image

13 Dec 2022 10:11 AM GMT

Social Security

പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് തിരിച്ച്പോക്ക് പരിഗണനയിലില്ലെന്ന് കേന്ദ്രസർക്കാർ

MyFin Desk

Pension Old and New Scheme
X


ഡെല്‍ഹി: പഴയ പെന്‍ഷന്‍ പദ്ധതി (ഒപിഎസ്) പുനഃസ്ഥാപിക്കാനുള്ള നിര്‍ദ്ദേശങ്ങളൊന്നും കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കരാട്. പല സംസ്ഥാനങ്ങളും പഴയ പെൻഷൻ പദ്ധതിയിലേക്ക് തിരിച്ചു പോയിരുന്നു. ഈ സാഹചര്യത്തിലാണ് പെൻഷൻ സ്കീം സംബന്ധിച്ച് കൂടുതൽ വ്യക്തത നൽകി മന്ത്രിയുടെ മറുപടി. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളായ രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളാണ് പഴയ പെൻഷൻ സംവിധാനത്തിലേക്ക് തിരിച്ച് പോയത്. ഇത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു.

രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെയും, പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി അതോറിറ്റി (പിഎഎഫ്ആര്‍ഡിഎ) യെയും പഴയ പെന്‍ഷന്‍ പദ്ധതി പുനരാരംഭിക്കാനുള്ള തീരുമാനം അറിയിച്ചിട്ടുണ്ട്. പഞ്ചാബ് സര്‍ക്കാരും നവംബര്‍ 18 ന് പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പാര്‍ലമെന്റിലെ എഴുതിനൽകിയ മറുപടിയില്‍ വ്യക്തമാക്കി.


ചില സംസ്ഥാനങ്ങള്‍ പഴയ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നതിലെ ആശങ്ക ദിവസങ്ങള്‍ക്കു മുമ്പ് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ സുമന്‍ ബെറിയും പങ്കുവെച്ചിരുന്നു. ഇത് ഭാവിയില്‍ നികുതിദായകര്‍ക്ക് ഭാരമായി തീരുമെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. രാജ്യത്തെ പത്ത് ട്രേഡ് യൂണിയനുകള്‍ പഴയ പെന്‍ഷന്‍ പദ്ധതി പുനസ്ഥാപിക്കണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമനുമായി ബജറ്റിനു മുമ്പുള്ള കൂടിക്കാഴ്ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു.

പഴയ പെന്‍ഷന്‍ പദ്ധതി പ്രകാരം തൊഴിലാളികള്‍ക്ക് ജോലിയില്‍ നിന്നും പിരിഞ്ഞു പോകുമ്പോള്‍ ലഭിച്ചിരുന്ന ശമ്പളത്തിന്റെ 50 ശതമാനം പെന്‍ഷനായി ലഭിക്കുമായിരുന്നു. അത് പൂര്‍ണമായും നല്‍കിയിരുന്നത് സര്‍ക്കാരാണ്. എന്നാല്‍, എന്‍ഡിഎ സര്‍ക്കാര്‍ 2004 ഏപ്രില്‍ ഒന്നു മുതല്‍ നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തിന് (എന്‍പിഎസ്) കീഴില്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കി. ഇത് പ്രകാരം ജീവനക്കാര്‍ അവരുടെ ശമ്പളത്തിന്റെ 10 ശതമാനവും, സര്‍ക്കാര്‍ 14 ശതമാനവും എൻപിഎസ് നിധിയിലേക്ക് സംഭാവനയായി നൽകണം. ഇതിൽ നിന്നാകും പിന്നീട് പെൻഷൻ നൽകുക. ഇത് താരതമ്യേന കുറഞ്ഞ തുകയുമായിരിക്കും.