image

25 May 2023 10:47 AM GMT

IPO

2024-ല്‍ ഐപിഒ ലക്ഷ്യമിട്ട് ഒല ഇലക്ട്രിക്; ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകളുമായി ചര്‍ച്ച പുരോഗമിക്കുന്നു

MyFin Desk

ola electric ipo
X

Summary

  • ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ സബ്‌സിഡി നിര്‍ത്തലാക്കുന്നതിനു മുമ്പ് ഐപിഒ നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്
  • വില്‍പ്പനയിലെ കുതിപ്പ് ഒല ഇലക്ട്രിക്കിന്റെ ഐപിഒക്ക് അനുകൂലമായ സാഹചര്യമാണ് ഒരുക്കുന്നത്.
  • സോഫ്റ്റ് ബാങ്ക്, ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റ് എന്നിവയുടെ പിന്തുണയുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളാണ് ഒല ഇലക്ട്രിക്.


ഇന്ത്യയിലെ ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) കമ്പനിയായ ഒല ഇലക്ട്രിക്, 2024-ന്റെ ആരംഭത്തില്‍ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) നടത്താന്‍ പദ്ധതിയിടുന്നു. ഇതിന്റെ ഭാഗമായി ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകളായ കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍, ഗോള്‍ഡ്മാന്‍ സാക്‌സ് എന്നിവയുമായി ചര്‍ച്ചകള്‍ നടത്തുകയാണ്.

2022-2023 സാമ്പത്തിക വര്‍ഷത്തില്‍ (FY23) ഒല ഇലക്ട്രിക് 730,000 യൂണിറ്റുകളാണ് വിറ്റഴിച്ചത്. അതിലൂടെ വില്‍പ്പനയില്‍ മൂന്നിരട്ടി വര്‍ദ്ധന രേഖപ്പെടുത്തി. വില്‍പ്പനയിലെ ഈ ശ്രദ്ധേയമായ കുതിപ്പ് ഒല ഇലക്ട്രിക്കിന്റെ ഐപിഒക്ക് അനുകൂലമായ സാഹചര്യമാണ് ഒരുക്കുന്നത്.

സോഫ്റ്റ് ബാങ്ക്, ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റ് എന്നിവയുടെ പിന്തുണയുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളാണ് ഒല ഇലക്ട്രിക്. 2022-ല്‍ നടത്തിയ ധനസമാഹരണത്തിനു ശേഷം ഒല ഇലക്ട്രിക്കിന്റെ മൂല്യമം അഞ്ച് ബില്യന്‍ ഡോളറായിരുന്നു. 2022-ല്‍ 200 ദശലക്ഷം ഡോളറായിരുന്നു ധനസമാഹരണത്തിലൂടെ കമ്പനി നേടിയത്. ഈ ആഴ്ചയുടെ ആദ്യം കമ്പനി 300 ദശലക്ഷം ഡോളര്‍ സമാഹരിച്ചതായി റിപ്പോര്‍ട്ടുണ്ട്.അതോടെ കമ്പനിയുടെ മൂല്യം ആറ് ബില്യന്‍ ഡോളറിലെത്തുകയും ചെയ്തിരിക്കുകയാണ്.

ഭവീഷ് അഗര്‍വാളാണ് ഒല ഇലക്ട്രിക് സ്ഥാപിച്ചത്. അദ്ദേഹം തന്നെയാണ് ഓണ്‍ലൈന്‍ ഗതാഗത നെറ്റ് വര്‍ക്കായ ഒല ആപ്പും അവതരിപ്പിച്ചത്. ഈ വര്‍ഷം ഏപ്രിലില്‍ ഏകദേശം 30,000 സ്‌കൂട്ടറുകളാണ് ഒല വിറ്റഴിച്ചത്. ഇത് കമ്പനിയുടെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണ്.

ഐപിഒയില്‍ എത്ര തുക സമാഹരിക്കുമെന്ന് ഒല ഇലക്ട്രിക് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ കമ്പനിയുടെ മൂല്യം അഞ്ച് ബില്യന്‍ ഡോളറിനു മുകളില്‍ എത്തിക്കാന്‍ ശ്രമിക്കുമെന്നത് ഉറപ്പാണെന്ന് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ സബ്‌സിഡി നിര്‍ത്തലാക്കുന്നതിനു മുമ്പ് ഐപിഒ നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

500,000 ചതുരശ്ര അടിയില്‍ ബാറ്ററി ഇന്നൊവേഷന്‍ സെന്റര്‍ എന്ന പേരില്‍ ബെംഗളുരുവില്‍ ഒരു പുതിയ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് (ആര്‍ ആന്‍ഡ് ഡി) സൗകര്യം ഒല സ്ഥാപിക്കുന്നുണ്ട്.

ഇതിനുപുറമെ, ഒരു പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഇതുവരെ, ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ സെഗ്മെന്റില്‍ മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്.

ഈ വര്‍ഷം മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ഒലയുടെ വിപണി വിഹിതം 30 ശതമാനമാണ് ഉയര്‍ന്നത്.