലെ മികച്ച ഐപിഒ വര്‍ഷമായിരുന്നു ഇത്. റീട്ടെയ്ല്‍ നിക്ഷേപകരുടെ പങ്കാളിത്തം വര്‍ധിച്ചതും, പണലഭ്യത ഉയര്‍ന്നതും ഇതിനു കാരണമായി. ഇതിനു മുന്‍പ് 2020 ല്‍ 15 കമ്പനികളുടെ ഐപിഒ യിലുടെ 26,611 കോടി രൂപ സമാഹരിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷവും ഭൂരിഭാഗം ഐപിഒ കളും ഓഫര്‍ ഫോര്‍ സെയിലിലൂടെയാണ് തുക സമാഹരച്ചത്. കമ്പനിയുടെ നിലവിലുള്ള പ്രൊമോട്ടര്‍മാര്‍ ഉയര്‍ന്ന മൂല്യനിര്‍ണയം മൂലം ഓഹരികള്‍ വിറ്റഴിക്കാന്‍ തയാറായി. എല്‍ഐസിയ്ക്ക് ശേഷം ഏറ്റവും വലിയ തുക സമാഹരിച്ചത് ഡല്‍ഹിവെറി, അദാനി വില്‍മര്‍, ഗ്ലോബല്‍ ഹെല്‍ത്ത് എന്നി കമ്പനികളാണ്. ഡല്‍ഹിവെറി 5,235 കോടി രൂപയും, അദാനി വില്‍മര്‍ 3,600 കോടി രൂപയും ഗ്ലോബല്‍ ഹെല്‍ത്ത് 2,205 കോടി രൂപയുമാണ് സമാഹരിച്ചത്. എല്‍ഐസിയെയും, ഡെല്‍ഹിവറിയെയും മാറ്റി നിര്‍ത്തിയാല്‍ ഈ വര്‍ഷം വലിയ കമ്പനികളൊന്നും തന്നെ ലിസ്റ്റ് ചെയ്തിട്ടില്ല എന്നതാണ് വസ്തുത. യുദ്ധമടക്കമുള്ള പല സംഘര്‍ഷങ്ങളും സെക്കണ്ടറി-പ്രൈമറി വിപണികളുടെ പ്രകടനത്തെ ദുര്‍ബലമാക്കിയത് വലിയ കമ്പനികള്‍ ഐപിഒ യ്ക്കായി മുന്നോട് വരുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു.

വിദേശ നിക്ഷേപകരുടെ കുറഞ്ഞ പങ്കാളിത്തം പല കമ്പനികളുടെയും ലിസ്റ്റിംഗ് ദിവസത്തെയും തുടര്‍ന്നുള്ള പ്രകടനത്തെയും മോശമായി ബാധിച്ചുവെന്ന് സെന്‍ട്രം ക്യാപിറ്റലിലെ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങ് എം ഡി രാജേന്ദ്ര നായിക് വ്യക്തമാക്കുന്നു. എന്നാല്‍ 500 മുതല്‍ 1,500 കോടി രൂപ വരെ സമാഹരികുനതിനു എത്തിയ മിഡ് ക്യാപ് കമ്പനികളുടെ ഐപിഒ യ്ക്ക് നല്ല മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞു. ചില ഐപിഒ കള്‍ നിരവധി തവണ അധികമായി വാങ്ങുന്ന അവസ്ഥയാണുണ്ടായത്.

പേടിഎം പോലുള്ള ടെക്നോളജി ഓഹരികള്‍ നേരിട്ട വന്‍ ഇടിവിനെ തുടര്‍ന്ന് ഈ മേഖലയില്‍ നിന്ന് രണ്ട് കമ്പനികള്‍ മാത്രമേ ഇത്തവണ ഐപി ഒ യ്ക്കായെത്തിയുള്ളു. ഡല്‍ഹിവെറി, ട്രാക്‌സ്ന്‍ ടെക്നോളജീസ് എന്ന കമ്പനികളാണ് ഈ വിഭാഗത്തില്‍ ഐപിഓയ്കയെത്തിയത്. ഈ വര്‍ഷം ചെറുകിട ഇടത്തരം കമ്പനികള്‍ ഐപിഒ വഴി 1,807 കോടി രൂപയാണ് സമാഹരിച്ചിട്ടുള്ളത്. സെബിയുടെ അനുമതി ലഭിച്ച 88,140 കോടി രൂപയോളം സമാഹരിക്കുന്ന 59 ഐപിഒകളും, അനുമതി ലഭിക്കാനുള്ള ഏകദേശം 51,215 കോടി രൂപയോളം സമാഹരിക്കുന്ന 30 ഐപിഒകളും ഉള്ളതിനാല്‍ ഐപിഒ പൈപ്പ്ലൈന്‍ ശക്തമായി തുടരുന്നുവെന്ന് പ്രൈം ഡാറ്റാബേസ് എംഡി പ്രണവ് ഹാല്‍ഡിയ അഭിപ്രായപ്പെട്ടു.